കൊല്ലം: വിവാഹേതര ബന്ധം സംശയിച്ച് ഭാര്യയെയും രണ്ടു മക്കളെയും വിഷം കുത്തിവെച്ചു കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ അജി എന്ന എഡ്വേർഡിനാണ് (42) മൂന്നു ജീവപര്യന്തവും ഓരോ ജീവപര്യന്തത്തിനും രണ്ടു ലക്ഷം വീതം ആറു ലക്ഷം രൂപ പിഴയും വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നു വർഷം കൂടി തടവ് അനുഭവിക്കണം. കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷാണ് ശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി പറഞ്ഞു.
ഭാര്യ വർഷ (26), മക്കളായ അലൻ (രണ്ട്), ആരവ് (മൂന്ന് മാസം) എന്നിവരെയാണ് അനസ്തേഷ്യക്കു മുമ്പ് മസിൽ റിലാക്സേഷനു നൽകുന്ന സൂക്കോൾ മരുന്ന് കുത്തിവെച്ച് പ്രതി 2021 മേയ് 11ന് കൊലപ്പെടുത്തിയത്. മാർച്ച് 19ന് കൊല്ലം അഞ്ചാം അഡീഷനൽ സെഷൻസ് കോടതി ഇയാളെ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. രണ്ടു വർഷമായി ജയിൽവാസം അനുഭവിച്ചുവരുന്നതിനാൽ അതു കുറവ് ചെയ്ത് നൽകിയിട്ടുണ്ട്. പ്രധാന സാക്ഷിയായി എഡ്വേർഡിന്റെയും വർഷയുടെയും മൂത്ത മകളായ എട്ടു വയസ്സുകാരി മൊഴിനൽകി. മകൾ മാത്രമാണു കുറ്റകൃത്യം നേരിൽകണ്ടത്. 58 സാക്ഷികളെയും 89 രേഖകളും 28 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷറഫുന്നിസ ബീഗം, അഡ്വ. അഭിജിത് വിജയൻ, അഡ്വ. രാജശ്രീ, സബീന എന്നിവർ ഹാജരായി. കുണ്ടറ പൊലീസ് അന്വേഷിച്ച കേസില്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരായിരുന്ന വിനോദ് വിക്രമാദിത്യനും സജികുമാറും ജയകൃഷ്ണനും മഞ്ജുലാലുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. മഞ്ജുലാലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.