കൊല്ലം: ക്ഷേത്രത്തിൽ നിത്യപൂജക്കായി ഏൽപിച്ച സ്വർണാഭരണം പണയംവെക്കുകയും വിൽക്കുകയും ചെയ്ത ശാന്തിക്കാരൻ അറസ്റ്റിൽ. തൃക്കടവൂർ വൈഷ്ണവം വീട്ടിൽ കെ. ഗോപകുമാറാണ് (44) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. വള്ളിക്കീഴ് ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഇയാൾ 2021 ജൂൺ മുതൽ പല ദിവസങ്ങളിലായി ദേവീവിഗ്രഹത്തിൽ ചാർത്തി നിത്യപൂജ നടത്തുന്നതിനായി ഏൽപിച്ച സ്വർണാഭരണം ചാർത്താതെ വിൽക്കുകയും പണയം വെക്കുകയും ആയിരുന്നു.
കഴിഞ്ഞദിവസം ദേവി വിഗ്രഹത്തിൽ താലി ആഭരണം ചാർത്തി കാണാത്തത് ശ്രദ്ധയിൽപെട്ട അഡ്വൈസറി കമ്മിറ്റി സെക്രട്ടറിക്ക് സംശയം തോന്നിയതിനെ തുടർന്ന് തിരുവിതാംകൂർ സബ് ഗ്രൂപ്പ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു.
ഗ്രൂപ്പ് ഓഫിസറെത്തി നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ നഷ്ടമായത് മനസ്സിലാകുന്നത്. തുടർന്ന് തിരുവിതാംകൂർ സബ് ഗ്രൂപ്പ് ഓഫിസറായ കൃഷ്ണകുമാർ നൽകിയ പരാതിയിൽ ശക്തികുളങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ 27 ഗ്രാം വരുന്ന ആഭരണങ്ങൾ വിൽക്കുകയും പണയപ്പെടുത്തുകയും ചെയ്തതായി മനസ്സിലാക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസ്, എസ്.ഐമാരായ ഷാജഹാൻ, വിനോദ്, പ്രദീപ്, ദിലീപ്, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.