കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കടുത്ത മനുഷ്യാവകാശലംഘനമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ജീവനക്കാരിൽ ചിലർ അശ്രദ്ധമായാണ് ജോലി ചെയ്യുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് അന്തേവാസിയായ സ്ത്രീയുടെ മരണത്തിനിടയാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ബുധനാഴ്ച വൈകീട്ട് ആറിനും ആറരക്കും ഇടയിലാണ് അന്തേവാസി മരിച്ചത്.
ആവശ്യത്തിന് ജീവനക്കാരുണ്ടായിരുന്നെങ്കില്‍ കൊലപാതകം തടയാമായിരുന്നെന്ന് റിപ്പോർട്ടിലുണ്ട്. അന്തേവാസികൾക്ക് ആവശ്യമായ ചികിത്സ കിട്ടുന്നില്ല. കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ശോച്യാവസ്ഥയിലാണ്. മൂന്നു വർഷം കഴിഞ്ഞാൽ ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകാനും അധികൃതർ മടിക്കുകയാണ്.
പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്ന മുന്നറിയിപ്പും അഡീഷനൽ ഡി.എം.ഒ തയാറാക്കിയ റിപ്പോർട്ടിലുണ്ട്. അതേസമയം, പ്രശ്നങ്ങൾ ഗൗരവമായി കാണുന്നെന്ന് കുതിരവട്ടം ആശുപത്രി സന്ദർശിച്ച ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷിനു കോഴിക്കോട്ട് പറഞ്ഞു.
അടിയന്തര സാഹചര്യം പരിഗണിച്ച് വിഷയങ്ങൾ കൃത്യമായി പഠിച്ചശേഷം തിങ്കളാഴ്ച ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുതിരവട്ടത്തെയും തൃശൂരിലെയും മാനസികാരോഗ്യകേന്ദ്രങ്ങളിലെ സ്ഥിതി വിലയിരുത്താൻ ആരോഗ്യവകുപ്പാണ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.