പുസ്തകത്തെ ചേർത്ത് പിടിക്കുന്നവരെ ഏറെ നാം കണ്ടിട്ടുണ്ട്. എന്നാൽ, അപൂർവ പുസ്തകങ്ങളുടെ വിപുലമായ ശേഖരം സ്വന്തമാക്കുക ചില്ലറക്കാര്യമല്ല. എന്നാൽ, പയ്യോളി പെരുമാൾപുരത്തെ അഡ്വ: നൂറുദ്ദീൻ മുസ് ല്യാറുടെ വീട് വലിയൊരു ലൈബ്രറിയാണ്. ഗവേഷകർക്കും ചരിത്രാന്വേഷകർക്കും ഉപകരിക്കാവുന്ന ഒരിടം. തന്റെ വായനയുടെ വഴിയിൽ നിന്ന് ചരിത്രത്തിലെ ശ്രദ്ധിക്കപ്പെടാതെ ചില സംഭവങ്ങൾക്ക് പിന്നാലെ നൂറുദ്ധീൻ മുസ് ല്യാർ. ഇതിനെ അടിസ്ഥാനമാക്കി പുസ്തകരചനയ്ക്കുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. ഇതോടൊപ്പം ശനിയാഴ്ചകളിൽ ഗവേഷണ തൽപരർക്ക് പുസ്തകങ്ങൾ റഫർ ചെയ്യാനുള്ള സൗകര്യമൊരുക്കാനും ആലോചിക്കുന്നതായി അഡ്വ: നൂറുദ്ദീൻ മുസ് ല്യാർ പറഞ്ഞു. ഗ്രന്ഥശേഖരത്തെ കുറിച്ച് പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായ ഡോ: പുത്തൂർ മുസ്തഫ എഴുതിയ കുറിപ്പ് ശ്രദ്ധേയാമണ്. കുറിപ്പിന്റെ പൂർണരൂപം.
``കഴിഞ്ഞ മാസം, പയ്യോളിയിലുള്ള സ്നേഹിതൻ അഡ്വ: നൂറുദ്ദീൻ മുസ് ല്യാരുടെ വീട്ടിലായിരുന്നു. 1985 കാലത്ത് ഒരു ട്രെയിൻ യാത്രയിൽ കണ്ട് മുട്ടി സംസാരിച്ച ശേഷം നേരിൽ കാണുന്നത് ഇപ്പോഴാണ്. സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയും ബന്ധങ്ങൾ തുടർന്നെങ്കിലും നേരിൽ കാണുന്നത് 36-37 വർഷങ്ങൾക്ക് ശേഷമാണ്. അൽഹംദുലില്ലാഹ്. പലവട്ടം അദ്ദേഹത്തിെൻറ വിളി വന്നെങ്കിലും ഭാര്യാ സമേതം ഉത്തരമായി ഹാജരാവുന്നത് അങ്ങിനെയാണ്. ചെന്ന് കണ്ടപ്പോഴാണ് അൽഭുതങ്ങളുടെ നടുവിലാണ് എത്തിയത് എന്ന് മനസ്സിലായത്. വീട് നിറയെ പുസ്തകങ്ങളുമായി ഡബിൾ റോളിൽ ഒരാൾ! ഒരേ സമയം വക്കീലും മുസ് ല്യാരും! അതാണ് അഡ്വ.നൂറുദ്ദീൻ മുസ് ല്യാർ .പുസ്തകങ്ങളെ സ്വന്തം കുടുംബക്കാരനായി കരുതുന്ന വിജ്ഞാന തൽപരൻ. അരിസ്റ്റോട്ടിലിെൻറ പൊളിറ്റിക്സും പ്ലാറ്റോവിെൻറ റിപ്പബ്ളിക്കും പ്രവാചകൻ (സ) യുടെ ദശക്കണക്കിന് ജീവചരിത്ര ഗ്രന്ഥങ്ങളും ഇബ്നു കസീർ, ഇമാംറാസി, തുടങ്ങിയവരുടെ ഖുർആൻ തഫ്സീറുകളും സിഹാഹുസിത്തയുടെ മൂലവാള്യങ്ങളും മദ്ഹബ് ഇമാമീങ്ങളുടെ ആധികാരിക കൃതികളും സൂഫിസത്തിെൻറ നിരവധി ചിന്താധാരകളുമൊക്കെയായി നൂറുക്കണക്കിന് ക്ലാസിക് പുസ്തകങ്ങളുടെ മഹാശേഖരം.അവയിൽ ഇംഗ്ലീഷും അറബിയും ഉർദുവും പാർസിയും മലയാളവുമുണ്ട്. ചില്ലലമാരയിലിരുന്ന് ചിരിക്കുന്ന പുസ്തകങ്ങളോട് നിരന്തരമായി സല്ലപിക്കുന്ന വക്കീൽ മുസല്യാർ ഓരോ പുസ്തകവും സംഘടിപ്പിക്കാൻ അനുഭവിച്ച പ്രയാസങ്ങൾ വിവരിച്ചപ്പോൾ ഇങ്ങനെയും പുസ്തകങ്ങളെ സ്നേഹിക്കുന്നവർ ഉണ്ടോ എന്നത് ചോദ്യചിഹ്നമായി മനസ്സിൽ മുഴങ്ങുന്നുണ്ടായിരുന്നു. കിതാബുൽ ഉമ്മും, ശറഹുൽ മുഹദ്ദബുമൊക്കെ അലമാരയിൽ നിന്ന് നോക്കുന്നുണ്ട്. എഡ്വേർഡ് ഗിബ്ബെൻറ Decline and Fall of Roman Empire ഇടക്ക് വാല്യങ്ങളായി പുറത്തേക്കിറങ്ങി വന്നു. ലോക ചരിത്രം, യൂറോപ്യൻ ചരിത്രം, മധ്യേഷ്യൻ ചരിത്രം, പശ്ചിമേഷ്യാ ചരിത്രം, ഇന്ത്യാ ചരിത്രം ഒക്കെയായി ചരിത്ര പുസ്തകങ്ങളുടെ കലവറ തന്നെയുണ്ട് ഇവിടെ. സോവിയറ്റ് യൂണിയൻ ഉണ്ടായതിന് പിന്നിലെ പിന്നാമ്പുറ രാഷ്ടീയവും അതിെൻറ തകർച്ചയും, ഉയ്ഗൂർ - റോഹിംഗ്യൻ, ബോസ്നിയൻ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകങ്ങളും സുലഭം. മക്കയും മദീനയും ബൈത്തുൽ മുഖദ്ദസും ഫലസ്തീൻ പ്രശ്നവും ഓട്ടോമൻ സാമ്രാജ്യവും ചർച്ച ചെയ്യുന്ന നിരവധി അപൂർവ പുസ്തകങ്ങൾ. മുഗള ഭരണത്തെക്കുറിച്ചും ഹൈദരലി - ടിപ്പു സുൽത്താൻ എന്നിവരെക്കുറിച്ചും എണ്ണിയാൽ തീരാത്ത പുസ്തകങ്ങൾ. താർത്താരികളുടെ അക്രമണത്തെക്കുറിച്ചും അറബ് ലോകം നേരിട്ടതും നേരിടുന്നതുമായ പ്രശ്നങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾ, ഫാസിസത്തെക്കുറിച്ചും സംഘപരിവാരത്തെക്കുറിച്ചുള്ള ആധികാരിക റഫറൻസ് ഗ്രന്ഥങ്ങൾ.15-16 നൂറ്റാണ്ടുകളിൽ അരങ്ങേറിയ പോർത്തുഗീസ് ക്രൂരതകളെക്കുറിച്ചുള്ള 200 ൽ പരം അപൂർവ രേഖകൾ ഉൾപെടെയുള്ള ഒറിജിനൽ ഡോക്യുമെന്റുകൾ.
മദ്ഹബിെൻറ ഇമാമുമാരുടെ പുസ്തകങ്ങളും അവലംബ പഠനങ്ങളും. സിഹാഹുസിത്ത (ബുഖാരി-മുസ്ലിം - ഇബ്നുമാജ,തിർമുദി ,അബൂദാവൂദ്, നസാഈ) യുടെ മൂലകൃതികളും അതിെൻറ വ്യാഖ്യാനങ്ങളും. ബൈഹഖിയുടെ ശുഹബുൽ ഈമാൻ വ്യാഖ്യാനം, വിദേശ സർവ്വകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും ഉള്ള ധാരാളം പുസ്തകങ്ങൾ,വിശ്വ പ്രസിദ്ധമായ ടോൾസ്റ്റോയ്, ദസ്തയോ വസ്കി പോലുള്ളവരുടെ കൃതികൾ. അങ്ങിനെ ഗവേഷണത്തിനും വായനക്കുമായി ലക്ഷങ്ങൾ ചെലവിട്ട് കപ്പലും പറക്കപ്പലും ഏറി കടൽ കടന്നു വന്ന സംഭവ ബഹുലമായ പുസ്തകങ്ങൾ. സബാഷ് ,വക്കീലും മുസല്യാരുമായ താങ്കൾ കാണിക്കുന്ന ഈ പുസ്തകപ്രേമം മലയാളിക്ക് 2023 ൽ നൽകാവുന്ന ഏറ്റവും വലിയ പുതുവൽസരസമ്മാനമായി തിളങ്ങട്ടെ''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.