ചാലക്കുടി: 13 വർഷമായി ഒളിവിൽ കഴിയുന്ന, നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ' ധർമ്മേന്ദ്ര ഷാജി ' എന്നറിയപ്പെടുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി നടയ്ക്കൽ വീട്ടിൽ ഷാജി ജോർജ്ജ് (48) ആണ് അറസ്റ്റിലായത്.
2008 ൽ വെസ്റ്റ് കൊരട്ടി സ്വദേശിനി സി.ഡി.എസ് ഭാരവാഹിയായിരുന്ന സിമി, കൊരട്ടി ചിറ്റാരിക്കൽ സ്വദേശിനി സുശീല എന്നിവരടക്കം നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. വിവിധ ഗ്രാമപഞ്ചായത്തുകളിലെ വനിതാ സഹായ സംഘങ്ങളിൽ അംഗങ്ങളായ സ്ത്രീ ഭാരവാഹികളെ കണ്ടെത്തി പ്ലാസ്റ്റിക്ക് ക്യാരി ബാഗും, മറ്റ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നതിനുള്ള കമ്പനി തുടങ്ങുന്നതിന് മെഷീനറികൾ ഇറക്കുമതി ചെയ്തു തരാമെന്ന് പ്രലോഭിപ്പിച്ച് പ്രതി പണം തട്ടിയെടുക്കുകയായിരുന്നു.
നോർത്ത് ചാലക്കുടിയിൽ ഇയാൾ തട്ടിപ്പിനായി ഓഫീസും പ്രവർത്തിപ്പിച്ചിരുന്നു. കണ്ണൂർ സ്വദേശിയായ പ്രതി സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ തട്ടിപ്പിനായി ഓഫീസുകൾ തുറന്നിരുന്നു. തളിപ്പറമ്പ് , കൊരട്ടി , ചാലക്കുടി , എറണാകുളം, ആലുവ തുടങ്ങിയ സ്ഥലങ്ങളിലും മറ്റും വിവിധ തട്ടിപ്പു കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചപ്പോൾ ഇയാൾ ഡൽഹിയിലേക്ക് കടക്കുകയും, എട്ടോളം വർഷത്തോളം ധർമ്മേന്ദ്ര ഷാജി എന്ന പേരിൽ ഡൽഹിയിൽ താമസിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ബിരുദാനന്തര ബിരുദധാരിയായ ഇയാൾ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി തുടങ്ങി വിവിധ ഭാഷകൾ അനായാസേന കൈകാര്യം ചെയ്യും. ആരേയും വലയിൽ പെടുത്തുന്ന വാക് സാമർത്ഥ്യവും പ്രതിക്കുണ്ട്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവി ജി.പൂങ്കുഴലി യുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ ഓഗസ്റ്റ് എന്ന പ്രത്യേക പരിശോധനയിലാണ് പിടിയിലായത്. ചാലക്കുടി ഡി.വൈ.എസ്സ്.പി സി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ആലുവക്കു സമീപം കടുങ്ങല്ലൂരിലെ ഫാം ഹൗസിൽ നിന്നാണ് പിടികൂടിയത്.
പൊലീസിനെ കണ്ട പ്രതി ഫാം ഹൗസിന് സമീപമുള്ള പുഴയിലേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് കീഴടക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൽ കൊരട്ടി എച്ച്.എസ്.ഒ. ബി.കെ.അരുൺ, എസ്.ഐ.മാരായ സി.കെ. സുരേഷ്, സി.ഒ.ജോഷി, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ മുരുകേഷ് കടവത്ത് , സീനിയർ സി.പി ഒ മാരായ ജിബിൻ വർഗ്ഗീസ്, രഞ്ജിത്ത് വി.ആർ, സജീഷ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.