കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറത്ത് കഴിഞ്ഞ ദിവസം നടന്ന ഗുണ്ട ആക്രമണത്തിൽ നാട്ടുകാർ ഇപ്പോഴും നടുക്കത്തിലാണ്. നാലുപതിറ്റാണ്ടായി ഒരു രാഷ്ട്രീയ സംഘട്ടനംപോലും ഉണ്ടായിട്ടില്ലാത്ത കരുമാല്ലൂർ പഞ്ചായത്തിലെ മാഞ്ഞാലി മാട്ടുപുറത്ത് കഴിഞ്ഞ ദിവസം എവിടെനിന്നോ എത്തിയ ഗുണ്ടകൾ വീട്ടിൽ അതിക്രമിച്ച് കടന്ന് രണ്ടുപേരെ വെട്ടി പരിക്കേൽപിച്ചതിന്റെ ഞെട്ടലിലാണ് മാട്ടുപുറം നിവാസികൾ. ഗുണ്ടവിളയാട്ടം അംഗീകരിക്കാനാവില്ലെന്നും അമർച്ച ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ശനിയാഴ്ച രാത്രിയാണ് ആറംഗ ഗുണ്ടസംഘം മാട്ടുപുറം എരമംഗലത്ത് വീട്ടിൽ സഹോദരങ്ങളായ ഷാനവാസ്, നവാസ് എന്നിവരെ ആക്രമിച്ച് പരിക്കേൽപിച്ചത്. വീടും വീട്ടുപകരണങ്ങളും തകർത്ത ശേഷമാണ് ഗുണ്ടകൾ മടങ്ങിയത്. സംഭവം അറിയിച്ചിട്ടും ആലങ്ങാട് പൊലീസ് വൈകിയാണ് എത്തിയതെന്ന് പരാതിയുണ്ട്. മാത്രമല്ല, കരുമാല്ലൂർ, ആലങ്ങാട് മേഖലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിക്കുന്നതായും ആക്ഷേപമുണ്ട്.
മാട്ടുപുറത്തെ ആക്രമണം നടന്ന വീട് തിങ്കളാഴ്ച മന്ത്രി പി. രാജീവ് സന്ദർശിച്ച് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
ഗുണ്ടസംഘത്തെ പിടികൂടാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതേസമയം, ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് തെളിഞ്ഞു. ഗൂഢാലോചന നടന്നിട്ടുണ്ട്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേർക്ക് പുറമെ മൂന്നുപേരെക്കൂടി ഉൾപ്പെടുത്തി ഒമ്പതുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഒളിവിൽ കഴിയുന്ന പ്രതികൾക്കായി വാണിയക്കാട്, തത്തപ്പിള്ളി, മന്നം, തട്ടാംപടി-പുതുക്കാട്, മനക്കപ്പടി, കരിങ്ങാംതുരുത്ത് പ്രദേശങ്ങളിൽ പൊലീസ് വ്യാപകമായി പരിശോധന നടത്തി. ചിലരെ പൊലീസ് പിടികൂടിയതായും സൂചനയുണ്ട്. അക്രമസംഭവങ്ങൾ അടിച്ചമർത്തണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ.ബി. വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.എം. അലി, കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മേനാച്ചേരി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.