തേഞ്ഞിപ്പലം: കോഹിനൂരിലെ തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതി പുത്തൂര്‍പള്ളിക്കല്‍ പൊന്നുടിയില് മുജീബ് റഹ്മാനെതിരെ കൂടുതല്‍ പരാതികള്‍. കോഹിനൂരിലെ ബാങ്കിലും പ്രതിയുടെ വീട്ടിലും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയ ശനിയാഴ്ച പള്ളിക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് അധികൃതരും തേഞ്ഞിപ്പലം പൊലീസിൽ പരാതി നല്കി.
സഹകരണ ബാങ്കിന്റെ പള്ളിക്കല്‍ ബസാറിലെ പ്രധാന ശാഖയിലും ചെനക്കലിലെ ശാഖയിലും മൂന്നുവീതം വ്യാജ സ്വര്‍ണവളകള്‍ പണയംവെച്ച് 85,000 രൂപ വീതം കൈക്കലാക്കിയെന്നാണ് പുതിയ പരാതി. ഈ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ ബാങ്കുകളില്‍ പ്രതി സമാനരീതിയില്‍ കുറ്റകൃത്യം നടത്തിയെന്ന സൂചനയെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കി.
ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെയായിരുന്നു കോഹിനൂര്‍ സഹകരണ റൂറല്‍ ബാങ്കിലെ തെളിവെടുപ്പ്. ഇവിടെ പണയംവെച്ച 56 വ്യാജ സ്വര്‍ണവളകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മുജീബ് റഹ്മാന്റെ പേരില്‍ 16 വളകളും സുഹൃത്തുക്കളുടെ പേരില്‍ 40 വളകളുമാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ഉച്ചക്കു ശേഷമായിരുന്നു പള്ളിക്കല്‍ ബസാറിലെ വീട്ടിലെ തെളിവെടുപ്പ്. ഇവിടെനിന്ന് കേസുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായില്ലെന്ന് തെളിവെടുപ്പിന് നേതൃത്വം നല്കിയ എസ്.ഐ ചോലയില്‍ വാരിജാക്ഷന്‍ പറഞ്ഞു. 4,35,000 രൂപ വ്യാജസ്വര്‍ണം പണയംവെച്ച് മുജീബ് റഹ്മാന് തട്ടിയെടുത്തെന്നാണ് തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്ക് അധികൃതരുടെ പരാതി.
എന്നാല്‍, ഇതിലും അധികം തുക നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കേസിലകപ്പെട്ട മറ്റുള്ളവര്‍ ഇയാള്‍ നല്കിയ ആഭരണം പണയപ്പെടുത്തി വായ്പയെടുത്ത് നല്‍കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. കേസിലെ മുഖ്യപ്രതി മുജീബ് റഹ്മാനെതിരെ ഫറോക്ക്, കൊണ്ടോട്ടി, വളാഞ്ചേരി, എറണാകുളത്തെ ഉദയംപേരൂര്‍ എന്നിവിടങ്ങളില്‍ കേസുണ്ട്. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇയാളെ കോടതിയില്‍ തിരികെ ഹാജറാക്കി. ആവശ്യമെങ്കില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
എസ്.ഐ വാരിജാക്ഷന്‍, എ.എസ്.ഐ വി.പി. രവീന്ദ്രന്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിപിന്‍ കൊമ്മേരി, കെ. വിജേഷ്, ഹോം ഗാര്‍ഡ് ടി. അപ്പു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തട്ടിപ്പ് നടത്താനായി ആഭരണങ്ങള്‍ അതിവിദഗ്ധമായി സ്വര്‍ണം പൂശി നല്കുന്ന ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും പ്രതി ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്നും എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.