തൃശൂർ: നിർമാണം കഴിഞ്ഞ് ജ്വല്ലറികളിലേക്ക് കൊണ്ടുപോയ 3.1 കിലോഗ്രാം സ്വർണാഭരണങ്ങൾ ജീവനക്കാരെ ആക്രമിച്ച് കാറിലെത്തിയ സംഘം തട്ടിയെടുത്തു. തൃശൂരിൽ റെയിൽവേ സ്റ്റേഷന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നാലംഗ സംഘമാണ് സ്വർണം തട്ടിയെടുത്തത്. സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
തൃശൂരിലെ നിർമാണ ശാലകളിൽനിന്ന് സ്വർണം ആഭരണമാക്കി ജ്വല്ലറികളിലേക്ക് കൊണ്ടുപോകുമ്പോഴാണ് തട്ടിയെടുത്തത്. കൊക്കാലെയിൽ പ്രവർത്തിക്കുന്ന ‘ഡി.പി ചെയിൻസ്’എന്ന സ്ഥാപനത്തിലെ സ്വർണമാണ് നഷ്ടമായത്. ആഴ്ചയിൽ ഒരു ദിവസം ഇവിടെനിന്ന് കന്യാകുമാരിയിലെ ജ്വല്ലറികളിൽ ആഭരണം എത്തിക്കാറുണ്ട്.
മാർത്താണ്ഡത്തേക്ക് കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് ആഭരണവുമായി പോകുന്ന വഴിക്കാണ് ആക്രമണമുണ്ടായതെന്ന് ജീവനക്കാർ പൊലീസിന് മൊഴി നൽകി. സ്ഥാപനത്തിന്റെ പാർട്ട്ണറും ജീവനക്കാരനുമാണ് സ്വർണം ബാഗുകളിലാക്കി കൊണ്ടുപോയിരുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പ്രധാന കവാടം കഴിഞ്ഞ് റെയിൽവേ സ്റ്റേഷൻ റോഡിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം. വെള്ള ഡിസയർ കാറിലെത്തിയ സംഘം ഇവരെ തള്ളിയിട്ട് സ്വർണമടങ്ങിയ ബാഗുമായി കടന്നുവെന്നാണ് മൊഴി. വന്നവരുടെ കൈയിൽ ഇരുമ്പ് പൈപ്പ് പോലുള്ള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയുന്നു. ജീവനക്കാർക്ക് പരിക്കില്ല.
പ്രദേശത്തുണ്ടായിരുന്നവർ ഓടിക്കൂടിയെങ്കിലും വന്നവർ കാറിൽ രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ ബൈക്ക് യാത്രികൻ വാഹനത്തെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. വിവരം ഉടൻ കൺട്രോൾ റൂമിൽ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സമീപത്തെ സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കൂടുതൽ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ആഭരണങ്ങളുമായി ജീവനക്കാർ പതിവായി പോകുന്ന വിവരം അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥാപനവും റെയിൽവേ സ്റ്റേഷനും തമ്മിൽ 500 മീറ്ററിൽ താഴെ ദൂരമാണുള്ളത്. അതുകൊണ്ട് ആസൂത്രിത കവർച്ചയാണെന്നാണ് പൊലീസ് വിലയിരുത്തൽ. സ്ഥാപനത്തിലെ ജീവനക്കാരുടെ ഫോൺ വിളി വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.