കൊല്ലം: യുവതിയുടെ അസ്വാഭാവിക മരണം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകമെന്ന് വ്യക്തമായതോടെ ഭർത്താവ് അറസ്റ്റിൽ. കൊല്ലം ജോനകപ്പുറം ബുഷറ മൻസിലിൽ അബ്ദുൽ ബാരി (34) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്.
ഇയാളുടെ ഭാര്യ ആമിന (22) കഴിഞ്ഞ 22ന് അസ്വാഭാവികമായി മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. 22ന് രാവിലെ കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ടു എന്ന് പറഞ്ഞ് അബ്ദുൽ ബാരിയും ബന്ധുക്കളും ചേർന്ന് ആമിനയെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ ആമിന മരിച്ചിരുന്നു.
പെൺകുട്ടിയുടെ മരണത്തിൽ അന്നുതന്നെ പിതാവ് സംശയം പ്രകടിപ്പിച്ചിരുന്നതിനാൽ പള്ളിത്തോട്ടം പൊലീസിന്റെ നിർദേശപ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. പിതാവിന്റെ പരാതിയിൽ അസാധാരണ മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. പെൺകുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടാൻ തക്ക അസുഖങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും, മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതിനാൽ ഉണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നും ഡോക്ടർ വ്യക്തമാക്കി. തുടർന്ന് സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നിർദേശപ്രകാരം പള്ളിത്തോട്ടം പൊലീസ് തെളിവുകൾ നിരത്തി അബ്ദുൽ ബാരിയെ ചോദ്യംചെയ്തതോടെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
കൊല്ലം അസിസ്റ്റന്റ് പൊലീസ് കമീഷണർ എ. അഭിലാഷിന്റെ മേൽനോട്ടത്തിൽ പള്ളിത്തോട്ടം ഇൻസ്പെക്ടർ ആർ. ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുകേഷ്, അനിൽ ബേസിൽ, ജാക്സൺ ജേക്കബ്, എ.എസ്.ഐമാരായ കൃഷ്ണകുമാർ, സുനിൽ, എസ്.സി.പി.ഒമാരായ സുമ ഭായ്, ഷാനവാസ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.