ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇത്തവണ സന്ദർശകർക്ക് അത്ഭുതംനിറച്ച് പുരാതന രേഖകളുടെയും കൈയെഴുത്ത് പ്രതികളുടെയും ശേഖരം. വിവിധ പവിലിയനുകളിലാണ് അറബ്, ഇസ്ലാമിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി കാഴ്ചകളുള്ളത്.
ഖുർആനിന്റെ പതിമൂന്നാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും എഴുതപ്പെട്ട കൈയെഴുത്ത് പ്രതികളുടെ പകർപ്പ് പ്രദർശന ഹാളിലെ തുടക്കത്തിലെ ഹാമിദ് ജാഫറിന്റെ പ്രത്യേക കാലിഗ്രഫി പ്രദർശന സ്റ്റാളിലാണുള്ളത്. ഖുർആനിന്റെ തന്നെ സ്വർണത്തിൽ തയാറാക്കിയ കോപ്പിയും സന്ദർശകരെ ഏറെ ആകർഷിക്കുന്നുണ്ട്. മൊറോക്കോയിൽ പതിമൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മഗ്രിബിന് സ്ക്രിപ്റ്റിലെ ഖുർആൻ പ്രതിയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പതിനഞ്ചാം നൂറ്റാണ്ടിലെ ഇറാനിൽനിന്നുള്ള സ്വർണനിറത്തിലെ ഖുർആൻ പ്രതിയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. 24 കാരറ്റ് സ്വർണത്തിൽ തയാറാക്കിയ അഞ്ചു ലക്ഷം ദിർഹം വിലവരുന്ന ഖുർആനിന്റെ പ്രതിയും പ്രദർശനത്തിനുണ്ട്. ആസ്ട്രേലിയയിലെ ഗ്രാൻഡ് എന്ന സ്ഥലത്തെ 'അദേവ' എന്ന കമ്പനിയാണ് ഇതിന്റെ ഉടമകൾ. പുരാതന ലിപികളും എഴുത്തുകളും വളരെ പേരെ ആകർഷിക്കുന്നുണ്ടെന്നും ചരിത്രരേഖകളോട് പുതിയ തലമുറപോലും വലിയ താൽപര്യമാണ് കാണിക്കുന്നതെന്നും സംഘാടകർ അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ വിവിധ സർക്കാർ ഏജൻസികളും പുരാതന രേഖകളും ചരിത്രം വിവരിക്കുന്ന ചിത്രങ്ങളും ഗ്രന്ഥങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. ചരിത്രം അനാവരണം ചെയ്യുന്ന പ്രദർശനങ്ങളിൽ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ് യാന്റെ ജീവിതം വിവരിക്കുന്ന പുസ്തകങ്ങളുമുണ്ട്. ഷാർജ സമൂഹത്തിലെ പുരാതന ജീവിതശൈലികളും സംസ്കാരിക ഈടുവെപ്പുകളും മനസ്സിലാക്കിത്തരുന്ന പ്രദർശനവും പ്രധാന ഹാളിൽ തന്നെ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.