ദുബൈയിൽ പരിചയപ്പെട്ട നൈജീരിയൻ സുഹൃത്തിനെ കുറിച്ച് പ്രവാസി മലയാളിയായ അബ്ദുൽ ഗഫൂർ നിരത്തരികിൽ എഴുതിയ കുറിപ്പ്
'നീ ഈ പരിസരത്ത് എവിടെയെങ്കിലും ഉണ്ടോ ! മിനിഞ്ഞാന്നു മുതൽ ഞാൻ പട്ടിണിയിലാണ്''
മിസ്ഡ് കോൾ കണ്ട് തിരിച്ചു വിളിച്ചപ്പോൾ, ഉപചാരങ്ങളൊന്നുമില്ലാതെ സണ്ണിയുടെ ചോദ്യം. വയറെരിയുന്നവന് ഔചിത്യത്തിൻ്റെയോ ഔപചാരികതയുടെയോ മുക്കുപണ്ടങ്ങളുടെ ആവശ്യമില്ലല്ലോ! ഉള്ളുപൊള്ളിക്കുന്ന നേരു പറയാൻ കാപട്യത്തിൻ്റെ തൊങ്ങലുകൾ ആമുഖമായും ഉപസംഹാരമായും ആരും ഒന്നും ചേർക്കില്ലല്ലോ!
കാഴ്ചയിൽ ആജാനുബാഹുവായ സണ്ണിക്ക് എൻ്റെ ഏറ്റവും ഇളയ അനുജൻ്റെ പ്രായം പോലുമില്ല.! ദുബൈക്രീക്കിൻ്റെ ഓരങ്ങളിലെ മരബെഞ്ചിൽ, കൂട്ടുകാരായ മാത്യൂസ്, വാലൻ്റെൻ തുടങ്ങിയ നൈജീരിയൻ യുവാക്കൾക്കൊപ്പം സൊറ പറഞ്ഞിരിക്കുന്ന നൈജീരിയക്കാരനാണവൻ. വയറെരിയുമ്പോഴും നിറഞ്ഞു ചിരിക്കാനും സൊറപറയാനും മനുഷ്യർക്ക് സാധിക്കുമെന്ന് ഞാൻ പഠിച്ചത് സണ്ണിയിൽ നിന്നാണ്.
ആരോ വെച്ച കെണിയിൽ വീണ് ജീവിതത്തിൻ്റെ മന്നയും സൽവയും തേടി ദുബൈയിൽ എത്തിയതാണവൻ. പണിയും തുണിയും കഞ്ഞിയും കിടത്തവുമില്ലാത്ത വിസ. വലിയ തുക കൊടുത്ത് വാങ്ങിയ വിസയിൽ പട്ടിണി കിടക്കാൻ വിധിക്കപ്പെട്ടവൻ!
ആദ്യമായി കണ്ട നാൾ അവനോടും കൂട്ടുകാരോടും കുശലം പറഞ്ഞു. പിന്നീടതൊരു പതിവായി. ഞങ്ങൾ ജീവിതവും മരണവും കലയും രാഷ്ട്രീയവും കവിതയും യുദ്ധവും സമാധാനവും കാമനകളും ചർച്ച ചെയ്തു. ചില സായാഹ്നങ്ങളിൽ ഞങ്ങൾ ആഹാരം പങ്കിട്ടു കഴിച്ചു.
ആരോരും മിണ്ടിപ്പറയാത്ത ഞങ്ങൾ കറുത്ത വർഗ്ഗക്കാരോട് നിനക്കെങ്ങനെ കുശലം പറയാനും ചേർന്നു നിൽക്കാനും കഴിയുന്നു എന്നവൻ പലവട്ടം എന്നോട് പല സന്ദർഭങ്ങളിൽ ചോദിച്ചെങ്കിലും ഒരു ചിരിയിൽ ഞാൻ എപ്പോഴും മറുപടി ഒതുക്കി. സത്യത്തിൽ എന്താണ് ആ ചോദ്യത്തിനുത്തരമായി നൽകേണ്ടത് എന്ന കാര്യത്തിൽ എനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നില്ല. ഉപാധികളില്ലാതെ ആളുകളെ പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നൊക്കെ പലയിടത്തു നിന്നും പഠിച്ചിട്ടുണ്ടെങ്കിലും അക്കാര്യത്തിൽ ഞാൻ സത്യസന്ധത പാലിച്ചിട്ടുണ്ടോ ഇത്രയും കാലം എന്നു പോലും ഉറപ്പില്ലാത്ത ഞാൻ അവനോട് എന്തു മറുപടി പറയാൻ!
കിടപ്പിടത്തിൻ്റെ വാടക നൽകാനില്ലാതായപ്പോൾ അവൻ മുറിയിൽ നിന്നു നിഷ്കാസിതനായി. ചുട്ടുപൊള്ളുന്ന മീനവെയിലിൽ തടിമാടനായ അവൻ വിയർത്തു കുളിച്ചു. നഗരത്തിലെ പൊതു ശൗചാലയത്തിൽ നിന്നവൻ ദേഹശുദ്ധി വരുത്തി. മസ്ജിദുകളുടെ ചുറ്റുവട്ടങ്ങളിൽ സ്ഥാപിച്ച കൂളറുകളിൽ നിന്നു വെള്ളം മോന്തി അവൻ വിശപ്പും ദാഹവും കെടുത്തി. പകലറുതികളിൽ ദുബൈക്രീക്കിലെ പുൽത്തകിടിയിൽ തളർന്നുറങ്ങി.
അവനെ പോലെ പണിയും തുണിയുമില്ലാത്തവർ അവിടെ വേറെയുണ്ടായിരുന്നു. അവരുടെ ദുരിതങ്ങളിലേക്ക് ആരും തിരിഞ്ഞു നോക്കിയില്ല. ഒരു ചായ വാങ്ങിത്തരട്ടേയെന്ന് ആരും അവരോട് കനിഞ്ഞില്ല.
ഒരു ബലിപെരുന്നാൾ പിറ്റേന്ന് അവനേയും കൂട്ടുകാരേയും വീണ്ടും കണ്ടു. പാർട്ടി വേണം എന്ന ഒറ്റ വാശി. ഏറ്റവും കുറഞ്ഞ തുകയിൽ ഏറ്റവും അധികം ലഭിക്കുന്ന ആഹാരം വാങ്ങാനുള്ള പാങ്ങേ എനിക്കന്ന് ഉണ്ടായിരുന്നുള്ളൂ. എൻ്റെ പോക്കറ്റിൻ്റെ കനക്കുറവ് നന്നായറിക്കുന്ന സണ്ണി, കുറഞ്ഞ ഭക്ഷണം മതിയെന്ന് തീർത്തു പറഞ്ഞു.
കഴിച്ചു കഴിഞ്ഞ ശേഷമാണ് അവനതു പറഞ്ഞത്, രണ്ടു നാളായി താനും കൂട്ടുകാരും മുഴുപ്പട്ടിണിയിലായിരുന്നെന്ന്! അപ്പോഴും അവൻ ചിരിക്കുകയായിരുന്നു.
കൂട്ടുകാർ കേൾക്കാത്ത തഞ്ചം നോക്കി ഞാനവൻ്റെ കാതിൽ മന്ത്രിച്ചു, പട്ടിണി കൊണ്ട് തീരേ വശം കെടുമ്പോൾ ഒരു മിസ്ഡ് കോളിൻ്റെ അകലത്തിൽ ഞാനുണ്ടാകുമെന്ന്! മറക്കാതെ വിളിക്കണമെന്ന്!
ആ വാക്കിൻ്റെ ബലത്തിലാവാം കുറേ നാളുകൾക്കു ശേഷം അവൻ എന്നെ ബന്ധപ്പെടുന്നത്.
അകലെയായിട്ടും ധൃതി പിടിച്ച് ഓടി ഞാൻ എത്തുമ്പോൾ അവൻ തളർന്നുവശംകെട്ട് ഒരിടത്ത് ഇരിക്കുകയായിരുന്നു. ഏതു നിമിഷവും ബോധം മറയുമെന്ന അവസ്ഥ!
ഞാൻ ഓടിച്ചെന്ന് സൂപ്പർ മാർക്കറ്റിൽ നിന്നു ഒരു സെവൻ അപ്പ് വാങ്ങിക്കൊണ്ടുവന്ന് അവനെ കുടിപ്പിച്ചു. പത്തിരുപത് നിമിഷം കൊണ്ട് അവൻ്റെ ഊർജ്ജനില ഒരൽപം വീണ്ടെടുതക്കപ്പെട്ടു.. വേച്ചു വേച്ചു നടക്കാമെന്നായപ്പോൾ എൻ്റെ തോളിൽ ചാരി അവൻ നടന്നു. അവൻ്റെ ഭാരം നിമിത്തം ഞാൻ വീണു പോകുമോ എന്നു പോലും തോന്നിപ്പോയി.
അന്നും തീരേ കനം കുറഞ്ഞ പോക്കറ്റായിരുന്നു എൻ്റേത്. ആവതനുസരിച്ച് അൽപം വാഴപ്പഴവും റൊട്ടിയും അവനു വാങ്ങിക്കൊടുത്തു. അന്നുവരെ അന്നം കണ്ടിട്ടില്ലെന്ന വിധം ആർത്തിയോടെ അവൻ അതു ഭക്ഷിച്ചു.
ഊർജ്ജം അൽപം കൂടി വീണ്ടു കിട്ടിയപ്പോൾ, ആദ്യമായി കാണുന്നു എന്നവിധം അവനെന്നെ അതീവ കൗതുകത്തോടെ നോക്കി. ആ വലിയ കൺകുടങ്ങൾ നിറഞ്ഞു തുളുമ്പി. എനിക്കെന്തെങ്കിലും ചെയ്യാനാകുന്നതിനു മുമ്പ് അവൻ്റെ കനത്ത ആലിംഗനത്തിൽ ഞാൻ അമർന്നു.
കുതറി മാറാൻ ശ്രമിച്ചപ്പോൾ അവനെൻ്റെ കൈകളിൽ മുറുകെ പിടിച്ച് എൻ്റെ മൂർദ്ധാവിൽ കൈവെച്ചു.
' യേശു ക്രിസ്തുവുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. മരണാനന്തരം അവനെ കാണാനാകുമെന്ന് ആശിച്ചിരുന്നു. പക്ഷെ, ജീവിതകാലത്തു തന്നെ അവൻ നിൻ്റെ രൂപത്തിൽ എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെടുമെന്ന് സ്വപ്നേപി നിനച്ചിരുന്നില്ല.'
ഇതും പറഞ്ഞ് അവൻ സാകൂതം എന്നെ നോക്കി. അവൻ പ്രശംസാ വചനങ്ങൾ തുടരുമെന്ന് തോന്നിയപ്പോൾ ഞാൻ അവിടെനിന്നു വേഗം സ്ഥലം വിട്ടു.
പിറ്റേനാളാണ് എന്നെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു കൊണ്ടുള്ള കത്ത് എനിക്ക് ലഭിക്കുന്നത്. കൃത്യം മൂന്നു മണിക്ക് അറിയിപ്പു തരാൻ എന്നെ വിളിക്കുമ്പോൾ, രണ്ടേ അമ്പത്തൊമ്പതു വരെ അതു സംബന്ധിച്ച ഒരു സൂചനയും എനിക്കുണ്ടായിരുന്നില്ല. ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന, മൂന്നാമത്തെ ഏറ്റവും വലിയ ആഘാതം. തങ്ങിയിരുന്ന ഗുഹാമുഖത്ത് കൂറ്റൻ പാറക്കല്ല് വന്നടഞ്ഞ പോലെ!
നിരവധി പദ്ധതികളും ബാധ്യതകളും കൊണ്ട് തല പൊക്കാൻ കഴിയാതിരുന്ന കാലത്താണ് പിരിച്ചുവിടൽ ആഘാതവും എന്നെ തേടിയെത്തിയത്. മാന്യമായ ആനുകൂല്യങ്ങൾ നൽകിയാണ് കമ്പനി എന്നെ പിരിച്ചുവിട്ടത്. പോറ്റമ്മയെ പോലെ എന്നെ അണച്ചു പിടിച്ചു സ്നേഹിച്ചൂട്ടിയ പ്രിയപ്പെട്ട ദുബൈ നഗരത്തെ പിരിയുന്നതായിരുന്നു ഏറെ സങ്കടം.
ദുബൈയിലെ എൻ്റെ വറ്റും വെള്ളവും തീർന്നെന്നു കരുതിയ ഞാൻ നാട്ടിലേക്ക് വിമാനം കയറി. മൂന്നു നാലു മാസം നാട്ടിൽ നിന്നു തിരിച്ചു ദുബൈയിലേക്കു തന്നെ വരാനായിരുന്നു പ്ലാൻ. കൈയിലുള്ള നീക്കിയിരിപ്പു മുഴുവൻ തീർന്നശേഷം തിരിച്ചു പോയ്ക്കൂടേയെന്ന വാമഭാഗത്തിൻ്റെ യാചനാഭാവത്തിലുള്ള ചോദ്യത്തിൽ പത്തു മാസത്തോളം നാട്ടിൽ തങ്ങി.
ഫോണിൽ നിന്നു ഇത്തിസാലാത്തിൻ്റെ സിം കാർഡ് ഊരിമാറ്റിയിരുന്നില്ല. ദുബൈയിലെ എൻ്റെ വറ്റും വെള്ളവും തീർന്നിട്ടില്ലെന്നു മനസ്സു പറഞ്ഞു കൊണ്ടേയിരുന്നതിനാലാവാം അതവിടെ തന്നെ കിടക്കട്ടെ എന്നു ഞാൻ തീരുമാനിക്കുകയായിരുന്നു.
ആയിടെ ഒരുദിവസം ഉച്ചയൂണ് കഴിഞ്ഞ് മയങ്ങുമ്പോഴാണ് ഫോൺ രണ്ടു മൂന്നു വട്ടം റിങ്ങ് ചെയ്തത്. എടുക്കാനായുമ്പോഴേക്കും കാൾ കട്ടായി . നോക്കുമ്പോൾ സണ്ണിയുടെ മിസ്ഡ് കാളാണ്.
നന്നേ വയറെരിയുമ്പോൾ വിളിച്ചോളൂ എന്ന എൻ്റെ വാക്കിൽ വിശ്വസിച്ചായിരിക്കുമോ അവൻ വിളിച്ചത്? അറിയില്ല. ഞാൻ ദുബൈയിൽ ഇല്ല എന്നവനെ അറിയിക്കാൻ ഒരു വഴിയുമില്ല. അവന് വാട്സ് ആപ്പില്ല. അവനെ തിരിച്ചുവിളിക്കാൻ എനിക്കന്ന് പാങ്ങുമില്ല.
ഏറ്റവുമൊടുവിൽ യേശു ക്രിസ്തുവിൻ്റെ സ്ഥാനത്ത് എന്നെ കണ്ട അവൻ ഇപ്പോൾ എന്നെ കാണുന്നത് ചതിയുടെ ആൾരൂപമായ ജൂദാസിൻ്റെ സ്ഥാനത്തായിരിക്കുമോ? വാക്കുപാലിക്കാത്ത ചെറ്റയെന്ന് അവൻ എന്നെ ഉള്ളാലെ പ്രാകിയിട്ടുണ്ടാകുമോ? അറിയില്ല!
പതിനൊന്നു മാസത്തെ നാട്ടുവാസത്തിനു ശേഷം ഞാൻ വീണ്ടും ദുബൈയിൽ എത്തിയ ശേഷം ആദ്യം കണ്ടെത്താൻ ശ്രമിച്ചവരിൽ ഒരാൾ സണ്ണിയായിരുന്നു. അവൻ ഉണ്ടാകാൻ സാധ്യതയുള്ള ഗെറ്റോകളിലൊക്കെ പലവുരു പരതി നടന്നെങ്കിലും അവനെയും കൂട്ടുകാരെയും കണ്ടെത്താനായില്ല.
ഇന്നും യൂസുഫ് ബഖർ തെരുവിലൂടെ നടക്കുമ്പോഴൊക്കെ, ഇടിമുഴക്കത്തിൻ്റെ അലർച്ചയോടെ ഹായ് ഗഫൂർ എന്ന അവൻ്റെ കനത്ത വിളിയും കനത്ത പെയ്ത്തും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഞാൻ ഇടവഴികളിലൊക്കെ നിൻ്റെ കനത്ത കാലൊച്ച കേൾക്കാനായി കാത്തിരിക്കുന്നു.
പൊന്നു ചങ്ങാതീ, നീയിപ്പോഴും ജീവിച്ചിരിപ്പുണ്ടോ? നിൻ്റെ അവസാനത്തെ മിസ്ഡ് കാൾ കണ്ടിട്ട് ഞാൻ ഓടിയെത്താതിരുന്നത് നീ പെട്ട പാതാളത്തേക്കാൾ ആഴമുള്ളൊരു പാതാളത്തിൽ ഞാൻ വീണുപോയത് കൊണ്ടാണ്. അത് ഏറ്റു പറഞ്ഞ് നിന്നോട് മാപ്പിരക്കാനുള്ള അവസരമെങ്കിലും എനിക്കു നീ തരുമോ? ഒരിക്കലെങ്കിലും നിന്നെയെനിക്കിനി കാണാനൊക്കുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.