ഇരിട്ടി: റബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിങ് സഹകരണ സ്ഥാപനം കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ സാധനസാമഗ്രികൾ കവർച്ച ചെയ്ത രണ്ടംഗ മോഷ്ടാക്കൾ പിടിയിൽ. മുണ്ടേരിമൊട്ടയിലെ മണികണ്ഠൻ (27), കൂത്തുപറമ്പ് മുര്യാട് സ്വദേശി മണികണ്ഠൻ (39) എന്നിവരെയാണ് കരിക്കോട്ടക്കരി പൊലീസ് ഇൻസ്പെക്ടർ പി.ബി. സജീവിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ എൻ. വിപിൻ, എസ്.ഐമാരായ അബ്ദുൾ റൗഫ്, റോബിൻസൺ, രജിത്ത്, പ്രമോദ് ദാസ് എന്നിവരുൾപ്പെട്ട പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഒമ്പതിന് രാത്രിയിലായിരുന്നു കവർച്ച നടന്നത്.
അയ്യൻകുന്നിൽ പൂട്ടിക്കിടന്ന സഹ.സ്ഥാപനം കുത്തിത്തുറന്ന് 10 ലക്ഷം രൂപ വിലവരുന്ന 200ഓളം റിസോളിങ് അച്ചുകൾ പ്രതികൾ വാഹനത്തിൽ കടത്തിക്കൊണ്ട് പോയെന്നാണ് കേസ്. സഹ.അസി. രജിസ്ട്രാർ ജയശ്രീയുടെ പരാതിയിൽ കേസെടുത്ത കരി കോട്ടക്കരി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പകൽസമയങ്ങളിൽ സ്വന്തം വാഹനത്തിൽ ആക്രിസാധനങ്ങൾ കച്ചവടം നടത്തുകയും രാത്രിയിൽ ഇരുവരും മോഷണം നടത്തി കടന്നുകളയാറുമാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
പലയിടത്തും ഇത്തരത്തിൽ മോഷണം നടത്തിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കേസിൽ മുഖ്യ പ്രതിയായ മണികണ്ഠൻ 2004 മുതൽ കണ്ണൂർ, മട്ടന്നൂർ, കോഴിക്കോട്, ഫറോക്ക് തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മട്ടന്നൂർ കോടതിയിൽ ഹാജറാക്കിയ പ്രതികളെ തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.