തീയിൽ നിന്ന് ഉടലെടുത്ത് പറന്നുയർന്ന അഗ്നിശലഭങ്ങൾ

അഗ്നിശലഭങ്ങൾ
സി.വി. കുഞ്ഞിരാമൻ
അവതാരിക: കരിവെള്ളൂർ മുരളി
പ്രസാധകർ : എ.കെ.ജി സ്മാരക ഗ്രന്ഥാലയം വായനശാല, ചെങ്ങൽ ഈസ്റ്റ്.

ഞാനിന്ന് വായിച്ചു നിർത്തിയിടത്തു നിന്ന് തുടങ്ങട്ടെ.

"സഖാക്കളേ, കിഴക്കോട്ടു നോക്കൂ, ചക്രവാളം ചുവന്നു തുടുത്തിരിക്കുന്നു. നമുക്ക് വീണ്ടും കാണാം" എ.കെ.ജിയുടെ വാക്കുകൾ. വായിച്ചടയ്ക്കുന്നത് ഒരു നോവലല്ല.

കരിവെള്ളൂർ മുരളി അവതാരികയിൽ പറയും പോലെ ഒരു സർഗ്ഗാത്മക ചരിത്രം. 'വിരൽ കൊണ്ട് മണ്ണിലെഴുതിയ ചരിത്രം' എന്നാണ് അദ്ദേഹം അവതാരികയ്ക്ക് ശീർഷകം വരച്ചത്. ഒരുപാട് പരിമിതികൾ ഈ കൃതിക്കുണ്ട് എന്ന ഒരു വാക്യം അവതാരികയിലുണ്ട്.

അതെ, ഒരു സാധാരണക്കാരൻ എഴുതിയ നോവൽ. അനുഭവങ്ങളെ വാരിക്കൂട്ടി പിടിച്ച് പൊതുരംഗത്തേയും വ്യക്തി ബന്ധങ്ങളേയും തമ്മിലിണക്കി ഒരു സാധാരണക്കാരൻ രചിച്ച ഒരു നോവൽ.

ഒരു സഖാവ് അനുഭവങ്ങളെ വാരിക്കൂട്ടി പിടിച്ചു എന്ന് ഞാൻ പറയുമ്പോൾ അതൊരു ആത്മകഥയായിരിക്കും എന്ന് ആദ്യം തന്നെ തെറ്റിദ്ധരിച്ചു കളയരുതേ. സർഗ്ഗാത്മക ചരിത്രം തന്നെ കഥയാവുന്നു, അല്ലെങ്കിൽ കഥ സർഗ്ഗാത്മക ചരിത്രം ആകുന്നു.

ഒരു സാധാരണക്കാരന് ഒരു നോവലൊക്കെ പടച്ചുണ്ടാക്കാൻ കഴിയുമോ എന്നതാണ് ഇനി ഉണ്ടാകാനിടയുള്ള ഒരു സംശയമെങ്കിൽ സി.വി. കുഞ്ഞിരാമൻ എന്ന ആ സാധാരണക്കാരൻ ആ സംശയത്തിന് പുറത്താണ് എന്ന് തെളിയിക്കാൻ അഗ്നിശലഭങ്ങൾ എന്ന സി.വി.യുടെ ഈ രണ്ടാമത്തെ നോവൽ മതിയാകും.

നോവലിൽ ഒരു കഥയുണ്ട്. ആ കഥയ്ക്ക് 1975 ജൂൺ 25 അർധരാത്രിക്കു ശേഷമുള്ള ചരിത്രത്തിന്‍റെ ബലമുണ്ട്. അടിയന്തിരാവസ്ഥയ്ക്ക് അയവു വരുത്തി കഴിഞ്ഞ് 19 മാസത്തെ ജനാധിപത്യ ധ്വംസനത്തിന്‍റെ നാളുകൾക്കു ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മോചിപ്പിക്കപ്പെട്ട സഖാക്കളെ ജനങ്ങൾ പഴയങ്ങാടി റെയിൽവേ സ്‌റ്റേഷനിൽ നിന്നും സ്വീകരിക്കുന്ന നിമിഷത്തിലാണ് അഗ്നിശലഭങ്ങൾ ആരംഭിക്കുന്നത്.

കൊലയറ വാതിലുകൾ തുറക്കുകയാണ്. "ദേവലോകം തുറക്കാനുള്ള താക്കോൽ ഈ മണ്ണിൽ തുരുമ്പെടുത്ത് കിടക്കുന്നുണ്ട് എന്നാരാണ് പറഞ്ഞത്? അത് പൊടിതട്ടിയെടുത്ത് മുന്നോട്ടു പോകൂ, അതുവഴി മാത്രമേ ഞങ്ങളുടെ കിനാവിന്‍റെ വള്ളികളിൽ പൂ വിടർത്താൻ കഴിയൂ. ജീവൻ കളയാൻ എളുപ്പമാണ്. ജീവിക്കാനാണ് ബുദ്ധിമുട്ട്. ബുദ്ധിമുട്ട് തരണം ചെയ്യുന്നവനാണ് ധീരൻ, മരിക്കുന്നവനല്ല". നോവലിലെ ആദ്യ പേജിലെ വരികളാണിത്.

മരിക്കുന്നവരല്ല ധീരർ എന്ന് ജീവിതം കൊണ്ട് കാണിച്ചു തരുന്ന ധാരാളം മനുഷ്യരുണ്ട് അഗ്നിശലഭങ്ങളിൽ. ബാലകൃഷ്ണൻ, അജയൻ, രഘു, ബാലൻ, ഗോപാലേട്ടൻ, അമ്പു അങ്ങനെ എത്രയോ പേർ. കഥയിൽ നിന്നല്ല ജീവിതത്തിൽ നിന്ന് കഥയിലേക്ക് ഇറങ്ങിവന്നവരാണ് ഇവരൊക്കെയെന്ന് സി.വി. കുഞ്ഞിരാമൻ എന്ന കഥാകാരൻ കണ്ണിറുക്കുന്നു. വായിച്ചു വരുമ്പോൾ നാരായണൻ മാസ്റ്ററെയും ബാലനേയും ഒക്കെ നല്ല പരിചയം തോന്നിപ്പോകുന്നു. ഏഴോത്തും എരിപുരത്തും പഴയങ്ങാടിയിലും നെരുവമ്പ്രത്തും മാടായിയിലും ഈ കഥാപാത്രങ്ങളെ തിരഞ്ഞാൽ ഇന്നും കേൾക്കാം ചൂടും ചൂരുമുള്ള അനുഭവപ്പാടുകൾ.

അപ്പോൾ സഖാക്കന്മാരുടെ ജീവിതം നിറച്ചുവച്ച ഒരു നോവലാ അല്ലേ, ഒരു സഖാവ് എഴുതിയതല്ലേ എന്നാണ് വായനയ്ക്ക് മുൻപ് സഹൃദയരായ നിങ്ങൾക്ക് തോന്നിയതെങ്കിൽ തെറ്റി നിങ്ങൾക്ക്.

അടിയന്തരാവസ്ഥ കേരളത്തിലെ ചിന്തിക്കുന്ന മനുഷ്യർക്കിടയിലും ഗ്രാമങ്ങളുടെ മുക്കിലും മൂലയിലും എങ്ങനെയെല്ലാം പ്രഹരം ഏൽപ്പിച്ചു എന്ന് കൃത്യമായി അവതരിപ്പിക്കുന്നുണ്ട് അഗ്നിശലഭങ്ങൾ. എന്തും ചെയ്യാനുള്ള അവസരം എന്ന് ചിന്തിച്ച അധികാരികളും ജന്മികളും വിവേകം നഷ്ടമായ അന്നത്തെ അധികാര രാഷ്ട്രീയക്കാരും സാധാരണക്കാരുടെ വെറും സാധാരണമായ ജീവിതത്തിലേക്ക് കടന്നു കയറുന്ന കാഴ്ച സഹകരണ ബാങ്കിന്‍റെയും കർഷക സംഘത്തിന്‍റെയും ഒക്കെ നേരേ നടന്ന അതിക്രമങ്ങളിലൂടെ കാണാൻ കഴിയുന്നുണ്ട് നോവലിൽ. പ്രതിരോധത്തിന്‍റെ വഴികളിൽ പ്രകൃതി പോലും കൂട്ടാകുന്നത് കണ്ടവും പുഴയും പാമ്പും ഒക്കെ കാണിച്ചുതരുന്നുണ്ട്.

കൂട്ടായ്മകളിലും വിവേകമാണ് മികച്ച പ്രതിരോധം എന്ന് അഗ്നിശലഭങ്ങളിലെ മുതിർന്ന സഖാക്കൾ കാണിച്ചു തരുന്നുമുണ്ട്. സാമൂതിരിയുടേയും ചെങ്ങൽ കോവിലകത്തിന്‍റെയും കോലത്തു നാടിന്‍റെയും മാടായി കോട്ടയുടേയും ഒക്കെ ചരിത്രം പലപ്പോഴായി നോവലിൽ ഇതൾ നിവരുന്നുണ്ട്. ചെങ്ങൽ കോവിലകത്ത് നിന്ന് ദത്തു കൊണ്ടുപോയ രാജകുമാരിയുടെ മകനാണ് തിരുവിതാംകൂറിന്‍റെ ശില്പിയായ മാർത്താണ്ഡവർമ എന്ന ചരിത്രം വായിക്കും പോലെ ഉദ്വേഗത്തോടെ ആറോൺ കമ്പിനിയുടെ ചരിത്രവും അഗ്നിശലഭങ്ങൾ നമുക്കു നൽകുന്നുണ്ട്.

അടിയന്തിരാവസ്ഥയുടെ മർദ്ദക സംവിധാനങ്ങളോടുള്ള ഒരു നാടിന്‍റെ ചെറുത്തുനിൽപ്പിനൊടുവിൽ എ.കെ.ജി അടുത്തിലയിൽ വന്ന് പ്രസംഗിക്കുന്നതിലാണ് നോവൽ അവസാനിക്കുന്നത്.

"..... അടിയന്തിരാവസ്ഥ ശാശ്വതമാണെന്ന് ധരിക്കണ്ട. അത് അധികാര ദുർമോഹത്തിന്‍റെ സന്തതിയാണ്. അത് ഇനി അധികകാലം ജീവിച്ചിരിക്കുവാൻ പോകുന്നില്ല...."

എ.കെ.ജിയുടെ ഈ വാക്കുകൾ പിന്നീട് വാസ്തവമായത് ചരിത്രം. നോവൽ തീരുന്നിടത്ത് നിന്ന് ഉയരുന്ന പ്രതീക്ഷയിൽ നിന്നാണ് ആ ശലഭങ്ങൾ പറന്നുയരുന്നത്. തീയിൽ നിന്ന് ഉടലെടുത്ത് പറന്നുയരുന്ന അഗ്നിശലഭങ്ങൾ .

'പച്ചമണ്ണിൻ മനുഷ്യത്വമാണ് ഞാൻ എന്നു പാടിപ്പോകാവുന്ന ഒരു ഭാഷ ഈ നോവലിലുണ്ട് എന്ന് വായനയിലൂടെ കണ്ടെത്തുമ്പോൾ തിരിച്ചറിയുന്ന ഒന്നാണ്. മലയാള സാഹിത്യത്തിലെ ബിരുദമല്ല ഭാഷയ്ക്കാധാരം. മലയാളത്തിന്‍റെ പ്രകൃതിയും നല്ല മലയാളവും കൂടിച്ചേർന്ന അവസ്ഥയാണ് അഗ്നിശലഭങ്ങളിലെ ഭാഷ. ആ ഭാഷയെ കുറിച്ച് അവതാരികയിൽ കരിവെള്ളൂർ മുരളി എഴുതുമ്പോൾ ഒരു ചെമ്പകപ്പൂവിന്‍റെ മണം കാട്ടി കൊതിപ്പിച്ച മുരളിയേട്ടനേ അതു സാധിക്കൂ എന്ന തിരിച്ചറിവും ഉണ്ടായി. മറ്റേതൊരു കമ്യൂണിസ്റ്റുകാരനും അവതാരികയിൽ സൂചിപ്പിക്കാനിടയില്ലാത്ത വിധം ആ വരികൾ മുരളിയേട്ടൻ എടുത്തു പറഞ്ഞു.

"തീവെയിലിൽ വാടിക്കരിഞ്ഞ മുഖവുമായി മീനമാസം കയറി വന്നു. കന്യാക്കുഞ്ഞുങ്ങൾ പൂരം നോയമ്പുനോറ്റു. മുരിക്ക് മരങ്ങൾ വിരിഞ്ഞടങ്ങി. ചുവന്ന പൂവിലെ തേൻ നുകരാൻ സൂചിമുഖി പക്ഷികൾ പറന്നെത്തി.
..........................
മരത്തിൽ പടർന്നു കയറിയ പുല്ലാനി വള്ളികൾ നിറയെ ജടപ്പൂക്കളാണ്. അത് രാജരാജേശ്വരന്‍റെ ജടയാണത്രേ. കാമനെ ഇരുത്തുന്ന കളം ജടപ്പൂക്കളാൽ അലംകൃതമായിരിക്കും. അപ്പോൾ തോപ്പിലെ ചെമ്പകവും പൂത്തുലഞ്ഞു നിൽക്കുന്നുണ്ടാവും"

നോക്കൂ മനസിൽ എത്ര ചെമ്പകങ്ങളാണ് വായനയിൽ പൂത്തു വിടർന്നത്. "കുംഭമാസം വിരിയുന്ന വെയിലിന് തങ്കത്തിന്‍റെ നിറമാണ് പോലും, തൃച്ഛംബരത്തപ്പന്‍റെ സ്വർണാഭരണങ്ങൾ ഉണങ്ങാനിടുന്നത് ഇപ്പോഴാണത്രേ"

ഭാവനയുടെ എത്രയെത്ര ലോകങ്ങളാണ് ഇങ്ങനെ ആഖ്യാനത്തിലൂടെ മുന്നിലെത്തുന്നത്. കരിമുടി ചീകിയൊതുക്കിയ സന്ധ്യ, കനലെരിയാൻ തുടങ്ങിയ ചക്രവാളം തുടങ്ങി പ്രകൃതി സമയം അറിയിക്കുന്ന എത്ര നിമിഷങ്ങളാണ്. കണ്ണൂരിന്‍റെ തെയ്യപ്പെരുമ നോവലിൽ കുണ്ടത്തിൻകാവിലെ തീച്ചാമുണ്ഡി കോലമാകുന്നു.

ബാലകൃഷ്ണൻ എന്ന നല്ല മനുഷ്യനെ നോവലിൽ ഉടനീളം കാണാം. നിങ്ങൾക്കൊരച്ഛനാവണ്ടേ എന്ന രുഗ്മിണിയുടെ ചോദ്യത്തിന് 'നീ പെറ്റാലല്ലേ ഞാനൊരച്ഛനാകൂ' എന്ന കുസൃതിയാണ്‌ ബാലകൃഷ്ണനിൽ ഉണ്ടാവുന്നത്. "സമയമാവുമ്പോ നീയമ്മയും ഞാനച്ഛനും ആകും" എന്ന സാന്ത്വനം തുടർന്ന് ഉണ്ടാകുന്നു. ഏറെ ദ്രോഹിച്ച പൊലീസുകാരന്‍റെ വിഷം തീണ്ടിയ മരണത്തിൽ അയാളുടെ ഭാര്യയുടെ മുഖമോർത്ത് ബാലകൃഷ്ണൻ ദു:ഖിക്കുന്നുണ്ട്.

ഏറെയുണ്ട് ഈ ചെറു നോവലിൽ പാറ്റി പെറുക്കിയെടുക്കാൻ. വായനയാണ് സുഖം. അവതാരിക അവസാനിപ്പിക്കുന്ന വരികൾ തന്നെ പറയട്ടെ. "ഏറ്റുവാങ്ങുക, ചരിത്ര ബോധമുള്ള കൈകളാൽ അഗ്നിശലഭങ്ങൾ"

ഒരു ഗ്രാമീണ വായനശാല അതിന്‍റെ ഏറ്റവും വലിയ കർത്തവ്യം നിർവഹിക്കുന്നു, നാട്ടുകാരന്‍റെ പുസ്തകം പ്രകാശനം ചെയ്യുന്നു. ഇതല്ലേ ഒരു വായനശാല ചെയ്യേണ്ടതും. 



Tags:    
News Summary - Agnishalabhangal Book Review by Rama dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT