മൂവാറ്റുപുഴ: ബൈക്ക് മോഷണ കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ പൊലീസിന്‍റെ പിടിയിൽ. റൂറൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ബൈക്കുകൾ മോഷ്ടിച്ച നാല് വിദ്യാർഥികളെയാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ പായിപ്ര ഇ.ബി ജങ്ഷൻ, ആട്ടായം ഉറവക്കുഴി എന്നിവിടങ്ങളിൽനിന്ന് പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴ സംഗമംപടിക്ക് സമീപത്തുനിന്ന് ഹീറോ ഹോണ്ട പാഷൻ പ്ലസ്, പോത്താനിക്കാട് മാവുടി ഭാഗത്തുനിന്ന് ബജാജ് പൾസർ, കോതമംഗലം ഭൂതത്താൻകെട്ട് ഭാഗത്തുനിന്ന് ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ, മൂവാറ്റുപുഴ വെള്ളൂർക്കുന്നം എൻ.എസ്.എസ് സ്കൂളിന് സമീപത്തുനിന്ന് ഹീറോ ഹോണ്ട പാഷൻ പ്ലസ്, ആട്ടായം ഭാഗത്തുനിന്ന് അവൻജർ എന്നീ ബൈക്കുകളാണ് ഇവർ ഒരുമാസത്തിനുള്ളിൽ മോഷണം നടത്തിയത്.
നഗരത്തിലെ പ്രമുഖ സ്കൂളിൽ ഒരുമിച്ചു പഠിച്ചിരുന്ന ഇവർ എല്ലാവരും ആഡംബര ജീവിതം നയിക്കുന്നവരാണ്. ബൈക്കിൽ രാത്രി കറങ്ങി ആളില്ലാത്ത സ്ഥലങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്ത് വെച്ച ബൈക്കുകൾ വളരെ വിദഗ്ധമായി പൂട്ട് പൊളിച്ച് എടുത്തുകൊണ്ടുവന്ന് നമ്പർ പ്ലേറ്റ് ഊരി മാറ്റിയാണ് ഇവർ ഉപയോഗിക്കുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന വണ്ടികൾ ഇവർ ഉപയോഗിക്കുന്നതിന് പല സ്ഥലങ്ങളിൽ ഒളിപ്പിച്ചു വെക്കുകയാണ് ചെയ്യുന്നത്. ഇവർ വേറെയും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.
അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ് റിയാസ് പൊലീസ് ഇൻസ്‌പെക്ടർ എം.കെ. സജീവ്, എസ്.ഐമാരായ വി.കെ. ശശികുമാർ, മിൽകാസ് വർഗീസ്, സി.കെ. ബഷീർ, സീനിയർ സി.പി.ഒമാരായ ജിജു കുര്യാക്കോസ്, സുരേഷ് ചന്ദ്രൻ, ബിബിൽ മോഹൻ, മുഹ്യിദ്ദീൻ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.