കോഴിക്കോട്: കാഴ്ചയുടെ സൂക്ഷ്മതയിലേക്കുള്ള അസാധാരണ യാത്രയുടെ സാക്ഷ്യങ്ങളാണ് രഞ്ജിത്ത് മാധവന്റെ ഫോട്ടോകൾ. അവ്യക്തമായ നിഴലുകളുടെ ഇരുണ്ട നിറങ്ങളിൽപോലും കലയുടെ രസം കണ്ടെത്താനുള്ള ശ്രമം. ‘ക്ഷണികങ്ങൾ’ എന്ന് പേരിട്ട ഫോട്ടോഗ്രഫി സീരീസ് ഒരുക്കിയിരിക്കുന്നത് വെള്ളത്തിലെ മനുഷ്യരൂപങ്ങൾ കോർത്തിണക്കിയാണ്.
കേരളത്തിലെ പെരിയാർ മുതൽ ലഡാക്കിലെ സിന്ധു നദി വരെ ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽനിന്നുള്ള 20 നദികളിൽനിന്നുള്ള ഫോട്ടോകൾ. ഒരു നിമിഷാർധ നേരം മാത്രം തെളിഞ്ഞുമാഞ്ഞുപോകുന്ന നിഴൽരൂപങ്ങളിൽ നിന്നെടുത്ത ചിത്രങ്ങളെ ഇനിയാർക്കും പുനഃസൃഷ്ടിക്കാൻ കഴിയുകയുമില്ല. മൂന്ന് ഘട്ടങ്ങളായി ആറുമാസത്തോളം രാജ്യത്തുടനീളം യാത്ര ചെയ്താണ് ഓരോ ചിത്രങ്ങളും രഞ്ജിത്ത് എടുത്തത്.
വെള്ളത്തിന് മുകളിൽ തണലുകൾ വീഴ്ത്തുന്ന സൂര്യനെയും തിരമാലകളുണ്ടാക്കി നിഴലുകളെ ചലിപ്പിക്കുന്ന കാറ്റിനെയും വളരെ ആവേശത്തോടെയാണ് താൻ സ്വാഗതം ചെയ്തിരുന്നതെന്ന് പറയുന്നു രഞ്ജിത്. നദീതീരങ്ങളിൽ ചിത്രങ്ങൾക്കായി അലയുമ്പോൾ ഓരോന്നും കാഴ്ചയുടെ കാൻവാസിൽ മോഹിപ്പിക്കുന്ന പെയിന്റിങ്ങുകളായി മാറി. വെള്ളത്തിനെ കാൻവാസാക്കി പ്രകൃതിചിത്രം വരക്കുകയായിരുന്നു. പ്രകൃതിയുടെ മാസ്മരികമായ ചിത്രകല പിന്തുടരുന്നതാണ് രഞ്ജിത്തിന്റെ നദീയാത്രകൾ.
ആകെയുള്ള 31 ഫോട്ടോകളിൽ 17 ഫോട്ടോകളാണ് ലളിതകല അക്കാദമി ആർട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 31 ചിത്രങ്ങളും ഉൾപ്പെടുത്തി കോഫി ടേബിൾ എന്ന പേരിൽ ഒരു പുസ്തകവും രഞ്ജിത്ത് മാധവൻ തയാറാക്കുന്നുണ്ട്. ചിത്രകാരൻ പാരിസ് മോഹൻകുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രദർശനം ഡിസംബർ ആറിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.