ദോഹ: ചെറുകാട് അവാർഡ് ജേതാവ് ഷീല ടോമിയുടെ രണ്ടാമത്തെ നോവലായ 'ആ നദിയോട് പേരു ചോദിക്കരുത്' ഖത്തറിലെ പ്രകാശനവും പുസ്തക ചർച്ചയും സ്കിൽസ് ഡെവലപ്മെന്റ് സെന്ററിൽ നടന്നു. സംസ്കൃതി പ്രതിമാസ സാഹിത്യ സദസ്സിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പ്രസിഡന്റ് അഹമ്മദ് കുട്ടി, ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജിന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.
ഷീല ടോമിയുടെ ആദ്യ നോവൽ വല്ലി ജെ.സി.ബി പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച സമയത്തുതന്നെയാണ് അവരുടെ രണ്ടാമത്തെ നോവലായ 'ആ നദിയോട് പേരു ചോദിക്കരുത്' വായനക്കാരിലേക്ക് എത്തുന്നത്. പിറന്ന മണ്ണിൽ ഇടം നഷ്ടപ്പെടുന്ന മനുഷ്യരുടെ ജീവിതത്തിന്റെയും പലായനത്തിന്റെയും കഥയാണ് ഈ നോവൽ പറയുന്നത്.
നോവലിന്റെ പ്രസക്തഭാഗങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ശബ്ദാവിഷ്കാരം അവതരിപ്പിച്ചു. പി.എൻ. ബാബുരാജൻ, അഹമ്മദ് കുട്ടി, സംസ്കൃതി ആക്ടിങ് ജനറൽ സെക്രട്ടറി സാൾട്ടസ് ജെ. സാമുവൽ എന്നിവർ ആശംസകൾ നേർന്നു. ഇ.എം. സുധീർ മോഡറേറ്ററായി പുസ്തക പരിചയവും നടന്നു. ശ്രീനാഥ് ശങ്കരൻ കുട്ടി പുസ്തകം പരിചയപ്പെടുത്തി. സംസ്കൃതി വനിത വേദി പ്രസിഡന്റ് പ്രതിഭ രതീഷ്, റഷി പനച്ചിക്കൽ എന്നിവർ വായനാനുഭവം പങ്കുവെച്ചു. പൊതുചർച്ചയുടെ ഭാഗമായി സുഹാസ് പാറക്കണ്ടി, ശ്രീകല ജിനൻ, അമ്പിളി സുനിൽ പ്രഭ, സമീർ എന്നിവർ സംസാരിച്ചു. നോവലിന്റെ നാൾവഴികളും എഴുത്തനുഭവങ്ങളും ഷീല ടോമി മറുപടിപ്രസംഗത്തിൽ വിശദീകരിച്ചു. ബിജു പി. മംഗലം സ്വാഗതവും ശിവാനന്ദൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.