തലകീഴായ് നിന്ന് പ്രപഞ്ച രഹസ്യങ്ങളിലേക്ക് ധ്യാനിച്ച് ഒരു സൂഫിയേ പോലെ പ്രണയവലയം നെയ്യുകയാണ് തന്റെ കവിതകളിലൂടെ കെ.ടി. സൂപ്പി. നൂറ്റൊന്ന് പ്രണയ കവിതകളുമായി ‘കടലായും മഴയായും’ സഹൃദയ മനസ്സുകളിലേക്ക് പാറിപ്പറന്നുകൊണ്ടിരിക്കുന്നു.
ആ പ്രണയ മഴ നനഞ്ഞും അലയൊലികളനുഭവിച്ചും ഹൃദയങ്ങൾ ആർദ്രമാവുന്നു. ലോകത്തുള്ള എല്ലാ സഹൃദയ മനസ്സിനും വേണ്ടിയാണ് ആരുടെയെങ്കിലും ഉള്ളിൽ കവിത അങ്കുരിക്കുന്നതെന്നും അത് വാസ്തവത്തിൽ അവതരിക്കുകയാണെന്നും എഴുത്തുകാരന്റെ ആദ്യ കവിതാ സമാഹാരമായ ‘നിനക്കി’ൽ ആമുഖമായി ഗുരു നിത്യ ചൈതന്യയതി എഴുതിയിട്ടുണ്ട്.
സൂപ്പിയുടെ കവിതകൾക്കെല്ലാം സൂഫികളുടെ കവിതാ ഗുണമാണുള്ളതെന്ന് അന്നേ യതി പറഞ്ഞുതന്നു. മഴയായ് ഊർന്നിറങ്ങിയ വരികൾ സഹൃദയ മനസ്സുകളെ സ്‍പർശിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്. ധ്യാനത്തിന്റെ ആഴങ്ങളിലേക്ക് അവ നമ്മെ ആഴ്ത്തിക്കൊണ്ടുപോകുന്നു.
ഖുസ്രുവിലൂടെയും ഗസാലിയിലൂടെയും റൂമിയിലൂടെയും ഖയ്യാമിലൂടെയും ജിബ്രാനിലൂടെയും നെരൂദയിലൂടെയുമെല്ലാം അനുഭവിച്ച ആത്മാവിന്റെ ഉൾപ്പിടച്ചിൽ കവിതകൾ പകർന്നുതരുന്നതായി പുതിയ പ്രണയ കവിതകളുടെ ആമുഖക്കുറിപ്പിൽ കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദും എഴുതിയിരിക്കുന്നു.
ഏതു താൾ എവിടെനിന്നും വായിക്കാവുന്ന പ്രണയത്തിന്റെ പ്രാർഥനാ പുസ്തകമാണെന്നാണ് പ്രണയകവിതകളുടെ സമാഹാരത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. പ്രണയമുണ്ടാകുമ്പോഴാണ് കണ്ണും കാതും സൗന്ദര്യങ്ങൾ തിരിച്ചറിയുന്നത്. പ്രണയത്തിലൂടെ വരികൾ നിത്യ സൗന്ദര്യത്തെ തേടുകയാണ്, പ്രാർഥന പോലെ. കുഞ്ഞു വരികളിലൂടെ വലിയ പ്രപഞ്ചവും തീർക്കുന്നു.
‘മഴമേഘങ്ങളെ മാടിവിളിക്കുന്നവൾ, എന്റെ താഴ്വാരങ്ങളിൽ പൂത്തുനിൽക്കുന്നു’ (കാഴ്ച ). ‘നീ വരുന്നേരം ഏതുവേനലിലും വസന്തത്തിന്റെ ചിറകുകളിലാണ് ഞാൻ’ (മിന്നൽ ). ‘കടൽ കേഴുന്നുണ്ടിപ്പോഴും പുഴയുടെ കവിതപൂക്കുന്ന കവിളിൽ മുത്തുവാൻ (തേട്ടം)’, അവയിൽ ചിലത്.
കോഴിക്കോട്ടെ ആദ്യ പ്രകാശന ചടങ്ങിനും ഷാർജ ബുക്ക്ഫെസ്റ്റിലെ പ്രകാശന ചടങ്ങിനും മുന്നേ അടുത്ത പതിപ്പിന് വഴിയൊരുക്കി പുസ്തകങ്ങൾ വായനക്കാർ കൊണ്ടുപോയിരുന്നു. ഈ കുഞ്ഞു കവിതകൾ സഹൃദയർ ഏറ്റുവാങ്ങിയതിന്റെ ശുഭലക്ഷണങ്ങളാണ് ഇതൊക്കെ. കവിതകൾ ഓരോന്നും വായിച്ചു തീരുമ്പോഴും ഉള്ളിലെവിടെയോ ഒരു നോവ് കനക്കുന്നുണ്ട്; ഉദിക്കാനായി പ്രതീക്ഷയുടെ കിരണങ്ങളെ പാത്തുവെച്ചിട്ടുമുണ്ട്.
കടലായും മഴയായും-കവിതകൾ
കെ.ടി. സൂപ്പി, മാതൃഭൂമി ബുക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.