കുവൈത്ത് സിറ്റി: മിശ്റഫ് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിൽ തുടക്കമായ 45ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് വൻ സ്വീകാര്യത. നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി മേള സന്ദർശിച്ചത്. പുസ്തകങ്ങൾ വാങ്ങുന്നതിനു പുറമെ സാഹിത്യ ചർച്ചകളിലും അനുബന്ധ പരിപാടികളിലും ജനപങ്കാളിത്തമുണ്ട്.
18 അറബ് രാഷ്ട്രങ്ങളും 11 വിദേശ രാജ്യങ്ങളും ഉൾപ്പെടെ 29 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രസാധകർ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. 404 പബ്ലിഷിങ് കമ്പനികളും 117 മറ്റു പങ്കാളികളും മേളയിൽ സജീവമാണ്.
പാനൽ ഡിസ്കഷൻ, വർക്ക്ഷോപ്പുകൾ, സ്റ്റോറി ടെല്ലിങ്, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയവ മേളയുടെ ഭാഗമായി നടന്നുവരുന്നു. കഴിഞ്ഞ ദിവസം ഇറ്റാലിയൻ സാഹിത്യം, സംസ്കാരം, കല എന്നിവയെക്കുറിച്ച് പ്രത്യേക സെമിനാർ നടന്നു. കുവൈത്തിലെ ഇറ്റാലിയൻ അംബാസഡർ അടക്കം നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.
പുസ്തകോത്സവ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. കുവൈത്തിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയാണ് പുസ്തകോത്സവം. യുവജനങ്ങൾക്ക് തങ്ങളുടെ രചനകളും കഴിവും പ്രകടിപ്പിക്കാനുള്ള മികച്ച അവസരം ഇത് തുറന്നുകൊടുക്കുന്നു. 1975 നവംബർ ഒന്നിനാണ് പ്രദർശനത്തിന്റെ ആദ്യ പതിപ്പ് ആരംഭിച്ചത്. തുടർന്ന് എല്ലാ വർഷവും തുടർന്നു. കോവിഡ് കാരണം കഴിഞ്ഞ മൂന്നു വർഷം മേള നടന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.