ന്യൂഡൽഹി: ഡൽഹി കലാപത്തെ കുറിച്ച് ബ്ലൂംസ്ബെറി ഇന്ത്യ പ്രസിദ്ധീകരിക്കാനിരുന്ന പുസ്തകം പിന്‍വലിച്ചു. പുസ്തകത്തിന്റെ പ്രമോഷൻ ചടങ്ങിൽ കലാപത്തിന്റെ സൂത്രധാരകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി.ജെ.പി നേതാവ് കപിൽ മിശ്ര പങ്കെടുത്ത വിവാദമായതോടെയാണ് പുസ്തകം പിൻവലിച്ചത്.
മോണിക്ക അറോറ, സോണാലി ചിതല്‍കര്‍, പ്രേരണ മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്ന് എഴുതിയ 'ഡല്‍ഹി റയട്സ് 2020; ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന പുസ്തകമാണ് പ്രസാധകർ പിന്‍വലിച്ചത്. രചയിതാക്കളില്‍ ഒരാളായ മോണിക്കാ അറോറ സംഘടിപ്പിച്ച പുസ്തകത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് വിവാദ നേതാവ് കപിൽ മിശ്ര പങ്കെടുത്തത്. ഫെബ്രുവരി 2020ൽ ഡൽഹിയിൽ നടന്ന കലാപത്തിന്റെ യഥാർത വസ്തുതകൾ വളിച്ചത്തുകൊണ്ടുവരുന്നതാണ് പുസ്തകമെന്നായിരുന്നു അവകാശവാദം.
ഹാരി പോർട്ടർ തുടങ്ങിയ ലോകപ്രശസ്ത പുസ്തകങ്ങളുടെ പ്രസാധകരാണ് ബ്ലൂംസ്ബെറി. തങ്ങളുടെ അറിവില്ലാതെയാണ് എഴുത്തുകാരി ചടങ്ങ് സംഘടിപ്പിച്ചതെന്ന് ബ്ലൂംസ്ബെറി അറിയിച്ചു. കപിൽ മിശ്രക്ക് പുറമെ ബി.ജെ.പി എം.പി ഭൂപേന്ദ്ര യാദവ്, വലതുപക്ഷ സിനിമാസംവിധായകനായ വിവേക് അഗ്നിഹോത്രി എന്നിവരും ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.
അടുത്ത മാസം പ്രസിദ്ധീകരിക്കാനിരുന്ന പുസ്തകം പിൻവലിച്ചതായും പ്രസാധകർ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനു പിന്നാലെയാണ് വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് സംഘര്‍ഷം കലാപത്തിലേക്ക് മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.