സോളാര്‍ കേസ്: കമ്മീഷൻ അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകളാണെന്ന് മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സര്‍ക്കാറിനെ ഉലച്ച സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമീഷനെതിരെ പരാമര്‍ശങ്ങളുമായി മുന്‍ ഡി.ജി.പി എ. ഹേമചന്ദ്രന്റെ ആത്മകഥ. സോളാർ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്രന്‍. സ്ത്രീപുരുഷ ബന്ധത്തിലെ മസാലക്കഥകൾ അന്വേഷിച്ച കമീഷൻ സദാചാര പൊലീസിന്‍റെ മാനസികാവസ്ഥയിലായിരുന്നെന്നും ‘നീതി എവിടെ’ എന്ന പേരിലെ ആത്മകഥയിൽ തുറന്നുപറയുന്നു.

സോളാര്‍ വിവാദത്തിൽ ആദ്യന്തം അന്വേഷണ സംഘത്തെ നയിച്ചത് എ. ഹേമചന്ദ്രനാണ്. കമീഷന്റെ ഭാഗത്തുനിന്നുള്ള തമാശകൾ പോലും അരോചകമായിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനായിരുന്നു ശ്രമം. തട്ടിപ്പുകേസിലെ പ്രതികളെയായിരുന്നു കമീഷൻ തെളിവിനായി ആശ്രയിച്ചത്. കമീഷന്റെ മാനസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തു.

അന്വേഷണ ഉദ്യോഗസ്ഥരുടേതടക്കം അന്തസ്സും മൗലികാവകാശവും ഹനിക്കുന്ന പെരുമാറ്റം കമീഷനിൽ നിന്നുണ്ടായി. തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതം, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങൾ. ടെനി ജോപ്പന്റെ അറസ്റ്റ് വിവരം ഉമ്മൻ ചാണ്ടിയോ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ അറിഞ്ഞിരുന്നില്ല.

അറസ്റ്റിന്റെ പേരിൽ തിരുവഞ്ചൂരിന് നീരസമുണ്ടായിരുന്നു. അന്വേഷണ സംഘത്തിൽനിന്ന് പിന്മാറാമെന്നറിയിച്ചപ്പോൾ വിലക്കിയത് തിരുവഞ്ചൂരായിരുന്നു. എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയിൽ പൊലീസിന് അടിതെറ്റി. നിരീക്ഷക സമിതി അംഗമെന്ന നിലയിൽ ശബരിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അറിയിച്ചിരുന്നെന്നും ആത്മകഥയിലുണ്ട്.

അതേസമയം, മുൻമന്ത്രി സി. ദിവാകരന്‍റെ ‘കനൽവഴികളിലൂടെ’ ആത്മകഥയിലും വിവാദമായത് സോളാർ കേസായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിലെ പരാമർശത്തിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെയും ഇഷ്ട ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തൽ എന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - Autobiography of Former DGP A. Hemachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT