ഓ​ർ​മ​ക​ളു​ടെ ഒ​രു വി​ഷാ​ദ​ഭ​രി​ത ഗീ​തം, ഇ​സ്തം​ബൂ​ൾ

ഗതകാല പ്രൗഢിയുടെയും മഹത്തായ സംസ്കാരത്തിന്റെയും ഓർമകൾക്കുമേൽ ജീവിക്കുന്ന ഒരു നഗരത്തിന്റെ വിഷാദഭരിത സ്മരണകളാണ് നൊബേൽ സമ്മാനജേതാവായ ഓർഹാൻ പാമുകിന്റെ 'ഇസ്തംബൂൾ, ഒരു നഗരത്തിന്റെ ഓർമകൾ' എന്ന പുസ്തകം. 'ഒരു ഭൂപ്രദേശത്തിന്റെ സൗന്ദര്യം കുടികൊള്ളുന്നത് അതിന്റെ വിഷാദത്തിലാണ്' എന്ന ടർക്കിഷ് എഴുത്തുകാരനും ചരിത്രകാരനുമായിരുന്ന അഹ്മത് റസിമിന്റെ വാചകത്തിന്റെ അകമ്പടിയോടെ ഓർഹാൻ അനുവാചകരെ ഇസ്തംബൂളിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നു. ഇസ്‌തംബൂളിന്റെ പതിനഞ്ചാം അധ്യായം അഹ്മത് റസിമിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നു.

പാമുകുകളുടെ കുടുംബവീടായ പാമുക് അപ്പാർട്മെന്റിനെക്കുറിച്ചും വീട് പാശ്ചാത്യഭംഗിയിൽ നവീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് ഒരു സാങ്കൽപിക സന്ദർശകനെ ബോധ്യപ്പെടുത്തുന്നതിനെന്നോണം ക്രമീകരിച്ച, വിഷാദമൂകമായ പിയാനോയും തീ പടരാത്ത നെരിപ്പോടും ചില്ലുവിളക്കുകളും പാതിയിരുളും തണുപ്പും നിറഞ്ഞ് മ്യൂസിയമായി മാറിയ ഇരിപ്പുമുറിയെക്കുറിച്ചും അതിന്റെ ചുവരിൽ പതിച്ച പാമുകുകളുടെ കുടുംബചരിത്രത്തെ വെളിപ്പെടുത്തുന്ന ഛായാചിത്രങ്ങളെക്കുറിച്ചുമൊക്കെ ഇരുണ്ട മ്യൂസിയത്തിലെ ഛായാചിത്രങ്ങളെന്ന അധ്യായത്തിൽ കോറിയിട്ടിരിക്കുന്നു.

പടിഞ്ഞാറൻ കാറ്റിൽ ഇലപൊഴിഞ്ഞ മരങ്ങൾ വിറയ്ക്കുന്ന, കറുത്ത നെടുങ്കൻ കോട്ടുകളിലും ജാക്കറ്റുകളിലും ആളുകൾ തിടുക്കപ്പെട്ടു മടങ്ങുന്ന ഇരുൾ പരക്കുന്ന തെരുവുകളിലൂടെ ശരത്കാല ശിശിരത്തിലേക്ക് വഴുതി നീങ്ങുന്ന സായാഹ്നങ്ങളെ താൻ സ്നേഹിച്ചുവെന്ന് കറുപ്പും വെളുപ്പുമെന്ന അധ്യായത്തിൽ ഇസ്തംബൂളിന്റെ തെരുവുകളെക്കുറിച്ച് ഓർഹാൻ ഓർമിക്കുന്നു.വിഷാദത്തിന്റെയും പരാജയത്തിന്റെയും സ്മരണകളാണ് നഗരമെങ്കിൽ, ജീവിതാഹ്ലാദങ്ങളുടെ ജലപാതയായിരുന്നു ഓർഹാന് തുർക്കിയെ പകുത്തൊഴുകിയ ബോസ്‌ഫറസ്‌.

ശിഥിലമായേക്കാവുന്ന ഒരു കുടുംബചിത്രത്തിന്റെ ഓർമകൾ നിറയുന്നതാണ് അച്ഛനും അമ്മയും അവരുടെ പലവിധ അപ്രത്യക്ഷമാവലുകളും എന്ന അധ്യായം. മഞ്ഞുകാലത്ത് കെറ്റിലിൽനിന്ന് വരുന്ന ആവി പടർന്ന ജനാലച്ചില്ലുകൾ പുറംകാഴ്ചകളെ മൃദുവായി മറയ്ക്കുംപോലെ, വിഷാദം വ്യക്തത നൽകാതെ യാഥാർഥ്യത്തെ മൂടിക്കൊണ്ട് ആശ്വസിപ്പിക്കുന്നു. ആവി പടർന്ന ഈ ജനാലച്ചില്ലുകൾ എന്നിൽ വിഷാദം നിറക്കുന്നു എന്നും ഓർഹാൻ എഴുതുമ്പോൾ, വിഷാദം ഒരു കമ്പളം പോലെ എന്നെയും പൊതിയുന്നു.നിഴലും മഞ്ഞും പുണർന്നു കിടക്കുന്ന ഇസ്‌തംബൂൾ നഗരത്തിന്റെയൊരു തെരുവിലേക്ക് തുറക്കുന്ന ആവി പടർന്ന ഒരു ജനാല എന്റെയരികിലും തുറക്കപ്പെടുന്നു. വിഷാദത്തിന്റെ നിലക്കാത്ത ആഘോഷത്തിലേക്ക് ഞാനും കണ്ണു പായിക്കുന്നു.

ഇ​സ്തം​ബൂ​ൾ, ഒ​രു ന​ഗ​ര​ത്തി​ന്റെ ഓ​ർ​മ​ക​ൾ / ഓ​ർ​ഹാ​ൻ പാ​മു​ക്   പ​രി​ഭാ​ഷ: ഡെ​ന്നി​സ് ജോ​സ​ഫ് /ഡി.​സി ബു​ക്സ്

Tags:    
News Summary - A Sad Song of Memories, Istanbul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT