ഷാർജ: കാടിന്റെ വന്യതയിൽനിന്ന് പുസ്തകങ്ങളുടെ പൂന്തോട്ടത്തിലേക്ക് വിരുന്നെത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നൊരു ആദിവാസി. വയനാട്ടിലെ വനഗ്രാമത്തിൽനിന്ന് എഴുത്തിലൂടെ ലോകമറിഞ്ഞ സുകുമാരൻ ചാലിഗദ്ധയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ അതിഥി സാന്നിധ്യം. ആനകളും ആദിവാസികളും തമ്മിലെ അപൂർവ സൗഹൃദം പറയുന്ന വയനാട്ടിലെ കുറുവ ദ്വീപിനെ കുറിച്ചുള്ള ‘കുറു’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന്റെ വരവ്.
പേരിലെ വ്യത്യസ്തത പോലെതന്നെ ആനകളും ആദിവാസികളും തമ്മിലെ അപൂർവ സൗഹൃദം പറയുന്ന വയനാട്ടിലെ കുറുവ ദ്വീപിനെ കുറിച്ചുള്ളതാണ് പുസ്തകം. കേട്ടുകേൾവി മാത്രമുള്ള കാടും അതിലെ പല ജീവികളും പിന്നെ കാടിന്റെ മക്കളെന്നറിയപ്പെടുന്ന ആദിവാസികളുടെ ജീവിതത്തിൽനിന്ന് ചീന്തിയെടുത്തൊരു ഏടു പോലെ വായിച്ചിരിക്കാവുന്നൊരു പുസ്തകം. അദ്ദേഹം തന്റെ പുസ്തകത്തെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ശരിക്കും കാട്ടിലേക്കിറങ്ങിയൊരു ഫീലാണ്.
കാട് കാണാത്തവർക്ക് പോലും അകക്കണ്ണുകൊണ്ട് കാട്ടിലെത്താം. പുസ്തകത്തിലെ ഓരോ വരിയും മനസ്സിൽ ചിത്രീകരിച്ചെടുക്കാം. പണ്ടുമുതലേ കുറുവ ദ്വീപിൽ താമസിച്ചുവരുന്ന ആളുകൾക്കിടയിലേക്ക് ആനകൾ വരുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്യുമ്പോൾ അവർക്കിടയിൽ രൂപപ്പെടുന്ന അപൂർവ സൗഹൃദത്തിന്റെ കഥയാണ് കുറു. പിന്നീട് ആനകളില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അവരെത്തുന്നു. ആനകൾക്കവരും അവർക്കാനകളും പ്രിയപ്പെട്ടതാവുന്നു. ഇത് ജീവിതത്തിന്റെ ഒരു ഭാഗമാവുന്നു. ഇങ്ങനെ പോകുന്നു കഥ.
എഴുത്തുകാരൻ ജേക്കബ് എബ്രഹാമാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. ഒലിവ് പബ്ലിക്കേഷൻസാണ് കഥാസമാഹാരം പ്രസിദ്ധീകരിച്ചത്. കാട് താണ്ടി ഒരാദിവാസി എഴുത്തുകാരൻ ആദ്യമായാണ് ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തുന്നത്. അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകമായ ബേത്തിമാരൻ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ബേത്തിമാരൻ എന്നാണ് സുകുമാരൻ തന്റെ ഗ്രാമവാസികൾക്കിടയിൽ അറിയപ്പെടുന്നത്. പുതിയ പുസ്തകങ്ങൾക്കായുള്ള പണിപ്പുരയിലാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.