അഭിമാനത്തോടെ നീങ്ങും ഭാരതത്തിൻ മക്കളേ
അടരാടി നേടിത്തന്നതാണീ മണ്ണ് പൂക്കളേ
ഏറെ സഹിച്ചു മൃത്യു വരിച്ചോരെയോർക്കണം
എന്തിന്നു പിന്നെ നമ്മൾ തമ്മിൽ പോരടിക്കണം...
പോരടിക്കണം...
ചാലിയാർ പുഴയോരത്ത് എം.എസ്.എഫ് ഹരിത സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലിരുന്ന് പി.എച്ച്. അബ്ദുല്ല മാസ്റ്റർ പാടുമ്പോൾ മകളും സംഘടനയുടെ സംസ്ഥാന അധ്യക്ഷയുമായ പി.എച്ച്. ആയിഷ ബാനു അരികിലുണ്ട്. ഉപ്പ എഴുതിയ വരികളുടെ പ്രസക്തിയേറിക്കൊണ്ടിരിക്കുന്ന കെട്ടകാലത്ത് പലരുടെയും ശബ്ദത്തിൽ ദിനേനയെന്നോണം ഈ പാട്ട് കേൾക്കാറുണ്ടെങ്കിലും ഓർമകളെ കുട്ടിക്കാലത്തേക്ക് കൈപിടിച്ചുനടത്തുന്ന മാന്ത്രികത മാഷ് പാടുമ്പോൾ ആയിഷക്ക് അനുഭവപ്പെടാറുണ്ട്. അത് ഉപ്പയും മോളും തമ്മിലെ ഒരു രസതന്ത്രമാണ്.
സാംസ്കാരിക, പൊതുരംഗങ്ങളിൽ സജീവമായിരുന്നൊരാൾക്ക്, പ്രകൃതിയെയും ചുറ്റിലുമുള്ള മനുഷ്യരെയും തന്നെത്തന്നെയും കൺനിറയെ കണ്ടുകൊണ്ടിരുന്നൊരാൾക്ക്, പെട്ടെന്നൊരാൾ കാഴ്ചയില്ലാതാവുന്നു. അബ്ദുല്ല മാഷിന്റെതന്നെ വാക്കുകളിൽ, അമാവാസിയെ നൂറുകൊണ്ട് ഗുണിച്ചാലുള്ളത്ര ഇരുട്ടാണ് ഒന്നരപ്പതിറ്റാണ്ടോളമായി അദ്ദേഹത്തിനു ചുറ്റും. റമദാൻ നോമ്പിന്റെ അവസാന നാളുകളിൽ പെരുന്നാളിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആ നിറക്കാഴ്ചകളെക്കുറിച്ച് വാചാലനാവുകയാണ് മാഷ്. ശബ്ദംകൊണ്ടും സ്പർശനംകൊണ്ടും സാന്നിധ്യംകൊണ്ടും ഉപ്പതന്നെ തിരിച്ചറിയുമ്പോൾ പെരുന്നാൾമണമുള്ള പുത്തനുടുപ്പിട്ട് അരികിൽപ്പോയി നിൽക്കാൻ കൊതിച്ച് ആയിഷ വീണ്ടും കുട്ടിയാവുന്നു.
കൂവിയറിച്ച മാസപ്പിറവി
മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ ആക്കോടാണ് അബ്ദുല്ല മാഷിന്റെ സ്വദേശം. പെരുന്നാൾ അത് വല്ലാത്ത ഓർമയാണെന്ന് മാഷ്. കുട്ടിക്കാലത്ത് ഏറ്റവുമധികം സ്വാധീനിച്ച ദിവസം. എല്ലാം മറന്ന് ആഘോഷിച്ച കാലം. രാത്രി വൈകിയായിരിക്കും പലപ്പോഴും മാസപ്പിറവി അറിയുക, മാവൂർ ഗ്വാളിയോർ റയോൺസിൽ ജോലി ചെയ്യുന്നവരിൽനിന്നൊക്കെയാവും. അറിഞ്ഞവർ അറിഞ്ഞവർ കൂകിയും മറ്റും ബാക്കിയുള്ളവരെ അറിയിക്കും. റേഡിയോയും ടെലിഫോൺ സൗകര്യവും വളരെ കുറവ്. രാത്രി 10 മണിക്കുശേഷം റേഡിയോ വഴി മാസപ്പിറവി അറിയിപ്പുണ്ടാവില്ല. നാട്ടിലെ ചെറുപ്പക്കാർ കാൽനടയായും സൈക്കിളെടുത്തും തൊട്ടപ്പുറത്തെ നാടുകളിൽ പോയി അന്വേഷിക്കും. ശവ്വാൽ മാസപ്പിറവി കണ്ടെന്നറിഞ്ഞാൽപിന്നെ ഉറക്കമില്ലാത്ത രാവ്. പള്ളികളിൽനിന്നും വീടുകളിൽനിന്നും തക്ബീർ മുഴങ്ങും. വാഹനങ്ങളോ റോഡുകളോ ഇല്ലാത്ത കുഗ്രാമങ്ങൾപോലും സജീവമായിരിക്കും. തയ്ച്ചുതീരാതെ കെട്ടിക്കിടക്കുന്ന തുണിശീലകൾ നോക്കി നെടുവീർപ്പിട്ടും ഉറക്കംതൂങ്ങിയും ടെയ്‍ലർ കടകൾക്കു മുന്നിൽനിന്ന് നേരം വെളുപ്പിക്കുന്ന കുട്ടികൾ പതിവുകാഴ്ചയായിരുന്നു. ഇറച്ചി വാങ്ങാനും പലചരക്കുസാധനങ്ങൾ വാങ്ങാനും ക്യൂ നിൽക്കുന്നവരെ കാണാം. വീടുകളിൽ മൈലാഞ്ചിയരക്കുന്നതിന്റെയും പലഹാരങ്ങളുണ്ടാക്കുന്നതിന്റെയും തിരക്കിൽ സ്ത്രീകൾ. കാലത്തിനൊപ്പം പേക്ഷ ആ കാഴ്ചകളും മങ്ങി.
പവിത്രയുടെ ഉപ്പ
അബ്ദുല്ല-ഖൈറുന്നീസ ദമ്പതികളുടെ അഞ്ചു മക്കളിൽ നാലാമത്തെയാളും ഏക പെൺതരിയുമാണ് ആയിഷ ബാനു. ഉപ്പയുടെയും ഉമ്മയുടെയും ഇക്കാക്കമാരുടെയും സ്നേഹവാത്സല്യങ്ങൾ അനുഭവിച്ച് രാജകുമാരിയായി അവൾ വളരവെ ഒരു ദിവസം ജീവിതത്തിലെ നിറങ്ങളെല്ലാം കെട്ടുപോയപോലെ. ഉപ്പ ഇരുട്ടിന്റെ ലോകത്തായതിൽ അദ്ദേഹത്തേക്കാൾ സങ്കടം മറ്റുള്ളവർക്കായിരുന്നു. അതോടെ പെരുന്നാളുടുപ്പിലൊക്കെ കണ്ണീർ പടർന്നു. നന്നായി പഠിച്ചിരുന്ന കുട്ടിക്ക് പഠിത്തത്തിൽ ശ്രദ്ധയില്ലാതായി. യാത്രകൾ പോയിരുന്നതിൽനിന്ന് മാറി പെരുന്നാളുകൾ വീട്ടിലൊതുങ്ങി.
ഉപ്പയുടെ കാഴ്ച പോയതിനുശേഷം പടികടന്നെത്തിയ ആദ്യത്തെ ആഘോഷനാൾ ഉള്ളിൽ വേദനപടർത്തി ഇപ്പോഴും ഓർമയിലെത്താറുണ്ട്. ആയിഷയുടെ കളിക്കൂട്ടുകാരിയായിരുന്നു പവിത്ര. ഏതു നേരവും കൂടെയുണ്ടാവും. ആയിഷയുടെ ഉമ്മയും ഉപ്പയും പവിത്രയുടേതുമായിരുന്നു. തിരിച്ചും അങ്ങനെതന്നെ.
ആഘോഷങ്ങൾ അവർ ഒരുമിച്ചു കൊണ്ടാടി. ഉല്ലാസയാത്രകളിലെല്ലാം ആയിഷയുടെ കുടുംബത്തിലെ അംഗമായി പവിത്രയുമുണ്ടാവും. ആ പെരുന്നാൾ ദിവസം രാവിലെ മാഷെ കാണാൻ പരിചയക്കാർ വന്നതായിരുന്നു. പെരുന്നാൾ വസ്ത്രമണിഞ്ഞ് ആയിഷയും പവിത്രയും മുറിയിലേക്കു വരുന്ന സമയമാണ്. ‘മോളേ പവിക്കുട്ടീ’ എന്നു വിളിച്ച് അന്ന് വന്നവരിലാരെയോ ആളുമാറി അദ്ദേഹം ആലിംഗനം ചെയ്യാനൊരുങ്ങുന്നത് കണ്ടാണ് ആയിഷയും പവിത്രയും അങ്ങോട്ട് ചെല്ലുന്നത്. അന്നാദ്യമായി ആയിഷയുടെ പെരുന്നാളിന് കണ്ണീരിന്റെ നനവുപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.