കൊൽക്കത്ത: സുഹൃത്ത് കംപ്രസറിലൂടെ ശരീരത്തിനകത്തേക്ക് വായു പമ്പ് ചെയ്തതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലായിരുന്നു സംഭവം.
ചണ മില്ലിലെ തൊഴിലാളികളാണ് ഇരുവരും. പത്തുദിവസം മുമ്പാണ് 23കാരനായ റഹ്മത്ത് അലിയുടെ ശരീരത്തിലേക്ക് സുഹൃത്ത് കംപ്രസർ ഉപയോഗിച്ച് വായു കടത്തിയത്. തമാശക്കാണ് ശരീരത്തിലേക്ക് വായു കടത്തിയതെന്ന് പറയുന്നു.
നവംബർ 16ന് രാവിലെ അലിയുടെ രാത്രി ഡ്യൂട്ടി കഴിഞ്ഞതിന് ശേഷമാണ് സംഭവം. അലിയുടെ ശരീരത്തിലേക്ക് സുഹൃത്ത് വായു കടത്തിവിടുകയായിരുന്നു. എന്നാൽ, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. ചിഞ്ചിര ഇമാംബാര ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ അലിയെ പിന്നീട് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആന്തരികാവയങ്ങൾക്കേറ്റ പരിക്കിനെ തുടർന്ന് ബുധനാഴ്ച മരിച്ചു.
അലിയുടെ മരണത്തോടെ കുടുംബം ചണ മില്ല് ഉപരോധിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു സമരം. കരാർ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു അലി അവിടെ.
സംഭവത്തിൽ പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
വായു കടത്തിവിട്ടതിന്‍റെ സമ്മർദ്ദത്തെ തുടർന്ന് അലിയുടെ കരളിന് കേടുപാടുകൾ സംഭവിച്ചിരുന്നതായി അലിയുടെ സഹോദരൻ അജ്മാത് അലി പറഞ്ഞു. അലിയുടെ മരണത്തിന് ഉത്തരവാദികളായ പ്രതികളുടെ പേരും അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.