പട്ടാമ്പി: വയോധികയുടെ മാല പൊട്ടിച്ച കേസിൽ പ്രതി പിടിയിൽ. പെരുമുടിയൂർ പുത്തൻതൊടിയിൽ പ്രശാന്തിനെയാണ് (34) പട്ടാമ്പി പൊലീസ് പിടികൂടിയത്. കൊടുമുണ്ട കുന്നക്കോട്ടിൽ കാളിയുടെ മാലയാണ് പൊട്ടിച്ചത്. കാര്യമായ തെളിവുകളൊന്നും അവശേഷിക്കാത്ത കേസിൽ വർക്ഷോപ്പിൽ ഉപയോഗിക്കുന്ന കോട്ടൺ ആണ് തുമ്പുണ്ടാക്കിയത്. ഒക്ടോബർ 10ന് സന്ധ്യക്ക് വിളക്ക് വെക്കുന്നതിനിടെയാണ് വയോധികയെ കടന്നുപിടിച്ച് ഒരു പവൻ മാല പൊട്ടിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും എന്തെങ്കിലും തുമ്പ് നൽകാൻ വയോധികക്ക് കഴിയാത്തതും മറ്റു സൂചനകളൊന്നുമില്ലാത്തതും വെല്ലുവിളിയായി. എന്നാൽ, വർക്ഷോപ്പിൽ ഉപയോഗിക്കുന്ന ഒരു കഷ്ണം കോട്ടൺ ലഭിച്ചത് കേസിൽ വഴിത്തിരിവായി.
വീട്ടിൽ അടുത്തിടെ മരപ്പണിയും പെയിന്റിങ്ങും നടന്നിരുന്നു. ബന്ധപ്പെട്ട തൊഴിലാളികളിലേക്ക് സംശയം നീണ്ടെങ്കിലും അസാധാരണമായൊന്നും കണ്ടെത്തിയില്ല. തുടർന്ന് അത്തരം കോട്ടൺ ഉപയോഗിക്കുന്നവരിലേക്കായി അന്വേഷണം. സമീപത്തെ മൈലാഞ്ചിപ്പടിയിൽ പ്രവർത്തിക്കുന്ന വർക്ഷോപ്പിൽ പൊലീസെത്തി. ഉടമ നാട്ടുകാർക്ക് സുസമ്മതനായ പ്രശാന്തായതിനാൽ ആർക്കും സംശയം തോന്നിയില്ല. വർക്ഷോപ് ജീവനക്കാരുമായി പൊലീസ് സംസാരിക്കുന്നതിനിടെ വിശദാംശങ്ങളാരാഞ്ഞ് പ്രശാന്ത് ജീവനക്കാരന് ഫോൺ ചെയ്തത് സംശയം ജനിപ്പിച്ചു.
സംഭവം നടക്കുന്ന സമയത്ത് ഇയാൾ വർക്ഷോപ്പിൽ ഇല്ലായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കഴിയാത്തതും ആ സമയത്തെ മൊബൈൽ ഫോണിന്റെ സ്ഥാനവും ഫോണിലേക്ക് വന്ന കോളുകൾ എടുക്കാത്തതും തെളിയിക്കപ്പെട്ടതോടെ പ്രതി കുറ്റം സമ്മതിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുറ്റം ചെയ്തതെന്നും മൊഴി നൽകി. പ്രതിയെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പട്ടാമ്പിയിലെ ജ്വല്ലറിയിൽ വിറ്റ മാല കണ്ടെടുത്ത ശേഷം പ്രശാന്തിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് എസ്.എച്ച്.ഒ പ്രശാന്ത് ക്ലിന്റ് അറിയിച്ചു. സീനിയർ സി.പി.ഒ മണി, സി.പി.ഒമാരായ ഷെമീർ, സജിത്ത് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.