ശ്രീനാരായണ
ഗുരുവിനെക്കുറിച്ച്
എസ്. രമേശൻ നായർ
എഴുതിയ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ലഭിച്ച, 'ഗുരുപൂർണിമ'
അടുത്തിടെ പുറത്തിറങ്ങിയ ഷീജ വക്കത്തിന്റെ
'ശിഖണ്ഡിനി' എന്നിവ ഒഴിച്ചുനിർത്തിയാൽ, കഴിഞ്ഞ
രണ്ടു ദശാബ്ദങ്ങളിൽ മെറ്റാരു
ബൃഹദാഖ്യായികയും
മലയാള കവിതയിൽ
ഉണ്ടായിട്ടില്ല. പി.പി. ശ്രീധരനുണ്ണിയുടെ ഖണ്ഡകാവ്യമായ
'കാഹളം' ആ കുറവ്
പരിഹരിക്കുകയാണ്
നമ്മുടെ പുതുതലമുറ എഴുത്തുകാരിൽ കവികളാണ് കൂടുതൽ. അഥവാ അങ്ങനെ അവകാശപ്പെടുന്നവർക്കാണ് ഭൂരിപക്ഷം. ഇവരുടെ എഴുത്തിന്റെ ലളിത സമവാക്യങ്ങളാവാം അതിനു കാരണം. മറ്റുള്ളവർക്ക് ദുരൂഹമായ, ഒരുപക്ഷേ വ്യക്തിപരവും ദുർഗ്രഹവുമായ ബിംബങ്ങളും പ്രതീകങ്ങളും നിറഞ്ഞ, പരസ്പര ബന്ധമില്ലാത്ത വാക്കുകൾ കുത്തി നിറച്ചവയാണ് ആ കവിതകളിൽ മിക്കവയും. പുതിയ ഭാഷയും ഭാവുകത്വവും സൃഷ്ടിക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ കവിതകളിൽ മിക്കവയും ഈയാംപാറ്റകളെ പോലെ അൽപായുസ്സുക്കളാണ്.
ശ്രീനാരായണ ഗുരുവിനെക്കുറിച്ച് എസ്. രമേശൻ നായർ എഴുതിയ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച, 'ഗുരുപൂർണിമ' അടുത്തിടെ പുറത്തിറങ്ങിയ ഷീജ വക്കത്തിന്റെ 'ശിഖണ്ഡിനി' എന്നിവ ഒഴിച്ചുനിർത്തിയാൽ, കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിൽ മറ്റാരു ബൃഹദാഖ്യായികയും മലയാള കവിതയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ പക്ഷം. പി.പി. ശ്രീധരനുണ്ണിയുടെ ഖണ്ഡകാവ്യമായ 'കാഹളം' ആ കുറവ് പരിഹരിക്കുകയാണ്.
കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്റെ ഇതിഹാസതുല്യമായ ജീവിതത്തെ അടയാളപ്പെടുത്തുന്ന കാവ്യാഖ്യായികയാണിത്. 33 സർഗങ്ങളിലായി അദ്ദേഹത്തിന്റെ ജീവിതവും ദർശനവും കവി ആഖ്യാനം ചെയ്യുന്നു. മലയാള കാവ്യരംഗത്ത് അരനൂറ്റാണ്ടിലേറെയായി സൗമ്യമധുര സാന്നിധ്യമായ കവിയുടെ മാസ്റ്റർപീസാണ് 'കാഹളം'. സ്വാതന്ത്ര്യസമര സേനാനിയും പത്രാധിപരും സാമുദായിക, സാമൂഹിക പരിഷ്കർത്താവുമൊക്കെയായ കേളപ്പന്റെ സംഭവബഹുലമായ ജീവിതത്തിലെ ചില ധന്യമുഹൂർത്തങ്ങളുടെ ആവിഷ്കാരമാണ് ഇതിൽ. പൊതുരംഗത്തെ മഹാമേരുവായ ഒരു ചരിത്രപുരുഷനെ ഇതിവൃത്തമാക്കുന്ന ഈ ദീർഘകാവ്യത്തിൽ സംഭവങ്ങളും വസ്തുതകളും കാവ്യാത്മകമായ ഉൾക്കാഴ്ചയോടെ കവി അവതരിപ്പിക്കുന്നു. കറതീർന്ന ഗാന്ധിയനായും ശ്രീനാരായണ ഗുരുവിനുശേഷമുള്ള വലിയ സാമൂഹികപരിഷ്കർത്താവായും ഉയർന്ന പീഠത്തിലാണ് കവി അദ്ദേഹത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മാനംമുട്ടെ വളരുന്ന ആ 'പൂമാന്റെ കൈവിരൽത്തുമ്പിൽ തൂങ്ങുന്നു, നവകേരളം' എന്ന് കവി ആദ്യ സർഗത്തിൽ തന്നെ നിരീക്ഷിക്കുന്നുണ്ട്. ത്യാഗനിർഭരമായ പൊതുജീവിതം നയിച്ച കേളപ്പനെ ശ്രീധരനുണ്ണി വിശേഷിപ്പിക്കുന്നത് ഇങ്ങനെ:
'അവനാകുന്നു കേളപ്പൻ
കേരളത്തിന്റെ നായകൻ
അറിവൂ നമ്മളെ കാത്ത
പുണ്യ കേരളഗാന്ധിയെ'.
അദ്ദേഹത്തിന്റെ ദർശനങ്ങളെ പല വിശേഷണങ്ങളിലൂടെ ചിത്രീകരിക്കുന്നുണ്ട്. അദ്ദേഹം 'മാനവീയതാവ്രതമാർന്നവ'നുമാണ്. അദ്ദേഹത്തിന് 'സമൂഹം തന്നെയാകുന്നു വിഗ്രഹങ്ങളും'. 'അറിവായമ്മയും ജന്മഭൂവുമൊന്നാണെന്ന ദർശനം' കേളപ്പനുണ്ട്. അദ്ദേഹം 'അഹിംസയും സത്യവും ചേർന്നുയിരാർന്ന മഹാദ്യുതി'യാണ്.
അഹിംസയായിരുന്നു കേളപ്പന്റെ രീതിശാസ്ത്രം. ഖിലാഫത്ത് സമരം സാമുദായിക സംഘർഷത്തിലേക്ക് വഴിമാറിയപ്പോൾ, സമാധാനദൂതനായി അദ്ദേഹം.
വഴിതെറ്റിപ്പോയ ധർമ
സമരം കാടുകേറവേ,
വാളിന് നേർക്കുനേർനിന്നു
സ്ഥിതപ്രജ്ഞൻ മഹാശയൻ
ഉപദേശിച്ചിതത്യുച്ചം
അക്രമം കൈവെടിഞ്ഞിടാൻ.
പൊതുപ്രവർത്തനത്തിൽ വ്യാപൃതനായി, കുടുംബജീവിതത്തിൽ അഭിരമിക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിന്റെ ദാമ്പത്യജീവിതവും കവി വിഷയമാക്കിയിട്ടുണ്ട്. ധർമപത്നിയായ അമ്മാളുഅമ്മയുടെ ആത്മാലാപനങ്ങളിലൂടെയാണ് അതിന്റെ ആഖ്യാനം.
സേവനംതന്നെയാകുന്നു
പ്രേമമെന്നറിയുന്നവൻ
കൂടെയില്ലെങ്കിലും കൂട്ടാ
ണെന്നു ബോധിച്ച നാളുകൾ
എന്ന തിരിച്ചറിവ് ഉണ്ടാകുന്ന അവരെ കവി വിശേഷിപ്പിക്കുന്നതിങ്ങനെ: മാതൃത്വപുണ്യം പുഷ്കലമാക്കിയോൾ. നിസ്വാർഥ ജനസേവകനായ കെ. കേളപ്പൻ ഉത്തമപുരുഷനാകുന്നതിങ്ങനെ:
മണ്ണറിഞ്ഞവനാകുന്നു
നേരറിഞ്ഞ കൃഷീവലൻ
ജനത്തെയറിയുന്നവൻ
സത്യനിഷ്ഠൻ കുലോത്തമൻ
പയ്യന്നൂരിലെ ഉപ്പുസത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, അധഃസ്ഥിതർക്കായി ഗോപാലപുരത്തും പാക്കനാർപുരത്തും ആരംഭിച്ച സ്ഥാപനങ്ങൾ, മലബാർ ജില്ല ബോർഡിലെ അംഗമായുള്ള പ്രവർത്തനങ്ങൾ, മാതൃഭൂമി പത്രാധിപത്യം തുടങ്ങി കേളപ്പന്റെ ജീവിതത്തിലെ പ്രധാന അധ്യായങ്ങൾ പല സർഗങ്ങളിലായി ഇവിടെ ഇതൾവിരിയുന്നുണ്ട്.
പുരാതനമായ അനുഷ്ടുപ്പ് വൃത്തത്തിൽ, ലളിത പദാവലികളിൽ, ലഘു സർഗങ്ങളിലാണ് കേളപ്പൻ എന്ന മഹാനായ കേരളപുത്രന്റെ ധന്യജീവിതം ബൃഹത്കാവ്യാഖ്യായികയായി രേഖപ്പെടുത്തിയിട്ടുള്ളത്. കേളപ്പന്റെ നിസ്വാർഥ ജീവിതത്തിന് കാവ്യത്തിൽ അക്ഷരസ്മാരകമൊരുക്കി കവി ശ്രീധരനുണ്ണിയും അമരത്വം നേടുകയാണിവിടെ.
കാഹളം
കാവ്യം
ശ്രീധരനുണ്ണി
വേദ ബുക്സ്
പേജ്: 116 വില 150
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.