വിസ്മയ കേസ്: പ്രോസിക്യൂഷൻ വാദം ഇന്ന് ആരംഭിക്കും, പ്രതിഭാഗം സാക്ഷി വിസ്താരം തിങ്കളാഴ്ച പൂർത്തിയായി

കൊല്ലം: വിസ്മയ കേസിൽ പ്രോസിക്യൂഷൻ ഭാഗം വാദം കൊല്ലം ഒന്നാം അഡീ. സെഷൻസ് ജഡ്ജി മുമ്പാകെ ചൊവ്വാഴ്ച ആരംഭിക്കും. വിസ്മയ മരണപ്പെട്ട് ഒരു വർഷത്തിനകം വിചാരണ നടപടികൾ പൂർത്തിയായി പ്രോസിക്യൂഷൻ ഭാഗം വാദം ആരംഭിക്കുന്നെന്ന പ്രത്യേകതകൂടി കേസിനുണ്ട്.

പ്രോസിക്യൂഷനും പ്രതിഭാഗവും ഫോണിലെ റെക്കോഡ് ചെയ്ത സംഭാഷണങ്ങളെ അധികരിച്ച് വാദം പറയുന്നതിനാൽ പ്രതിയുടെയും വിസ്മയയുടെയും ഉൾപ്പെടെ സംഭാഷണങ്ങൾ തുറന്ന കോടതിയിൽ കേൾക്കും. പ്രതിഭാഗം സാക്ഷി വിസ്താരം തിങ്കളാഴ്ച പൂർത്തിയായി. പ്രതിഭാഗത്തുനിന്ന് അഞ്ച് പേരടങ്ങുന്ന സാക്ഷിപ്പട്ടികയാണ് സമർപ്പിച്ചതെങ്കിലും രണ്ടുപേരെ മാത്രമേ വിസ്തരിച്ചുള്ളു. മൂന്ന് മാധ്യമപ്രവർത്തകരെ സാക്ഷികളാക്കിയിരുന്നെങ്കിലും അവരെ വിസ്തരിച്ചില്ല. കിരൺകുമാറിന്‍റെ മാതൃസഹോദര പുത്രൻ ശ്രീഹരി, ശൂരനാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഗിരീഷ് എന്നിവരെയാണ് വിസ്തരിച്ചത്.

സംഭവദിവസം രാത്രി ഒന്ന് കഴിഞ്ഞപ്പോൾ കിരണിന്‍റെ പിതാവ് സദാശിവൻപിള്ള വിളിച്ചെന്നും ശൂരനാട് പൊലീസ് സ്റ്റേഷനിൽ പോയി അവിടെയുണ്ടായിരുന്ന ചന്ദ്രമോഹൻ എന്ന പൊലീസ് ഉദ്യോഗസ്ഥനോട് വിസ്മയ മരിച്ച വിവരം പറഞ്ഞെന്നും സദാശിവൻപിള്ള കൈമാറിയ ഒരു കുറിപ്പ് പൊലീസ് ഉദ്യോഗസ്ഥൻ ഉച്ചത്തിൽ വായിച്ചപ്പോൾ 'തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ല' എന്നായിരുന്നു കേട്ടതെന്നും സാക്ഷി ശ്രീഹരി കോടതിയിൽ പറഞ്ഞു.

കിരൺ ആശുപത്രിയിൽ ചെന്നശേഷം മുഴുവൻ സമയവും പുറത്തിരിക്കുകയായിരുന്നെന്നും ആകെ തകർന്ന അവസ്ഥയിലായിരുന്നെന്നും മൊഴി നൽകി. കിരൺ ആശുപത്രിയിൽ കയറുകയോ ഡോക്ടറോട് ഒരിക്കലും സംസാരിക്കുകയോ ചെയ്തില്ലെന്ന് മൊഴി പറഞ്ഞ സാക്ഷിയെ പത്മാവതി ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചശേഷം സ്പെഷൽ പ്രോസക്യൂട്ടർ വിസ്താരം നടത്തി.

റിസപ്ഷൻ കൗണ്ടറിൽ പ്രതിയും സാക്ഷിയും സദാശിവൻ പിള്ളയും നിൽക്കുന്ന ദൃശ്യങ്ങളും ആശുപത്രിയിലെ കാഷ്വൽറ്റിക്കുള്ളിൽ കിരൺ ഡോക്ടറോട് സംസാരിക്കുന്ന ദൃശ്യങ്ങളും കണ്ട സാക്ഷി അത് സത്യമാണെന്ന് മൊഴി നൽകി.

ശൂരനാട് എസ്.എച്ച്.ഒ ഗിരീഷ് ഹാജരാക്കിയ സ്റ്റേഷൻ രേഖ വ്യാജമാണെന്ന പ്രതിഭാഗത്തിന്‍റെ ചോദ്യത്തിന് ഒരിക്കലും അങ്ങനെ വരില്ലെന്ന് എസ്.എച്ച്.ഒ മറുപടി നൽകി. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിലേക്കും ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയിലേക്കും പോകുന്ന രേഖകളാണെന്നും ആയതിൽ ഒരിക്കലും കൃത്രിമം കാണിക്കാൻ കഴിയില്ലെന്നും മൊഴി നൽകി. സി.സി ടി.വി ദൃശ്യങ്ങൾ സംബന്ധിച്ച് കോടതി പ്രതിയിൽനിന്ന് ചൊവ്വാഴ്ച വിശദീകരണം തേടും.

Tags:    
News Summary - vismaya case: Prosecution argument begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.