നീലേശ്വരം: രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ ഓഫിസ് വാതിൽ തകർത്ത് അകത്തുകയറി കവർച്ച നടത്തിയ പ്രതികളുടെ സി.സി.ടി.വി കാമറദൃശ്യം പൊലീസ് പുറത്തുവിട്ടു.
നാലംഗസംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് നീലേശ്വരം പൊലീസ് കരുതുന്നത്. മോഷ്ടാക്കൾ അഴിച്ചുകൊണ്ടുപോയ സി.സി.ടി.വി കാമറകളുടെ ഡി.വി.ആർ സമീപത്തെ റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തിയത് അന്വേഷണത്തിന്ന് കൂടുതൽ സഹായകരമായി.
ഹാർഡ് ഡിസ്ക് പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളുടെ ദൃശ്യം കണ്ടെത്തിയത്. പ്രതികൾ ട്രെയിനിൽ കയറി കടന്നുകളഞ്ഞതായും കരുതുന്നു. പ്രധാനാധ്യാപികയുടെ ഓഫിസ് മുറിക്ക് സമീപത്തെ നടവരാന്തയിൽ പ്രതികൾ ഓരോരുത്തരായി എത്തുന്നത് ദൃശ്യത്തിൽ കാണാം.
താടിവെച്ച ഒരാൾ മുന്നോട്ടും പിന്നോട്ടും നടന്നുപോകുന്നുണ്ട്. മറ്റൊരാൾ പിറകിൽ വലിയ ബാഗ് ധരിച്ചിരിക്കുന്നതും കാണാം. പിന്നീട് മൂന്നുപേർ വരാന്തയിൽ ഇരിക്കുന്നതും ദൃശ്യത്തിലുണ്ട്. സി.സി.ടി.വി കാമറ ഒരാൾ എതിർദിശയിലേക്ക് തിരിച്ചുവെക്കുന്ന ദൃശ്യവും പതിഞ്ഞിട്ടുണ്ട്. ദൃശ്യം ലഭിച്ചതോടെ പ്രതികളെ വേഗത്തിൽ പിടികൂടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലീസ്. സി.ഐ കെ.വി. ഉമേശൻ, എസ്.ഐ ടി. വിശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓഫിസ് മുറിയുടെ മുന്നിൽ പൂന്തോട്ടത്തിലുണ്ടായിരുന്ന ഇഷ്ടിക എടുത്ത് വാതിൽ തകർത്താണ് കവർച്ച നടത്തിയത്.
ഷെൽഫിൽ സൂക്ഷിച്ചിരുന്ന 11,600 രൂപയും പത്തായിരം രൂപ വിലവരുന്ന എസ്.എൽ.ആർ.ഡി കാമറയുമാണ് കവർന്നത്. വെള്ളിയാഴ്ച് പുലർച്ചയാണ് കവർച്ച നടന്നത്. പ്രധാനാധ്യാപിക ഇൻ ചാർജ് എം.വി. രമയുടെ പരാതിയിലണ് നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. രാജാസ് സ്കൂളിൽ മോഷണം നടത്തിയവരുടെ ദൃശ്യത്തിൽ പരിചയക്കാരോ അറിവിൽപെട്ടവരോ എവിടെയെങ്കിലും കാണുകയാണെങ്കിൽ ഉടൻ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
ഫോൺ: 9497980928, 9497975826.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.