മസ്കത്ത്: വാക്കുകളെ മനോഹരമായ ചിത്രങ്ങളാക്കി മാറ്റുക എന്നതാണ് കലിഗ്രഫി. മലയാളികള്‍ക്ക് അത്ര സുപരിചിതമായ നാമമോ സങ്കേതമോ ആയിരുന്നില്ലിത്, പ്രത്യേകിച്ച് അറബിക് കലിഗ്രഫി.
കാലിഗ്രഫിയിലൂടെ ലോകോത്തര വേദികളിൽ അറബിവാക്കുകളെ അതിന്റെ ആത്മാവിൽത്തൊട്ട് ആവിഷ്കരിക്കുന്ന ഒരു മലയാളിയുണ്ട്, കേരളത്തിലെതന്നെ ആദ്യത്തെ കലിഗ്രഫി സ്റ്റുഡിയോയായ കഗ്രാട്ട് തുടങ്ങിയ മലപ്പുറം സ്വദേശിയായ കരീം ഗ്രഫി എന്ന അബ്ദുൽ കരീം കക്കോവ്. ഏഷ്യൻ കപ്പ് ഫുട്ബാൾ വേദിയിലും ഖത്തർ ലോകകപ്പ് വേദിയിലുമെല്ലാം സ്ട്രീറ്റ് ആർട്ടുമായി ഫുട്ബാൾ ആരാധകരെ വിസ്മയിപ്പിച്ച കലാകാരൻകൂടിയാണ് ഇദ്ദേഹം.
ഉസ്ബക്കിസ്താനിലെ കാലിഗ്രഫി മേള കഴിഞ്ഞ് ഒമാനിലെത്തിയ കരീം ഗൾഫ് മാധ്യമവുമായി കാലിഗ്രഫി വിശേഷങ്ങൾ പങ്കുവെക്കുകയാണ്.
കലിഗ്രഫിയിൽനിന്ന് കലിഗ്രഫിറ്റിയിലേക്ക്
ഈ മേഖല ഇത്ര ജനകീയമായതിലും കുറെ ആളുകൾക്ക് ഇതുകൊണ്ട് മാനസിക സമ്മർദ്ദം കുറക്കാൻ സാധിക്കുന്നുയെന്ന് അറിഞ്ഞതിനാലും വളരെ അധികം സന്തോഷം നൽകുന്നുണ്ട്.
അതുപോലെതന്നെയാണ് എല്ലാ വിഭാഗത്തിലുള്ള ആളുകളിലേക്കും ഇന്ന് കാലിഗ്രഫിയെത്തിക്കാനും സാധിച്ചു. നിലവിൽ കാലിഗ്രഫിറ്റിയിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. ജീവിതപരിസരത്തേക്കും ജീവിത രീതിയിലേക്കും കലയെക്കൊണ്ടുവരികയെന്നത് പ്രധാന കാര്യമാണ്. പണക്കാരനോ പാവപ്പെട്ടവനോ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുമ്പോഴേ കല അതിന്റെ പൂർണതയിലെത്തുന്നുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നത്. അത് കേവലം വീട്ടിൽ ഒതുങ്ങിപോവുന്നതിനോട് എനിക്ക് യോജിപ്പില്ല.
ഫിഫക്കു ശേഷം
ഗ്രഫിറ്റി ആർട്ടിസ്റ്റായാണ് ഫിഫ വേൾഡ് കപ്പിലേക്ക് സെലക്ഷൻ കിട്ടിയത്. പബ്ലിക് ആർട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ആളുകളുമായി സംവദിക്കാൻ കഴിയുമെന്നതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വന്ന ആളുകളുമായി സംവദിക്കാൻ കഴിഞ്ഞുവെന്നത് ഏറെ സന്തോഷംതന്നെ. ഫിഫക്കുശേഷം എന്റെ ആത്മവിശ്വാസം വർധിച്ചു എന്നുവേണം പറയാൻ. ഞാൻ അന്വേഷിച്ച ഒരുപാട് ഉത്തരങ്ങൾ കണ്ടെത്താൻ എനിക്ക് സാധിച്ചു.
ഫലസ്തീനൊപ്പം
മലപ്പുറം-കോഴിക്കോട് ജില്ല അതിര്‍ത്തിയായ കക്കോവ് ഗ്രാമത്തില്‍നിന്ന് ഇന്ന് രാജ്യങ്ങളിൽനിന്നും രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ഇന്ത്യൻ കലാകാരനെന്ന് അറിയപ്പെടുന്ന കരീംഗ്രഫി തന്റെ അക്ഷര ചിത്രങ്ങളിലൂടെ പോരാട്ടവും പ്രതിഷേധവും രാഷ്ട്രീയവും നിരന്തരം സംസാരിച്ചിരുന്നു.
ഫലസ്തീനടക്കമുള്ള അടിച്ചമർത്തപ്പെട്ട ജനതക്കൊപ്പം ഉപാധികളൊന്നും കൂടാതെ കൂടെ നിൽക്കാൻ ഈ കലാകാരന് സാധിച്ചിട്ടുണ്ട്. ലോകത്ത് നടക്കുന്ന തീക്ഷ്ണമായ സംഭവവികാസങ്ങളോടുള്ള പ്രതികരണങ്ങളായിരുന്നു പല ചിത്രങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.