സൂഫിസമെന്ന ഒഴുക്കിലൊരിക്കൽ കാൽ നനച്ചാൽ നിലക്കാത്ത ആ ഒഴുക്കിനൊപ്പമായിരിക്കും അനുവാചകർ. എന്നാൽ, നനയുന്നത് യഥാർഥ സൂഫിസത്തിലായിരിക്കണം എന്നുമാത്രം. സൂഫിസം പ്രണയസന്ദേശങ്ങളിൽ നിറയുന്ന റൂമിയല്ല, ചലച്ചിത്രഗാനങ്ങളിലും അടുത്തവീട്ടിലെ കല്യാണവേദിയിലും കാണുന്ന സമാ നൃത്തവുമല്ല. എന്നാൽ, പുരോഗമനം പുച്ഛത്തോടെ നോക്കുന്ന പലതും സൂഫിസമാണു താനും. സൂഫിസമെന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു ശരാശരി വായനക്കാരൻ ആദ്യമെത്തുന്നത് ശൈഖ് ജലാലുദ്ദീൻ റൂമിയുടെ കവിതകളിലേക്കായിരിക്കും. എന്നാൽ, റൂമിയുടെയോ ഹല്ലാജിന്റെയോ കവിതകളിൽ കാണുന്നത് സൂഫിസം എന്താണെന്നല്ല, പകരം സൂഫിസത്തിന്റെ പ്രതിഫലനം എന്താണെന്നാണ്.
പണ്ടൊരിക്കൽ റൂമിയുടെ ‘മസ്നവി’യും ഓഷോയുടെ ‘സൂഫിസ്’ എന്ന പുസ്തകവും വായിച്ച് ഇതിലേതാണ് സൂഫിസമെന്ന് അത്ഭുതപ്പെട്ടിരിക്കുമ്പോൾ ഒരാൾ പറഞ്ഞത്, സൂഫിസം ഓരോരുത്തർക്കും ഓരോന്നാണ് എന്നാണ്. എന്നാൽ, അങ്ങനെയല്ല. ഇസ്ലാമിന്റെ ആത്മീയ അന്തർധാരയായ സൂഫിസം അല്ലാഹുവിനോടുള്ള അതിരുകളില്ലാത്ത അനുരാഗമാണ്. ദൈവത്തോടുള്ള പ്രണയാധിഷ്ഠിതമായ ഭക്തിയുടെ അമൂർത്തതയാണത്. മൂർത്തത പ്രാപിക്കാൻ ശ്രമിക്കുന്തോറും അമൂർത്തമായി ശേഷിക്കുന്ന ആത്മീയാന്വേഷണമാണ് ദൈവത്തോടുള്ള അനുരാഗം. ഇത് എന്താണെന്നും എങ്ങനെയായിരിക്കണമെന്നതിലും വ്യക്തമായ സിദ്ധാന്തങ്ങളും മാനദണ്ഡങ്ങളുമുണ്ട്. അതേസമയം, സൂഫിസം ഓരോ വ്യക്തിയിലും ഓരോ വിധത്തിലായിരിക്കും പ്രതിഫലിക്കുക എന്നത് സത്യം.
ഇന്ന് സൂഫിസത്തെ കുറിച്ച് വായനയിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഏതൊരാളും എത്തിച്ചേരുന്നത് സൂഫി കവിതകളിലോ കഥകളിലോ ആയിരിക്കും. അതിലപ്പുറം സൂഫിസം എന്തെന്ന് വസ്തുനിഷ്ഠവും അക്കാദമികവുമായി വിവരിക്കുന്ന സൈദ്ധാന്തിക ഗ്രന്ഥങ്ങൾ ഇപ്പോഴും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടില്ല. അതേസമയം, സൂഫിസത്തെ വിമർശിക്കുന്ന, അല്ലെങ്കിൽ സൂഫിസം എന്താണെന്നും എന്തല്ലെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്ന ഏകപക്ഷീയമായ രചനകൾ ഒട്ടൊരുപാട് വന്നിട്ടുണ്ട് താനും. ഇത്തരം പുസ്തകങ്ങൾക്കിടയിലാണ് പുതു എഴുത്തുകാരനായ ഡോ. മുനവ്വർ ഹാനിഹിന്റെ ‘മലയാള സൂഫി കവിത’ എന്ന പുസ്തകത്തിന്റെ സ്ഥാനം. സൂഫിസം എന്തെന്ന് ചരിത്രപരമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ സൂഫിസത്തിന്റെ വ്യക്തിഗത പ്രതിഫലനങ്ങളായ സൂഫി കവിതകളും അവയുടെ ആശയവിശകലനവും ആഴത്തിൽ വിവരിക്കുന്ന ഗ്രന്ഥമാണ് മലയാള സൂഫി കവിത. എന്നാൽ, ഈ പുസ്തകത്തിന്റെ കാതലായ ആകർഷണം, ഈ കവിതകൾ മലയാളത്തിലുണ്ടായ സൂഫി കവിതകളാണ് എന്നുള്ളതാണ്.
മലയാളത്തിലെ സൂഫി കവിതകളെ അവയുടെ ശിൽപ-ആശയ സൗകുമാര്യത്തെ വെളിവാക്കും വിധം പരിചയപ്പെടുത്തുന്നതോടൊപ്പം സൂഫി സാഹിത്യത്തെ സംബന്ധിച്ച്, വളരെ നവീനമായൊരു കാഴ്ചപ്പാടും ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ മുന്നോട്ടു വെക്കുന്നു. ലോകത്ത് ഇസ്ലാം മതം പ്രചരിച്ചിടങ്ങളിലെല്ലാം സൂഫിസം എന്ന ഇസ്ലാമിന്റെ ആത്മീയലാവണ്യതലം പ്രചരിച്ചിട്ടുണ്ടെന്നും അവിടത്തെ പ്രാദേശികഭാഷകളിൽ ജലാലുദ്ദീൻ റൂമിയുടേതിനു സമാനമായ സൂഫി ദാർശനിക കവിതകളും ഉണ്ടായിട്ടുണ്ടെന്ന് സ്ഥാപിക്കുകയാണ് ഗ്രന്ഥകർത്താവ്. ഇതിന്റെ തെളിവുകളായി അദ്ദേഹം വായനക്കാർക്കു മുന്നിൽ സമർപ്പിക്കുന്നതാവട്ടെ, മലയാള മണ്ണിൽ കാലങ്ങളായി നിലനിന്നുപോരുന്ന എന്നാൽ മുഖ്യധാരാ സാഹിത്യഭൂമികയിലേക്ക് എത്തിപ്പെടാത്ത സൂഫി കവിതകളും.
ഇച്ച അബ്ദുൽ ഖാദർ മസ്താൻ, കടായിക്കൽ പുലവർ മൊയ്തീൻകുട്ടി ഹാജി, ഹാജി അബ്ദുറസാഖ് മസ്താൻ, കെ.വി. അബൂബക്കർ മാസ്റ്റർ തുടങ്ങിയ നാലു സൂഫി കവികളുടെ പന്ത്രണ്ടോളം കവിതകളെടുത്ത് വിശകലനം ചെയ്യുകയാണ് ഈ പുസ്തകത്തിൽ. ഭാഷ, ആശയം എന്നീ തലങ്ങളിൽ കേന്ദ്രീകരിച്ച് ഈ കവിതകളെ ഇഴകീറി പരിശോധിക്കുകയും അവയെ ആധുനിക വൈജ്ഞാനിക ശാസ്ത്രങ്ങളുമായി ബന്ധപ്പെടുത്തുന്നുമുണ്ട് എഴുത്തുകാരൻ. വിദേശ സർവകലാശാലകളിൽ ഡിവിനിറ്റി സ്കൂൾ, റിലീജ്യൻ ആൻഡ് കൾചർ ഡിപ്പാർട്മെന്റ് തുടങ്ങിയ പഠന-ഗവേഷണ വിഭാഗങ്ങൾക്കു കീഴിൽ സൂഫിസത്തെക്കുറിച്ചും അതിലെ വൈജ്ഞാനികതകളെ കുറിച്ചും ആഴത്തിൽ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അത്തരം ആഗോള പഠനങ്ങളിലേക്കു ചേർത്തുവെക്കാവുന്ന അക്കാദമിക നിലവാരം പുലർത്തുന്ന പഠനഗ്രന്ഥമാണ് ‘മലയാള സൂഫി കവിത’ എന്ന പുസ്തകം.
അലീഗഢ് മുസ്ലിം സർവകലാശാലയിലെ ഗവേഷണത്തിന്റെ ഭാഗമായി സ്വരൂപിച്ച വിവര വിശദാംശങ്ങളെയാണ് ഈ പുസ്തകത്തിൽ എഴുത്തുകാരൻ ക്രോഡീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ആത്മീയസ്ഥലികളിൽ പരന്നുകിടക്കുകയായിരുന്ന ഈ കവിതകളുടെ ശേഖരണത്തിലും വിശകലനത്തിലും ഗ്രന്ഥകാരനെ സഹായിച്ചത് തവക്കൽ മുസ്തഫ, സലാഹുദ്ദീൻ അയ്യൂബി എന്നീ സൂഫി അന്വേഷകരാണ്. മലയാള സൂഫി കവിതകളുടെ ആശയം, ഭാഷാ സവിശേഷതകൾ എന്നിവ വിശകലനം ചെയ്ത് ക്രോഡീകരിക്കുന്ന ഗ്രന്ഥകാരൻ ഈ കവിതകളെ മലയാള കവിതാശാഖയിലെ തന്നെ വ്യത്യസ്തമായ കവിതാശാഖയായി അടയാളപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കവിതകളുടെ മൗലികപ്രത്യേകതയായി ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ഈ കവിതകളുടെ ദാർശനിക സ്വഭാവമാണ്.
സൂഫിസം എന്ന ആത്മീയാനന്ദത്തിന്റെയും വിജ്ഞാനത്തിന്റെയും കേരളീയ അനുഭവത്തെ ഒരു കുമ്പിളിൽ സമർപ്പിക്കാനുള്ള ശ്രമമാണ് ഡോ. മുനവ്വർ ഹാനിഹിന്റെ ‘മലയാള സൂഫി കവിത’ എന്ന പുസ്തകം. ഇതിന്റെ വായന ഒരേസമയം, അറിവിന്റെയും ആനന്ദത്തിന്റെയും പുതിയ ഭൂമിക പരിചയപ്പെടുത്തുമെന്ന് തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.