കണ്ണനല്ലൂര്‍: ഡോ. എ.പി.ജെ. അബ്ദുൽ കലാം ഫൗണ്ടേഷന് ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ വ്യാജമായി രേഖകളുണ്ടാക്കി കുട്ടികളുടെ ഫോട്ടോ പതിച്ച് ചികിത്സ സഹായം എന്ന പേരില്‍ പണപ്പിരിവ് നടത്തി നാട്ടുകാരെ കബളിപ്പിച്ച് യുവാവ് പിടിയില്‍. ഓയൂര്‍ ബിന്ദു സദനം വീട്ടില്‍ ബൈജു (46) ആണ് കണ്ണനല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
കുളപ്പാടത്തുള്ള അന്‍സില്‍, കുടവട്ടൂരിലുള്ള കാര്‍ത്തിക്ക് എന്നീ കുട്ടികളുടെ ചികിത്സ ആവശ്യത്തിലേക്കെന്ന വ്യാജേന മറ്റ് രണ്ട് കുട്ടികളുടെ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റുകൾ കാണിച്ചാണ് പണപ്പിരിവ് നടത്തിയത്.
കഴിഞ്ഞദിവസം പള്ളിമണ്‍ സൗമ്യ ഭവന ത്തില്‍ ശ്യാമപ്രഭന് എന്ന ആളിന്റെ വീട്ടില്‍ ഇയാള്‍ പണപ്പിരിവിന് എത്തിയിരുന്നു. വീട്ടുടമക്ക് സംശയം തോന്നി കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടു. വീട്ടുടമ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈജുവിനെ ഓയൂരില്‍നിന്ന് പിടികൂടിയത്.
കുട്ടികളുടെ ഫോട്ടോ പതിച്ച അഭ്യർഥന കാര്‍ഡില്‍ കണ്ണനല്ലൂര്‍ കാനറ ബാങ്കിന്റെയും പൂയപ്പള്ളി എസ്ബിഐ ബാങ്കിന്റെയും അക്കൗണ്ട് നമ്പറുകള്‍ വ്യാജമായി ചേര്‍ത്തിട്ടുണ്ടായിരുന്നു.
അന്വേഷണത്തില്‍ അഭ്യർഥന കാര്‍ഡില്‍ പതിച്ചിരിക്കുന്ന ഫോട്ടോകളും വിലാസവും വ്യാജമാണെന്നും ഒരു ഫോട്ടോ ഉപയോഗിച്ച് രണ്ട് വിലാസത്തില്‍ അഭ്യർഥന നടത്തിയതായും കണ്ടെത്തി.
കണ്ണനല്ലൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ഡി. സജീവ്, എ.എസ്.ഐ സതീഷ്, സി.പി.ഒ നജീബ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.