കളമശ്ശേരി: 24ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് കളമശ്ശേരിയിൽ തിരശ്ശീല ഉയർന്നു. ഒന്നാം ദിനം ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർക്കുള്ള മത്സരങ്ങൾ സമാപിച്ചപ്പോൾ 59 പോയന്റോടെ ആതിഥേയരായ എറണാകുളം ജില്ല മുന്നേറുന്നു. രണ്ട് പോയന്റ് വ്യത്യാസത്തിൽ ഇടുക്കിയും പത്തനംതിട്ടയുമാണ് (57) രണ്ടാമത്. തൊട്ടുപിന്നിൽ 56 പോയന്റുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തുണ്ട്. 55 പോയന്റുള്ള മലപ്പുറമാണ് നാലാമത്.
കളമശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സ്പെഷല്‍ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സംഘനൃത്തം, നാടോടിനൃത്തം, മോഹിനിയാട്ടം, സംഘഗാനം തുടങ്ങി ഒമ്പതിനങ്ങളാണ് ആദ്യദിനം പൂർത്തിയായത്. വെള്ളിയാഴ്ച 20 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. കാഴ്ചപരിമിതിയുള്ള കലാപ്രതിഭകളുടെ മത്സരമാണ് വെള്ളിയാഴ്ച. ശനിയാഴ്ചയാണ് സമാപനം. നൂറുകണക്കിനാളുകളാണ് കലോത്സവ വേദിയിൽ ആദ്യദിനം എത്തിയത്. ദൂരെദിക്കുകളിൽനിന്നുള്ളവർക്കായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഒന്നാം വേദിയിലെ ഊട്ടുപുരയിൽ വിഭവസമൃദ്ധമായ സദ്യയും ഒരുക്കി.
കെ. ബാബു എം.എല്‍.എ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, ജില്ല പ്ലാനിങ് ബോര്‍ഡ് അംഗം ജമാല്‍ മണക്കാടന്, കളമശ്ശേരി നഗരസഭ ചെയര്പേഴ്സൻ സീമ കണ്ണന്, വൈസ് ചെയര്പേഴ്സൻ സല്‍മ അബൂബക്കര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച്. സുബൈര്‍, വാര്‍ഡ് കൗണ്‍സിലര്‍ അന്‍വര്‍ കുടിലില്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശൂർ -53, കോട്ടയം -50, കോഴിക്കോട് -44, കൊല്ലം -40, ആലപ്പുഴ -38, കാസർകോട് -36, കണ്ണൂർ -34, പാലക്കാട് -29, വയനാട് -20 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയന്റ്നില.
ഒന്ന് മുതൽ ഏഴുവരെ ക്ലാസുകളുടെ ജൂനിയർ വിഭാഗത്തിൽ 31 പോയന്റുള്ള അടിമാലിയിലെ കാർമൽ ജ്യോതി സ്കൂളാണ് ഒന്നാമത്. എട്ടു മുതൽ 10വരെ ക്ലാസുകളുടെ വിഭാഗത്തിൽ 15 വീതം പോയന്റ് നേടി എറണാകുളം നിർമല സദൻ, വൈ.എം.സി.എ തിരുവല്ല പത്തനംതിട്ട, സാൻജോസ് വിദ്യാലയ ഏറ്റുമാനൂർ കോട്ടയം, അഭയം സ്പെഷൽ സ്കൂൾ കോഴിക്കോട് എന്നിവയാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.