കാലടി: ശബരി റെയിൽവേ പാലത്തിന് സമീപം നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി നാല് അന്തർസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. ഉത്തർപ്രദേശ് ബത്തോളിയിൽ ദിലീപ് കുമാർ (34), പ്രയാഗ് രാജിൽ ഹമിത്ത്കുമാർ (22), മിർസാപുർ ഭാഖ സ്വദേശികളായ കാശിഷ് സരോജ് (23), ആശിഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പാലത്തിന് സമീപം ഒഴിഞ്ഞ പറമ്പിൽനിന്ന് ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ മുന്നൂറ്റി അമ്പതോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഇവിടെനിന്നാണ് ദിലീപ് കുമാറിനെയും ഹമിത് കുമാറിനെയും അറസ്റ്റ് ചെയ്തത്. മരോട്ടിച്ചുവട് ജങ്ഷന് സമീപം ചാക്കിൽ കെട്ടി സൂക്ഷിച്ചനിലയിൽ മൂന്നൂറോളം പാക്കറ്റ് ഹാൻസും പിടികൂടി.
ചില്ലറ വിൽപനക്കായി കൊണ്ടുവന്ന് സൂക്ഷിച്ച പുകയില ഉൽപന്നങ്ങളാണ് പ്രത്യേക പരിശോധനയിൽ കണ്ടെത്തിയത്. ഉൽപന്നങ്ങൾ വിറ്റുകിട്ടിയ 2750 രൂപയും ഇവരിൽനിന്ന് കണ്ടെടുത്തു. എസ്.ഐമാരായ എം. ഹാരിഷ്, റോജോമോൻ, എ.എസ്.ഐ ഷൈജു, സി.പി.ഒ സുമേഷ് തുടങ്ങിയവരാണ് പരിശോധനകൾക്ക് നേതൃത്വം കൊടുത്തത്. കഴിഞ്ഞ ദിവസം ബംഗാൾ സ്വദേശിയെ ഈ ഭാഗത്തുനിന്ന് ഒന്നരക്കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.