മനാമ: ഏറെക്കാലത്തിനുശേഷം സ്വന്തം ഗ്രാമത്തിലേക്ക് ഗൃഹാതുര സ്മരണകളോടെ എത്തുമ്പോഴുണ്ടാകുന്ന വികാരം എന്തായിരിക്കും? അതുപോലൊരു അനുഭൂതിയാണ് ബഹ്റൈൻ കേരളീയ സമാജത്തിലെ പുസ്തകോത്സവ ഹാളിലേക്ക് പ്രവേശിക്കുമ്പോൾ അനുഭവിക്കാൻ കഴിയുക. പണ്ടെങ്ങോ വായിച്ച്, മനസ്സിന്റെ ആഴങ്ങളിൽ ഇടംനേടിയ പുസ്തകങ്ങൾ ഒരിക്കൽകൂടി കണ്ടുമുട്ടുമ്പോൾ പ്രിയപ്പെട്ട ആരെയോ വീണ്ടും കാണാൻ കഴിഞ്ഞ സന്തോഷമാണുണ്ടാവുക.
തുടിക്കുന്ന ഹൃദയത്തോടെ കൈയിലെടുക്കുന്ന പുസ്തകങ്ങളിൽനിന്ന് പൊട്ടിച്ചിരിച്ചും കണ്ണീരണിഞ്ഞും വേദനകൾ പങ്കുവെച്ചും കഥാപാത്രങ്ങൾ നമുക്ക് മുന്നിലേക്ക് ഇറങ്ങിവരും. ഒരിക്കൽ ഹൃദയത്തോട് ചേർത്തുപിടിച്ച മനുഷ്യർക്കൊപ്പം നിശ്ശബ്ദതയുടെ തണലിൽ ഏറെനേരമിരിക്കാൻ തോന്നും.
പ്രവാസി മലയാളികൾക്ക് വായനയുടെ പുതുവസന്തമൊരുക്കി കടന്നുവന്ന ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകോത്സവം ഇതിനകംതന്നെ ആയിരക്കണക്കിന് പുസ്തക പ്രേമികളുടെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. മലയാളത്തെ അതിയായി സ്നേഹിക്കുന്ന പ്രവാസികൾക്ക് മുന്നിലേക്ക് 5000 ടൈറ്റിലുകളിലായി ലക്ഷത്തിലധികം പുസ്തകങ്ങളാണ് സംഘാടകർ എത്തിച്ചിരിക്കുന്നത്. കഥയും നോവലും ചരിത്രവും സഞ്ചാരസാഹിത്യവുമെല്ലാം ഇവിടെ ലഭ്യമാണ്.
പെരുമ്പടവം ശ്രീധരൻ, ടി. പത്മനാഭൻ, മലയാറ്റൂർ, ചുള്ളിക്കാട്, എം.ടി, ബെന്യാമിൻ, എം. മുകുന്ദൻ തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. പൗലോ കൊയ് ലോ, ഷൂസെ സരമാഗു തുടങ്ങിയ ലോകപ്രശസ്ത എഴുത്തുകാരുടെ കൃതികളുടെ വിവർത്തനങ്ങളും വായനക്കാർക്ക് സ്വന്തമാക്കാം.
കുട്ടികൾക്കായുള്ള കൃതികൾ ലഭ്യമാക്കാനും സംഘാടകർ മറന്നിട്ടില്ല. ഈ മാസം 10ന് ആരംഭിച്ച പുസ്തകോത്സവം 20നാണ് സമാപിക്കുന്നത്. പുസ്തകോത്സവത്തിന്റെ ഭാഗമായി നിരവധി കലാസാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. വായനക്കാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് പുസ്തകമേളക്ക് ലഭിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
എഴുത്തിനെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുള്ളവരാണ് സന്ദർശകരിൽ ഏറെയും. തങ്ങൾക്കാവശ്യമുള്ള പുസ്തകങ്ങൾതേടി എത്തുന്ന ഈ വായനക്കാർ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.