2023 ലേ കെ എൻ രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ ചിൽഡ്രൻസ് ലിറ്ററേച്ചർ പുരസ്‌കാരം നേടിയ രചനയാണ് അനു ചന്ദ്രയുടെ ജൂനിയർ ചാപ്ലിൻ. വർത്തമാന സാഹിത്യ ലോകത്ത് ഏറ്റവും കുറവ് പുസ്തകങ്ങൾ എഴുതപ്പെടുന്നത് ബാലസാഹിത്യ മേഖലയിൽ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടി എഴുതുക എന്നത് അൽപ്പം കൂടെ ശ്രമകരം ആയത് കൊണ്ടാണോ എന്നറിയില്ല. ബാലസാഹിത്യ മേഖലയിലേക്ക് വളരെ സ്നേഹത്തോടെ അനു ചന്ദ്ര ജൂനിയർ ചാപ്ലിൻ സമ്മാനിക്കുന്നു.
നിറഞ്ഞ ചിരിയോടെ, വായനയുടെ അവസാനം ഒരുപാട് സന്തോഷത്തോടെ ജൂനിയർ ചാപ്ലിൻ നമ്മളിലേക്ക് ചേക്കേറുന്നുണ്ട്. എങ്കിലും ജൂനിയർ ചാപ്ലിൻ, നിനക്ക് വേണ്ടി ഒരിത്തിരി കണ്ണീരും പൊടിയുന്നുണ്ട്, കാത്തിരിക്കുന്നുണ്ട്. അമ്മയ്ക്കും ചോട്ടുവിനും ഒക്കെ ഒപ്പം ഞാനെന്ന വായനക്കാരനും. ചോട്ടുവും ജൂനിയർ ചപ്ലിനും നിറഞ്ഞ സ്നേഹത്തിന്റെ അടയാളങ്ങൾ ആണ്.
മുഴുവൻ പരന്നു കിടക്കുന്ന സാഗരം പോലെ ആയിരുന്നു അവരുടെ സ്നേഹം. കാണുന്നവനെയും അറിയുന്നവനെയും മനസ്സ് നിറച്ചും ചിരിപ്പിക്കാൻ പറ്റിയിരുന്ന ചാർളി ചാപ്ലിനെ പോലെ. കഷ്ടപ്പാട്, വേദന, ദുരിതം ഒക്കെ ഉള്ളിൽ ആവോളം നിറച്ചുണ്ടായിട്ടും എന്നെ കാണുന്നവനും അറിയുന്നവനും പൊട്ടി ചിരിക്കണം എന്ന് അതിയായി ആഗ്രഹിച്ച ചാപ്ലിൻ.
ചോട്ടുവിെൻറ കുസൃതികളും, വേദനയിൽ ചാപ്ലിനെ ചേർത്ത് പിടിക്കുമ്പോഴും ഒക്കെ ആ കുഞ്ഞ് മനസ്സ് നമ്മെ വല്ലാണ്ട് ആനന്ദത്തിൽ ആക്കുന്നുണ്ട്. കഷ്ടപ്പാടും വേദനയും സഹിക്ക വയ്യാതെ തമ്പിൽ നിന്നും ഒളിച്ചോടി അമ്മയുടെ അടുത്തേക്ക് ഓടി എത്തുന്ന ചോട്ടുവും ചാപ്ലിനും, വഴി നീളെ ചാപ്ലിനെ ചേർത്ത് പിടിച്ച ചോട്ടുവിന്റെ സ്നേഹവും.
ചാപ്ലിൻ ഇംഗ്ലണ്ടിലേക്ക് പോകുമ്പോ ചോട്ടുവിന്റെ മനസ്സ് എന്തുമാത്രം ചിന്തകളിലൂടെ കടന്ന് പോയിക്കാണും. കുഞ്ഞ് മനസ്സല്ലേ. ഒടുവിലായി ആ കത്ത് അവനെ എന്തുമാത്രം സന്തോഷിപ്പിച്ചുക്കാണും അല്ലെ? കത്തിന് ഒടുവിലും ജീവിതത്തിലും ജൂനിയർ ചാപ്ലിന് ചോട്ടുവിനോടും നമ്മളോടും പറയാനുള്ളത് ചാപ്ലിെൻറ വാക്കുകൾ തന്നെ ആയിരുന്നു.
"ഒരേ തമാശ കേട്ട് നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് പഴയ സങ്കടമോർത്ത് വീണ്ടും വീണ്ടും കരയുന്നത്. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കു. ജീവിതം അത് മനോഹരമാണ്". ഇനി കാത്തിരിപ്പ്.... ജൂനിയർ ചാപ്ലിൻ വീണ്ടും ചോട്ടുവിനെ കാണാൻ വരുന്നത് വരെയുള്ള മനോഹരമായ കാത്തിരിപ്പ്....
പുസ്തകം : ജൂനിയർ ചാപ്ലിൻ
രചന : അനു ചന്ദ്ര
പ്രസാധകർ : ചിത്രരശ്മി ബുക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.