കുറ്റ്യാടി: പാർട്ടി ഭാരവാഹികളുടെ വ്യാജ ഫേസ്ബുക്ക് ഐഡിയും ഫോട്ടോയും ഉപയോഗിച്ച് പണം തട്ടുന്ന സംഘം വീണ്ടും രംഗത്ത്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഫേസ്ബുക്ക് ഐഡി സൃഷ്ടിച്ചാണ് പണം ചോദിക്കുന്നത്. കുറ്റ്യാടി, നാദാപുരം മേഖലകളിലെ ചില മുസ്ലിം ലീഗ് ഭാരവാഹികളുടെ വിലാസം സൃഷ്ടിച്ച് ഫോട്ടോ വെച്ച് പണം വായ്പയായി ആവശ്യപ്പെട്ട സംഭവത്തിന്റെ തുടർച്ചയാണിത്. കുറ്റ്യാടിയിലെ ശിശുരോഗ വിദഗ്ധനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ.ഡി. സച്ചിത്തിന്റെ പ്രൊഫൈൽ ഉപയോഗിച്ചാണ് പണം ചോദിക്കുന്നത്.
'എനിക്ക് ഒരു സഹായം ചെയ്യണം. താങ്കൾക്ക് ഗൂഗ്ൾ പേയുണ്ടെങ്കിൽ ഇതോടൊപ്പം ചേർത്ത നമ്പറിൽ എന്റെ സുഹൃത്തിന് 10,000 രൂപ അയക്കണം. നാളെ രാവിലെ തരും' എന്നാണ് സന്ദേശം. ഡോക്ടറുടെ അഭ്യർഥന കണ്ട് പലരും പണം അയക്കാൻ ശ്രമിച്ചതായാണ് അറിഞ്ഞത്. ഗൾഫിലുള്ള ഡോക്റുടെ ഒരു സുഹൃത്ത് ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കുകയും ഉടനെ ഡോക്ടറെ അറിയിക്കുകയുമായിരുന്നു. ഇതോടെ വ്യാജ ഐഡിയും ഫോട്ടോയും വെച്ച് പണം ചോദിക്കുന്നുണ്ടെന്നും വഞ്ചിതരാവരുതെന്നും ഡോക്ടർ വ്യക്തിപരമായും സമൂഹ മാധ്യമങ്ങൾ വഴിയും അറിയിച്ചു. വിവരം പൊലീസിൽ അറിയിച്ചതോടെ ഫേസ്ബുക്കിൽനിന്ന് ഡോക്ടറുടെ പേരിലുള്ള വ്യാജ പ്രൊഫൈൽ പിൻവലിച്ചു.
നാദാപുരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ. മൂസ, കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എ.എഫ്. റിയാസ്, എം.എ. ലത്തീഫ്, പി.വി. നൗഷാദ് എന്നിവരുടേത് ഉൾപ്പെടെ പലരുടെയും ഫോട്ടോ പ്രൊഫൈലുണ്ടാക്കി കഴിഞ്ഞമാസം സഹായ അഭ്യർഥന വന്നിരുന്നു.
എന്താണ് പണത്തിന്റെ ആവശ്യം എന്ന് ചിലർ നേരിട്ട് ചോദിച്ചപ്പോഴാണ് പേരിൽ വ്യാജ അക്കൗണ്ട് തുറന്നതായി ഇവർ അറിയുന്നത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലെ സീനിയർ ഡോക്ടറുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി ഒന്നര ലക്ഷം രൂപ തട്ടിയിരുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.