കോട്ടയം: ബലാത്സംഗം ആരോപിച്ച് നൽകിയ പരാതിയിൽ പട്ടികജാതി കമീഷൻ മുൻ ചെയർമാനും മുൻ ജഡ്ജിയുമായ പി.എൻ. വിജയകുമാറിനെ കുറ്റമുക്തനാക്കി പൊലീസ് നൽകിയ റിപ്പോർട്ടിനെതിരെ വീട്ടമ്മ ഹൈകോടതിയിലേക്ക്. മുണ്ടക്കയം സ്വദേശിനിയാണ് പരാതിക്കാരി. 2017 എപ്രിൽ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടമ്മ പറയുന്നത് ഇങ്ങനെ: മകനെതിരായ കേസിൽ നിയമസഹായം തേടിയാണ് സമുദായ സംഘടന വഴി നേരത്തേ പരിചയമുള്ള ചെയർമാനെ ഫോണിൽ വിളിച്ചത്. തൊടുപുഴയിൽ ജോലിചെയ്തിരുന്ന ഇവരോട് നേരിട്ട് തൃശൂരിലെ വീട്ടിൽ വരാൻ ആവശ്യപ്പെട്ടു. അവിടെവെച്ച് ബലാത്സംഗം ചെയ്തു. പരാതിപ്രകാരം മുണ്ടക്കയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്, സംഭവസ്ഥലം തൃശൂർ വെസ്റ്റ് സ്റ്റേഷൻ പരിധി ആയതിനാൽ അങ്ങോട്ട് കൈമാറി. അവിടെ നടന്ന അന്വേഷണം ശരിയായ രീതിയിൽ അല്ലായിരുന്നെന്നും ആരോപണവിധേയന്‍റെ സ്വാധീനം ഉണ്ടായെന്നുമാണ് പരാതിക്കാരിയുടെ ആക്ഷേപം.
ഗൗരവമുള്ള കുറ്റകൃത്യങ്ങൾ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്തയാൾ അന്വേഷിക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ നിർദേശമെങ്കിലും സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ആളാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയതെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ എം.എസ്. അനു പറഞ്ഞു. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയില്ല. മൊഴിപ്പകർപ്പ് നൽകിയിട്ടുമില്ല. മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിക്കുന്നതെന്നും അഭിഭാഷകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.