പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരെയാണ് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പാലക്കാട് എ.ആർ ക്യാമ്പിൽ ചോദ്യം ചെയ്തുവരുകയാണ്.
സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവർ എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈനെ എരട്ടക്കുളത്ത് വെച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്. റിമാൻഡിലായിരുന്ന ഇവർ ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തിന് ഉപയോഗിച്ച അൾട്ടോ കാർ വാടകക്ക് എടുത്ത രമേശ് ഒളിവിലാണ്. പ്രതികൾ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാറ എന്ന സ്ഥലത്തുനിന്നാണ് കൊല നടത്താനായി കാറിൽ പുറപ്പെട്ടതെന്നാണ് വിവരം.
ഉച്ചക്ക് ഒന്നേമുക്കാലിനാണ് കൊല നടന്നത്. തുടർന്ന് വന്നവഴിക്ക് തന്നെ മടങ്ങിയ പ്രതികളിൽ നാലുപേരെ വഴിയിൽ ഇറക്കിയശേഷം രമേശ് കാർ കഞ്ചിക്കോടിനുസമീപം വ്യവസായ കേന്ദ്രത്തിൽ ഉപേക്ഷിച്ചെന്നാണ് സൂചന. സുബൈറിന്‍റെ ശരീരത്തിൽ 50ലധികം വെട്ടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്ന് രക്തം വാർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക റിപ്പോർട്ട്.
മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാൽ നാലു മണിക്കൂറോളമെടുത്താണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്. പോസ്റ്റ്മോർട്ടം ചെയ്ത ഉദ്യോഗസ്ഥൻ ഞായറാഴ്ച പൊലീസിന് വിവരങ്ങൾ മൊഴിയായി നൽകും. വിശദ റിപ്പോർട്ട് ദിവസങ്ങൾക്കകം സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.