തിരുവനന്തപുരം: പ്രകൃതിയോട് ഇഴയടുപ്പമുള്ള ഗ്രാമീണ കലകളുടെ പുരാവൃത്ത സങ്കൽപങ്ങളെ വിളിച്ചറിയിക്കുന്ന ഇൻസ്റ്റലേഷൻ പുതുതലമുറക്ക് നമ്മുടെ സംസ്കൃതിയെകുറിച്ച് അറിയാൻ വഴിയൊരുക്കുമെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
സ്ത്രീസ്വാതന്ത്ര്യത്തെ ഓർമപ്പെടുത്തുന്ന അമ്മതെയ്യവും തെയ്യം കലയുടെ മുഖത്തെഴുത്തുകളും ഗ്രാമീണ പശ്ചാത്തലത്തിൽ പുനർസൃഷ്ടിച്ച ശില്പനിർമ്മിതി ഭാരത് ഭവനിൽ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരാവൃത്തകാലത്ത് സാമൂഹിക മാറ്റത്തിനുവേണ്ടി പൊരുതി മുന്നേറിയ സ്ത്രീ ചിന്തകളുടെ പ്രതിരോധത്തിന്റെ പ്രതിരൂപങ്ങളാണ് മലബാറിലെ അമ്മതെയ്യങ്ങൾ.
സ്ത്രീ സ്വാതന്ത്ര്യം അകലെയായി നിലകൊള്ളുന്ന വർത്തമാനകാല സാഹചര്യത്തിൽ ഇത്തരം കലാവിഷ്കാരങ്ങൾ അനുകരണീയമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ഡോ. കെ. ഓമനക്കുട്ടി അഭിപ്രായപ്പെട്ടു. ക്ലാസ്സിക്ക് കലകൾക്കൊപ്പം ഫോക്ക് കലകളും പുതിയ പുനർനിർമിതികൾക്ക് വിഷയമാവുന്നത് പ്രോത്സാഹനജനകമാണെന്ന് ഡോ. ജോർജ്ജ് ഓണക്കൂർ പറഞ്ഞു.
കലയുടെ സൗന്ദര്യത്തെ ആവാഹിച്ചെടുക്കുന്ന ചാരുതയോടെ പ്രകൃതിയുമായി ഇഴചേർന്നു നിൽക്കുന്ന ആറ് തെയ്യക്കോലങ്ങളുടെ മുഖത്തെഴുത്തുകളുടെ സാന്നിധ്യത്തിൽ ആടയാഭരണങ്ങളോടെ ആടിത്തിമിർക്കുന്ന രീതിയിലാണ് ഭാരത് ഭവനിൽ അമ്മതെയ്യത്തിന്റെ ഇൻസ്റ്റലേഷൻ ഒരുക്കിയിരിക്കുന്നത്.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ജോർജ്ജ് ഓണക്കൂർ ഇൻസ്റ്റലേഷൻ ആശയക്കുറിപ്പ് പ്രകാശനം ചെയ്തു. പ്രൊഫ.അലിയാർ, ശില്പി അർജ്ജുൻ വെങ്ങര, സുനിൽ കുടവട്ടൂർ എന്നിവർക്ക് പുറമെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവർത്തകരും നിരവധി വിദ്യാർഥികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.