കോഴിക്കോട്: ഗാന്ധിവധത്തിൽ ഹിന്ദുത്വ സ്ഥാപകൻ വി.ഡി. സവർക്കറുടെ പങ്ക് തെളിയിക്കുന്ന നാൾവഴികളും രേഖകളുമായി ഇറങ്ങിയ ഗ്രന്ഥം ശ്രദ്ധേയമാവുന്നു. തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ച സവർക്കർക്ക് ഗാന്ധിവധത്തിലെ പ്രതികളുമായുള്ള സജീവബന്ധവും രണ്ടുതവണ ഗാന്ധിക്കുനേരെ നടന്ന കൊലപാതകശ്രമത്തിൽ പങ്കാളികളായവർ സവർക്കറുമായി കൂടിക്കണ്ടതും 'ദ മർഡറർ, ദ മൊണാർക് ആൻഡ് ദ ഫകീർ' എന്ന കൃതിയിൽ വെളിപ്പെടുത്തുന്നു. ഗാന്ധി വധത്തെക്കുറിച്ച പുതിയ അന്വേഷണം എന്ന പേരിൽ പ്രസിദ്ധീകരിച്ച കൃതി രചിച്ചത് മലയാളി മാധ്യമപ്രവർത്തകൻ അപ്പു എസ്തോസ് സുരേഷും പ്രിയങ്ക കോടംരാജുവും ചേർന്നാണ്.
വിഭജനത്തെത്തുടർന്ന് പാകിസ്താനു നൽകാനുണ്ടായിരുന്ന 55 കോടിയുടെ കുടിശ്ശിക അനുവദിക്കാൻ ഗാന്ധി ആവശ്യപ്പെട്ടതും മുസ്ലിം അഭയാർഥിപ്രശ്നത്തിൽ അനുഭാവം പുലർത്തിയതുമാണ് ഗാന്ധിയെ ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്താൻ കാരണമെന്ന പൊതുധാരണയെ ഗ്രന്ഥം പൊളിച്ചെഴുതുന്നു. ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചന നേരത്തേ തുടങ്ങിയെന്നും അതിൽ ഹിന്ദു മഹാസഭ സ്ഥാപകൻ വി.ഡി. സവർക്കർ സജീവ പങ്കു വഹിച്ചുവെന്നും ഗ്രന്ഥത്തിലുണ്ട്.
1947 ആഗസ്റ്റ് എട്ടിന് ഓൾ ഇന്ത്യ ഹിന്ദു മഹാസഭ പ്രവർത്തകസമിതി യോഗത്തിൽ സംബന്ധിക്കാൻ നാഥുറാം ഗോദ്സെയും നാരായൺ ആപ്തെയുമൊന്നിച്ച് സവർക്കർ മുംബൈയിൽനിന്ന് ഡൽഹിയിലെത്തി. ഹിന്ദു മഹാസഭ യോഗം ഗാന്ധിവധത്തിൽ പങ്കാളികളായവരുടെ സംഗമമായിരുന്നു. സവർക്കറും ഗോദ്സെയും സഭ നേതാക്കളായിരുന്നുവെങ്കിൽ പാർട്ടി ഔദ്യോഗിക പദവികളൊന്നും വഹിക്കാത്ത ആപ്തെ എന്തിന് സഭ പ്രവർത്തകസമിതി യോഗത്തിനെത്തി? കൃതിയിൽ ചോദിക്കുന്നു. 1944 ജൂലൈയിൽ പുണെക്കു സമീപം പഞ്ച്ഗനിയിൽ എത്തിയ ഗാന്ധിയെ പ്രതിഷേധവുമായി തടയാൻ നേതൃത്വം കൊടുത്തത് ആപ്തെയായിരുന്നു.
ആഗസ്റ്റിൽ യാത്ര പുറപ്പെടും മുമ്പ് ഗാന്ധിവധ ഗൂഢാലോചനയിലെ മറ്റൊരു പങ്കാളി ആയുധക്കച്ചവടക്കാരനായ അഹ്മദ് നഗറിലെ ദിഗംബർ ബഡ്ഗെയെ കണ്ട് ആപ്തെ 1200 രൂപക്ക് ഒരു തോക്ക് സ്വന്തമാക്കിയത് വിചാരണയിൽ വെളിപ്പെട്ടിരുന്നു. ഡൽഹിയിലെത്തിയ മൂവരും ഗ്വാളിയറിലെ ഹിന്ദു രാഷ്ട്രസേന നേതാവ് ദത്താത്രേയ പർചുരെയെ കണ്ടു. ഗോദ്സെ ഗാന്ധിയെ കൊല്ലാനുപയോഗിച്ച ബരേറ്റ തോക്ക് ഗ്വാളിയറിൽനിന്ന് പർചുരെയാണ് സംഘടിപ്പിച്ചത്. 1948 ജനുവരി 20ന് ബിർള ഹൗസിൽ ഗാന്ധിയെ ബോംബെറിഞ്ഞു കൊല്ലാൻ മദൻലാൽ പഹ്വ നടത്തിയ ശ്രമം വിഫലമായി. തുടർന്ന് ഏതു വിധേനയും ഗാന്ധിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിന് വേഗം കൂടി. ഫെബ്രുവരി രണ്ടിന് ഗാന്ധി ഡൽഹി വിടുന്നു എന്നൊരു വിവരം കിട്ടിയതിനാൽ അതിനുമുമ്പ് കൃത്യം നടത്തുകയായിരുന്നു ലക്ഷ്യം. കൈയിലുള്ള നാടൻ തോക്ക് മതിയാവാത്തതിനാൽ ഗോദ്സെയും ആപ്തെയും 1948 ജനുവരി 27ന് ഗ്വാളിയറിലെത്തി പർചുരെയെ കണ്ടു. അദ്ദേഹത്തിന്റെ ഹിന്ദുരാഷ്ട്രസേനക്ക് ആയുധം സംഘടിപ്പിച്ചിരുന്ന ഗംഗാധർ ദണ്ഡവതെ വഴി ഹിന്ദുരാഷ്ട്രസേനയുടെ പ്രമുഖ് ആയിരുന്ന 24 കാരൻ ജഗദീശ് പ്രസാദ് ഗോയലിൽനിന്ന് 500 രൂപക്ക് ഇറ്റാലിയൻ നിർമിത ബരേറ്റ സി.എ.എൽ-9 ഓട്ടോമാറ്റിക് പിസ്റ്റൾ വാങ്ങി. രണ്ടുനാൾ കഴിഞ്ഞ് ഈ തോക്കിൽ നിന്നാണ് ഗാന്ധിയുടെ നെഞ്ചിലേക്ക് ഗോദ്സെ വെടിയുതിർത്തത്. 1948 ജനുവരി 29ന് ഗോദ്സെയും ആപ്തെയും പർചുരെയെ കാണാനെത്തിയിരുന്നുവെന്നും ഗോദ്സെയെ ബോംബെയിലെ വീര സവർക്കർ അയച്ചതായിരുന്നുവെന്നും 1948 ഫെബ്രുവരി 16ന് പൊലീസ് സമർപ്പിച്ച കേസ് ഡയറിയിൽ പറയുന്നു. സവർക്കർക്ക് ഗാന്ധിവധ ഗൂഢാലോചനക്കാരുമായി ബന്ധമുണ്ടെന്ന് ഗാന്ധിവധം അന്വേഷിച്ച കപൂർ കമീഷൻ കണ്ടെത്തിയതാണ്. സവർക്കറുടെ അംഗരക്ഷകൻ അപ്പാ രാമചന്ദ്ര കസർ, സെക്രട്ടറി ഗജാനൻ വിഷ്ണു ദാംലെ എന്നിവർ ബോംബെ പൊലീസിനോട് ഇതു വെളിപ്പെടുത്തിയെങ്കിലും വിചാരണക്കെടുത്തില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് ഗ്രന്ഥകർത്താക്കൾ പറയുന്നു.
രാജ്യം വിഭജനത്തിലൂടെ സ്വതന്ത്രമാകുമ്പോൾ ഹിന്ദുഭൂരിപക്ഷ ഇന്ത്യയിൽ തങ്ങൾക്കായിരിക്കും അധികാരം എന്നു ധരിച്ച ഹിന്ദു മഹാസഭയും ഹിന്ദു നാട്ടുരാജാക്കന്മാരും നിരാശരായി. ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്ന നാട്ടുരാജാക്കന്മാരുടെ കുതന്ത്രത്തിനെതിരെ ഗാന്ധിജി ശക്തമായ നിലപാടെടുത്തു. ഈ നിരാശയിൽ നിന്നുടലെടുത്ത ഗാന്ധിവിദ്വേഷവും വംശവെറിയുമാണ് ഗൂഢാലോചനയിലേക്ക് നയിച്ചത്. 1922ൽ സവർക്കർ എഴുതിയ 'എസൻഷ്യൽ ഓഫ് ഹിന്ദുത്വ' എന്ന കൃതിയിൽ ഹിന്ദുവിനു നൽകിയ നിർവചനം തന്നെയാണ് 1946ൽ ഹിന്ദു മഹാസഭയും പാർട്ടിരേഖയിൽ ആവർത്തിച്ചത്. 2019ലെ ബി.ജെ.പി സർക്കാറിന്റെ പൗരത്വ ഭേദഗതി നിയമവും ഇതിനോട് ഏറെ സാധർമ്യം പുലർത്തുന്നതായി ഗ്രന്ഥകർത്താക്കൾ നിരീക്ഷിക്കുന്നു. എട്ടു വർഷമെടുത്ത് പതിനായിരത്തിലേറെ ഫയലുകൾ പരിശോധിച്ചാണ് കൃതി തയാറാക്കിയതെന്ന് അപ്പു സുരേഷ് 'മാധ്യമ'ത്തോടു പറഞ്ഞു.
ചരിത്രമെന്നാൽ വർത്തമാനത്തിലേക്കുള്ള രഹസ്യതാക്കോലാണ്. സ്വാതന്ത്ര്യശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സംഭവമാണ് ഗാന്ധിവധം. ഗാന്ധിയെ ആര്, എന്തിനു കൊന്നു എന്നത് ഇന്നും അവസാനിക്കാത്ത സംവാദമായി തുടരുകയാണ്. ഈ വിഷയത്തിലെ ചർച്ചകൾ പലപ്പോഴും ആർ.എസ്.എസിന്റെ പങ്കുമായി ബന്ധപ്പെട്ട വാദവിവാദങ്ങളിൽ ചുരുങ്ങുന്നു. യഥാർഥ പ്രതികളും ഹിന്ദു മഹാസഭയും മറയ്ക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു വിരോധാഭാസത്തിനെതിരായി ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കുകയാണ് ഞങ്ങൾ ചെയ്തിരിക്കുന്നത്- അദ്ദേഹം പറഞ്ഞു. സി.പി.എം നേതാവും പാർലമെന്റേറിയനുമായിരുന്ന പി.പി. എസ്തോസിന്റെ പൗത്രനാണ് അപ്പു. സാമൂഹികമാധ്യമ വേദിയായ പിക്സ്റ്റോറിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.