കുഴൽമന്ദം: മയക്കുമരുന്ന് ലഹരിയിൽ യുവാവിന്‍റെ അഴിഞ്ഞാട്ടം. ബുധനാഴ്ച രാത്രി വീട്ടിൽ വഴക്കുണ്ടാക്കി പുറത്തിറങ്ങിയ യുവാവ് അയൽവാസിയുടെ സ്കൂട്ടർ എടുത്തുകൊണ്ടുപോയി സമീപത്തെ മിൽമ ബൂത്തിലെ പാചകവാതക സിലിണ്ടർ പുറത്തെടുത്ത് സ്കൂട്ടർ കത്തിച്ചു. ഇതിനു ശേഷം പെട്രോൾ പമ്പിലെത്തി പ്രശ്‌നം ഉണ്ടാക്കുന്നതിനിടെ പൊലീസെത്തി പിടികൂടി.
തേങ്കുറിശ്ശി കോച്ചാങ്കുളം തുപ്പാരക്കളം അൽത്താഫ് ഹുസൈനാണ് (25) പ്രശ്‌നങ്ങൾ ഉണ്ടാക്കിയത്. ലഹരിമരുന്ന് ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ പുതുനഗരത്ത് അടിപിടി ഉണ്ടാക്കിയ ശേഷമാണ് വീട്ടിലെത്തിയത്. വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കിയശേഷം പുറത്തിറങ്ങി. കോച്ചാങ്കുളത്തെ ഡ്രൈവിങ് സ്കൂൾ വളപ്പിൽ കിടന്ന കാറിന്‍റെ ചില്ല് അടിച്ചുപൊട്ടിച്ചു. സമീപത്തെ ചായക്കടയിലെ സോഡ കുപ്പികൾ എടുത്ത് പാതയിൽ അടിച്ചുപൊട്ടിച്ചു.
രാത്രി 10ന് കോച്ചാങ്കുളത്തെ രമേഷിന്‍റെ വീട്ടുവളപ്പിൽ വെച്ച സ്കൂട്ടറെടുത്ത് ഓടിച്ചുപോയി. തില്ലങ്കാട് എത്തി മിൽമ ബൂത്ത് കുത്തിത്തുറന്ന് പാചക വാതക സിലിണ്ടറും അടുപ്പും പുറത്തെടുത്ത് വാതകം തുറന്നുവിട്ട് സ്കൂട്ടർ കത്തിച്ചു.സിലിണ്ടറിലേക്ക് തീപടർന്ന് പൊട്ടിത്തെറിക്കാതിരുന്നത് ഭാഗ്യമായി. അനുനയിപ്പിച്ച് കൊണ്ടുപോകാൻ വന്നവരുടെ ബൈക്ക് എടുത്ത് കുനിശ്ശേരി ഭാഗത്തേക്ക് പോയി. ഇവിടെയുള്ള പെട്രോൾ പമ്പിലെത്തി 20 രൂപക്ക് ഇന്ധനം ആവശ്യപ്പെട്ടു. തരാനാകില്ലെന്ന് പറഞ്ഞതോടെ ജീവനക്കാരൻ രാജനെ അസഭ്യം വിളിക്കുകയും കൊല്ലുമെന്നും കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ കുഴൽമന്ദം പൊലീസ് എത്തി. എസ്.ഐ ഗിരീഷ് കുമാർ, സീനിയർ സി.പി.ഒമാരായ ബ്ലെസ്സൻ വർഗീസ്, ബവീഷ് ഗോപാൽ, എ. രതീഷ്, ഹോം ഗാർഡുമാരായ ജി. ജിതേഷ്, പി.ആർ. രാജേഷ് കുമാർ എന്നിവർ ചേർന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.കുഴൽമന്ദം, ആലത്തൂർ, പുതുനഗരം പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയിലായിരുന്നു ഇയാളുടെ വിളയാട്ടം. കുഴൽമന്ദം പൊലീസ് എടുത്ത കേസിൽ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.