ആമ്പല്ലൂർ: പൊലീസെന്ന വ്യാജേന ശീട്ടുകളി സംഘത്തിൽനിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ ബസ് ഡ്രൈവർമാരായ മൂന്നുപേർ പിടിയിൽ. തൃശൂർ പൂങ്കുന്നത്ത് വാടകക്ക് താമസിക്കുന്ന പൊന്നാനി പേരൂർ സ്വദേശി കണ്ടശ്ശാംകടവ് വീട്ടിൽ പ്രദീപ് (42), ചെറുതുരുത്തി ആറ്റൂർ സ്വദേശി ഓട്ടുപുരയ്ക്കൽ വീട്ടിൽ സുബൈർ (38), ആമ്പല്ലൂർ ആലേങ്ങാട് സ്വദേശി കണിയാംപറമ്പിൽ സനീഷ് (37) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഏഴിന് കല്ലൂർ ആലേങ്ങാടായിരുന്നു സംഭവം. ശീട്ടുകളി കഴിഞ്ഞ് വരുകയായിരുന്ന സംഘത്തിന്റെ വാഹനം പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിലെത്തിയ പ്രതികൾ തടയുകയും ആറു ലക്ഷം കൈക്കലാക്കിയ ശേഷം സ്റ്റേഷനിൽ വരാൻ നിർദേശിച്ച് കാറുമായി കടന്നുകളയുകയുമായിരുന്നു. സംശയം തോന്നിയ സംഘം പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് സംഭവം പറഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് ഉറപ്പായത്.
പുതുക്കാട് പൊലീസും ചാലക്കുടി ഡിവൈ.എസ്.പിയുടെ കീഴിലെ പ്രത്യേകാന്വേഷണ സംഘവും നടത്തിയ പരിശോധനയിൽ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം നടത്തിയ കാറിലെത്തിയവരാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തട്ടിയെടുത്ത പണം തൃശൂരിലെത്തി പങ്കുവെച്ച സംഘം ഊട്ടിയിലേക്ക് മുങ്ങിയിരുന്നു. തിരികെ നാട്ടിലെത്തി ഗോവയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെറുതുരുത്തി ഭാഗത്തു വെച്ച് പ്രദീപിനെയും സുബൈറിനെയും ചെറുതുരുത്തി സ്റ്റേഷനിലെ എ.എസ്.ഐ സന്തോഷ്, സി.പി.ഒ ജോബിൻ എന്നിവരുടെ സഹായത്തോടെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
ഇവരിൽനിന്ന് ലഭിച്ച സൂചനയെ തുടർന്ന് സനീഷിനെയും പിടികൂടി. പ്രത്യേക അന്വേഷണ സംഘത്തിൽ പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ സുനിൽദാസ്, സബ് ഇൻസ്പെക്ടർ സൂരജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, പുതുക്കാട് സ്റ്റേഷനിലെ അഡീഷനൽ എസ്.ഐ ശ്രീനിവാസൻ, സീനിയർ സി.പി.ഒ ശ്രീജിത്, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ വിശ്വനാഥൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.