കുവൈത്ത് സിറ്റി: ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായതായി പ്രാദേശിക പത്രം അൽ അൻബ റിപ്പോർട്ട് ചെയ്തു. ഹവല്ലി ഗവർണറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം മയക്കുമരുന്നുകളും മറ്റു ഉപകരണങ്ങളും ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇയാൾക്ക് അടുത്തിടെ ക്ഷീണവും ലീവ് പതിവുമായതോടെ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു.
ഈ ആഴ്ച ജോലിസ്ഥലത്ത് എത്തിയ ഇയാൾ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. തുടർന്ന് സഹപ്രവർത്തകർ തടഞ്ഞുവെക്കുകയും പരിശോധനയിൽ മയക്കുമരുന്ന് കണ്ടെടുക്കുകയുമായിരുന്നു. പിടികൂടിയ വസ്തുക്കൾ സഹിതം പ്രതിയെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി.
കുവൈത്തിൽ കഴിഞ്ഞ വർഷം 144 പേർ മയക്കുമരുന്ന് അമിതമായി കഴിച്ച് മരിച്ചതായി സെപ്റ്റംബറിൽ അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. മരിച്ചവരിൽ 61 ശതമാനം കുവൈത്തികളും ബാക്കിയുള്ളവർ വിദേശികളുമാണ്. കഴിഞ്ഞ വർഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ 3,000 പേരെ അറസ്റ്റ് ചെയ്യുകയും വൻതോതിൽ മയക്കുമരുന്ന് പിടികൂടുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.