മാരാരിക്കുളം: ആശുപത്രിയിലെ പരിചയം മറയാക്കി വീട്ടിലെത്തി വയോധികയുടെ സ്വർണമാല മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. മണമ്പൂർ പഞ്ചായത്ത് കല്ലമ്പലം സ്വദേശിയും കായംകുളം എരുവ അമ്പലത്തിനുസമീപം വാടകക്ക് താമസിക്കുന്ന ബാബുവിന്‍റെ ഭാര്യ അനിത (40), കായംകുളം കൃഷ്ണപുരം പഞ്ചായത്ത് പതിമൂന്നാം വാർഡ് കാവിന്‍റെ കിഴക്കേതിൽ കബീർ (53) എന്നിവരാണ് പിടിയിലായത്.
കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡ് വാരണം പുന്നചുവട്ടിൽ വീട്ടിൽ രത്തിനന്‍റെ ഭാര്യയായ അമൃതവല്ലിയുടെ (65) രണ്ട് പവന്‍റെ മാലയാണ് അപഹരിച്ചത്. മൂന്നാഴ്ച വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് പ്രതികൾ അമൃതവല്ലിയുമായി സൗഹൃദത്തിലായി. ചികിത്സക്കുശേഷം വീട്ടിൽ തിരിച്ചെത്തിയ അമൃതവല്ലിയെ കാണാനാണെന്നുപറഞ്ഞാണ് പ്രതികൾ കഴിഞ്ഞ 12ന് ഉച്ചക്ക് പുത്തനങ്ങാടിയിലുള്ള വീട്ടിലെത്തിയത്.
അമൃതവല്ലിയുടെ ഭർത്താവ് പുറത്തുപോയ സമയം ഇവരുടെ കഴുത്തിലെ സ്വർണ മാല കുരുങ്ങിക്കിടക്കുകയാണെന്നും ശരിയാക്കി തരാമെന്നും പറഞ്ഞ് അനിത ഊരിവാങ്ങുകയും പകരം അനിതയുടെ കൈവശമുണ്ടായിരുന്ന മുക്കുമാല അമൃതവല്ലിയുടെ കഴുത്തിൽ ഇട്ടുകൊടുക്കുകയുമായിരുന്നു. സ്വർണമാല അപഹരിച്ച് ഇരുവരും കടന്നുകളഞ്ഞു.
ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡും മുഹമ്മ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എൻ. വിജയന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുഹമ്മ പൊലീസ് സ്ഥാപിച്ച സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.