നെടുമ്പാശ്ശേരി: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപെട്ട രണ്ടുപേരുടെ ജാമ്യം റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മാറമ്പള്ളി എള്ളുവാരം വീട്ടിൽ അൻസാർ (31), നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹന മോഷണക്കേസിൽ പ്രതിയായ വടക്കേക്കര ചിറ്റാറ്റുകര മലയിൽ വീട്ടിൽ ആരോമൽ (21) എന്നിവരുടെ ജാമ്യമാണ് കോടതി റദ്ദുചെയ്തത്. എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാറിന്റെ നിർദേശാനുസരണം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടി.
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അൻസാറിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം നിലനിൽക്കേയാണ് മാറമ്പള്ളിയിൽ കൊറിയർ വഴി 30 കിലോ കഞ്ചാവ് കൊണ്ടുവന്ന കേസിൽ ഇയാൾ പ്രതിയായത്.
വാഹന മോഷണക്കേസിൽ ജാമ്യം ലഭിച്ച ആരോമൽ വടക്കേക്കരയിൽ വധശ്രമക്കേസിൽ പ്രതിയായതിനെത്തുടർന്നാണ് ജാമ്യം റദ്ദുചെയ്യാൻ കോടതിയിൽ റിപ്പോർട്ട് നൽകിയത്. അന്വേഷണ സംഘത്തിൽ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം. ബൈജു, എ.എസ്.ഐ കെ.ജി. ബാലചന്ദ്രൻ, എസ്.സി.പി.ഒ എസ്.ജി. പ്രഭ എന്നിവരാണ് ഉണ്ടായിരുന്നത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.പി കെ.കാർത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.