തമിഴ്നാട് പൊലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്ത തട്ടിപ്പ് കേസിലെ പ്രതികളും പിടിച്ചെടുത്ത സാമഗ്രഹികളും

വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് രാജ്യവ്യാപക തട്ടിപ്പ്: മൂന്നു പേർ അറസ്റ്റിൽ

കുമളി: ഡൽഹി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയ സംഘത്തെ തമിഴ്നാട് പൊലീസിൻ്റെ പ്രത്യേക സ്ക്വാഡ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളും ഇപ്പോൾ ഡൽഹിയിൽ സ്ഥിരതാമസക്കാരുമായ ഡൽഹി, സാഹിപൂർ, ജെ.ജെ, കോളനിയിൽ വിജയ് (29), രാമചന്ദ്രൻ (33), ഗോവിന്ദ് (21) എന്നിവരെയാണ് തേനി, ആണ്ടിപ്പെട്ടി സിഐ, ശരവണൻ, എസ്.ഐ. സുൽത്താൻ എന്നിവരുടെ നേതൃത്വത്തിലുള്ള 10 അംഗ പൊലീസ് സംഘം ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്.

തേനി, ആണ്ടിപ്പെട്ടി, സ്വദേശിനി മലൈസ്വാമിയുടെ ഭാര്യ ശാരദ (33)യുടെ പരാതിയെ തുടർന്ന് എസ്.പി. ഉമേഷ് പ്രവീൺ ഡോങ്ക് റേയാണ് പ്രതികളെ പിടികൂടാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചത്. ബിരുദധാരിയായ ശാരദക്ക് വിമാനത്താവളത്തിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ഇവരിൽ നിന്നും 15.74 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. തമിഴ്നാടിൻ്റെ പല ഭാഗത്തു നിന്നും കേരളം ഉൾപ്പടെ രാജ്യത്തെ പല സംസ്ഥാനം കേന്ദ്രീകരിച്ചും കോടികളുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഡൽഹിയിൽ പ്രത്യേകമായി ഫ്ലാറ്റിലെ മുറിയിൽ ഓഫീസ് ഒരുക്കി വ്യാജ ലറ്റർപാഡ്, വിമാനത്താവളത്തിലെ വിവരങ്ങൾ ചിത്രങ്ങൾ എന്നിവയെല്ലാം ഒരുക്കിയായിരുന്നു തട്ടിപ്പ്. അറസ്റ്റിലായ പ്രതികളിൽ നിന്നും തട്ടിപ്പിന് ഉപയോഗിച്ച 36 മൊബൈൽ ഫോണുകൾ, ലാപ്പ്ടോപ്പ്, പ്രിന്‍റർ, 46 സിം കാർഡുകൾ പണം എന്നിവ പൊലീസ് പിടിച്ചെടുത്തു. തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നും ഡൽഹിയിലെത്തി മുമ്പ് സ്ഥിരതാമസമാക്കിയവരാണ് പ്രതികളുടെ കുടുംബമെന്ന് പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.