മഞ്ചേരി: യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 75,000 രൂപ പിഴയും. ഫറോക്ക് പെരുമുഖം പുത്തൂര്‍ വീട്ടിൽ ഷാജിയെയാണ് (42) മഞ്ചേരി ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. മറ്റൊരു വകുപ്പിൽ നാല് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു.
പിഴ അടച്ചാൽ പ്രതിയുടെ ആറുവയസ്സുകാരിയായ മകളുടെ വിദ്യാഭ്യാസത്തിനായി നൽകണം. കുട്ടിയെ കാണണമെന്ന് പ്രതി കോടതിയെ അറിയിച്ചെങ്കിലും അച്ഛനെ കാണാൻ താൽപര്യമില്ലെന്ന് മകൾ അറിയിച്ചു.
2013 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം. പരപ്പനങ്ങാടി പ്രയാഗ് തിയറ്ററിന് സമീപം താമസിക്കുകയായിരുന്ന കേടകളത്തില്‍ ഷൈനിയെയാണ് (32) പ്രതി കൊലപ്പെടുത്തിയത്. ഭർത്താവുമായി മൂന്ന് വർഷമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു ഷൈനി. വിവാഹബന്ധം വേർപ്പെടുത്തുന്നതിനായി അഭിഭാഷകനെ സമീപിച്ചെന്ന വിവരം അറിഞ്ഞതോടെ പ്രതി വീട്ടിലെത്തി അടുക്കളയിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് കഴുത്തറുത്തും വെട്ടുകത്തികൊണ്ട് തലക്ക് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 56 മുറിവുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. തടയാൻ ചെന്ന ഷൈനിയുടെ മാതാവ് കമല (72), അമ്മയുടെ സഹോദരിമാരായ വിമല, തങ്കമണി എന്നിവർക്കും പരിക്കേറ്റിരുന്നു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സി. വാസു പറഞ്ഞു. കേസിൽ 24 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.