ചാവക്കാട്: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ എസ്.ഡി.പി.ഐ പ്രവർത്തകന് ഒമ്പതുവർഷം കഠിന തടവും 15,000 രൂപ പിഴയും. എടക്കഴിയൂർ നാലാം കല്ല് പടിഞ്ഞാറ് കിഴക്കത്തറ ഷാഫിയെയാണ് (30) ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. 2022 ഒക്ടോബർ മൂന്നിന് ഈ കേസിലെ ഒന്നും മൂന്നും പ്രതികളും എസ്.ഡി.പി.ഐ പ്രവർത്തകരുമായ എടക്കഴിയൂർ നാലാംകല്ലിൽ തൈപ്പറമ്പിൽ മുബീൻ (22), പുളിക്കവീട്ടിൽ നസീർ (26) എന്നിവരെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ഒമ്പതുകൊല്ലം തടവും 30,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചിരുന്നു.
കേസിൽ ഒന്നാംപ്രതി മുബിൻ പുന്ന നൗഷാദ് കൊലപാതക കേസിലെ ഒന്നാം പ്രതിയാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ എടക്കഴിയൂർ നാലാംകല്ല് കറുപ്പംവീട്ടിൽ ഹനീഫയുടെ മകൻ ബിലാലിനെയാണ് (18) പ്രതികൾ ആക്രമിച്ചത്. ഒന്നാം പ്രതി മുബിൻ, രണ്ടാംപ്രതി ഷാഫി, മൂന്നാം പ്രതി നസീർ എന്നിവർ വാളും ഇരുമ്പ് പൈപ്പുമായി ബൈക്കിലെത്തി ബിലാലിനെ വെട്ടുകയും അടിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 2018 ഏപ്രിൽ 26ന് ഉച്ചക്ക് 2.15നാണ് കേസിനാസ്പദമായ സംഭവം. നാലാംകല്ല് സ്വദേശികളായ പണിച്ചാംകുളങ്ങര അഷ്റഫിന്റെ മകൻ സാദിഖ് (23), മനയത്ത് അബൂബക്കറിന്റെ മകൻ നഹാസ് (21) എന്നിവർക്കൊപ്പം ബിലാൽ ചാലിൽ കരീമിന്റെ പറമ്പിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.
ബിലാലും മൂന്നാം പ്രതിയായ നസീറുമായി മുമ്പ് വാക്കുതർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിലാൽ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിരോധത്താലാണ് ബിലാലിനെ ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടനെ ആംബുലൻസിൽ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. പിഴ സംഖ്യ മുഴുവൻ പരിക്ക് പറ്റിയ ബിലാലിന് നൽകാൻ വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയി. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ജില്ല പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത്കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.