കല്യാണീടേം ദാക്ഷായണീടേം അനന്തരവത്തിക്ക്... ങ്ങടെ ഭാഷയെനിക്ക് വശമില്ലേയ്. ന്നിട്ടും കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത ബായിച്ച്... ഒരു ഒന്നൊന്നര കതയായ് പോയ് ട്ടാ... ബിത്തും ബേരും ഞാനും തെരഞ്ഞ്... പക്ഷേങ്കില് ങ്ങള് പെറുക്കി പാറ്റി ബച്ചിരിക്കണതൊക്കെ ചികഞ്ഞെടുക്കാൻ എനിക്കാവൂലപ്പാ...

അടക്കിപ്പിടിച്ചതൊക്കെ ന്നെ ക്കൊണ്ട് കൊടഞ്ഞിടീക്കരുത്‌. ബിടപ്പാ, എന്ത് ന്നാന്ന്... ങ്ങള് തെക്കോട്ട് നോക്കി കലിച്ച കലിയുണ്ടല്ലോ, തെക്കിര്ന്ന് ബല്ലാണ്ട് കൊണ്ട് കേട്ടോ... ഇത് മ്മക്ക് പറ്റൂല്ലാന്ന്... ങ്ങടെ ഭാഷേയ്, ഉയ്യെന്‍റപ്പാ... തെക്കത്തെ ഭാഷ വേണേല് ങ്ങള് കേൾക്ക്...

എന്‍റെ ടീച്ചറേ,

ഒരു പുസ്തകം വായിക്കാനെടുത്താല് വായിച്ചിട്ട് എണീക്കുകയാ എന്‍റെ ഒരു പതിവ്. പക്ഷേ കല്യാണിയുടേയും ദാക്ഷായണിയുടേയും കൂടെ നടക്കാൻ തുടങ്ങിയപ്പോൾ ഈ യാത്ര തീരരുതേ എന്ന് പ്രാർഥിച്ചു പോയി.

ഇത്തിരി ഇത്തിരി നുണഞ്ഞ് കഴിക്കാൻ പോന്ന മധുരം. കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടേയും ദാക്ഷായണിയുടേയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടേയും പുരുഷന്മാരുടേയും സങ്കീർണമായ ജീവിത സന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായിക എന്ന് പറയുന്ന ഈ കഥയില് ഇവരുമായൊന്നും ഒരു ബന്ധവുമില്ലാത്ത എന്നെ പലപ്പോഴും കണ്ടതു കൊണ്ടാണീ എഴുത്ത്.

പ്രത്യേകിച്ച് ദേശം മുറിഞ്ഞോടേണ്ടി വന്ന എന്‍റെ ചില അനുഭവങ്ങളെ കല്യാണിയുടേയും ദാക്ഷായണിയുടേയും പരദേശ പ്രവേശനത്തിലൂടെ അവതരിപ്പിക്കുമ്പോൾ ഞാനൊന്ന് അമ്പരന്നു കേട്ടാ.

"ഓരോ മനുഷ്യനും ഓരോ ദേശമാണ്. തരം പോലെ സ്വതന്ത്രദേശങ്ങളും സാമന്ത ദേശങ്ങളും ഉണ്ടാകും. ശത്രുക്കളും മിത്രങ്ങളുമാകും. മുൻഗണനകൾ മാറുന്നതിനനുസരിച്ച് അഴിയുകയും അടുക്കുകയും ചെയ്യും. വീട് ചുമക്കുന്ന ഒച്ചിനെപ്പോലെയാണ് ഓരോ മനുഷ്യനും. ചെന്നു പറ്റുന്നിടത്തെല്ലാം ദേശത്തെയും ചുമന്നു കൊണ്ടു പോകുന്നുവെന്ന് വേണമെങ്കിൽ പറയാം. രുചികൾ, അരുചികൾ, കാഴ്ചകൾ, തോന്നലുകൾ എല്ലാം ആ അതിർവരമ്പുകൾക്കകത്താണ് "

പറയൂ ടീച്ചർ നിങ്ങൾക്കെന്നെ മുന്നേ അറിയാതെ എങ്ങനെ ഇതെഴുതി?



ദേശത്തിൽ നിന്ന് മനസിൽ കടന്നാലോ, ഇഷ്ടങ്ങളെ പറ്റി ഞാനെന്നേ മനസിൽ കുറിച്ച വരികളാണ്,

"ചില ഇഷ്ടങ്ങളും സങ്കടങ്ങൾ പോലെത്തന്നെയാണ്. പൂരത്തിരക്കിൽ നിനച്ചിരിക്കാതെ ചിലപ്പോൾ തേടി വന്നു കളയും. അവയെ സ്വീകരിക്കാൻ നാം തയാറെടുത്തിട്ടുണ്ടാവില്ല. ഒരു മുന്നറിയിപ്പ് കിട്ടിയിരുന്നെങ്കിൽ ഒന്ന് തയാറെടുക്കാമായിരുന്നു എന്ന് തോന്നും, സന്തോഷിക്കാനായാലും സങ്കടപ്പെടാനായാലും."

നിനച്ചിരിക്കാതെ കൈയിൽ കിട്ടുന്ന ഇഷ്ടങ്ങളോട് എത്ര വട്ടം ഞാനിങ്ങനെ മുഖം വീർപ്പിച്ചിട്ടുണ്ടെന്നോ.

"അവനവന്‍റെ പരാജയങ്ങളുടെ മുഖത്തേക്കായാലും വലിച്ചിടാൻ പറ്റിയ ഏറ്റവും നല്ല പുതപ്പാണ് ചിരി" എന്ന് വിചാരിച്ച് അത്തരമൊരു ചിരിയുമായി തല താഴ്ത്തി ഞാനെത്രയോ വട്ടം നടന്നിട്ടുണ്ട്. ആരൊക്കെ എത്രയോ വട്ടം അങ്ങനെ മുന്നിലൂടെ കടന്നു പോയിട്ടുണ്ടെന്നോ.

"ഇല്ലായ്മകളാണ് മനുഷ്യനെ പൂരിപ്പിക്കുന്നതെന്ന്" എത്രയോ നിമിഷങ്ങളിൽ എനിക്കും തോന്നിയിട്ടുണ്ട്. "കുഞ്ഞുങ്ങളോളം വലിയ സത്യ യുദ്ധങ്ങളില്ല, തണുപ്പിക്കാൻ പോന്ന നീർച്ചാലുകളുമില്ല" എന്ന് കൈശുമ്മ നബീസുവിനെ ഓർക്കുമ്പോൾ ഞാനെന്‍റെ തപ്പുവിനേയും അച്ചുവിനേയും ചേർത്ത് പിടിക്കുകയായിരുന്നു.

ജീവിതത്തെ കുറിച്ച് അങ്ങനാണ് ഇങ്ങനാണ് എന്നൊക്കെ പറയാനെളുപ്പമാണ്. തിരിഞ്ഞു നോക്കിയാൽ ഞാൻ കാണുന്ന എന്‍റെ അതിജീവനത്തിന്‍റെ കഥയ്ക്ക് ചേരുക ഈ വരികളാണ്.

"ചില നേരങ്ങളിൽ ജീവിതം തട്ടി മറിഞ്ഞാലും പരന്നൊഴുകാതെ നിന്നു കളയും. വീണാലും പൊട്ടാതെ ബാക്കിയായേക്കും. ചിലപ്പോൾ പൊട്ടിയില്ലല്ലോ എന്ന ആശ്വാസത്തോടെ കൈയിലെടുക്കുമ്പോഴാവും നൂറു നൂറായി ചില്ലു നുറുങ്ങി തടയാനാവാത്ത വിധം അത് ഇല്ലാതായി പോവുക. അതു കൊണ്ട് ജീവിതത്തെ കുറിച്ച് യാതൊരു വിധ പ്രവചനവും സാധ്യമല്ല. നാവിൻ തുമ്പിൽ തൊടുന്നതു വരെ രുചിയെ കുറിച്ച് ഒരു മുന്നറിവും ഉണ്ടായിരിക്കില്ല".

"നമുക്ക് എല്ലായ്പ്പോഴും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ തുടങ്ങി വയ്ക്കരുത്. ഭാവിയിൽ നമ്മെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി അതായിരിക്കും"

"എന്ന് എന്നെ നോക്കി പറയുന്നതെന്തിന്?"

"ഓർമകൾ എല്ലാ സന്ദർഭങ്ങളിലും നൊസ്റ്റാൾജിയ പൊലിപ്പിക്കാനായി എടുത്തു വീശനുള്ളതല്ല. ചില ചരിത്ര മുഹൂർത്തങ്ങളെ രേഖപ്പെടുത്തി വയ്ക്കാനുള്ള ചുവരാണത്"

എന്ന് എനിക്കും അറിയാം.

നാലു വർഷം ദിവസവും എഴുതീട്ടും തീരാത്ത ഓർമ്മകളിൽ ഇനിയും തൊടാത്ത ഏരിയ എത്രയാണെന്ന് എനിക്കല്ലേ അറിയൂ. അതൊക്കെ ചില ചരിത്ര മുഹൂർത്തങ്ങൾ തന്നെയാണ്. പറയപ്പെടാതെയും എഴുതപ്പെടാതെയും കാത്തു സൂക്ഷിക്കുന്ന ചരിത്ര മുഹൂർത്തങ്ങൾ.

"എല്ലാ ഒഴിവുകളും അറിഞ്ഞോ അറിയാതെയോ നികത്തപ്പെടും. ഭൂമിക്കു പണ്ടേ കിട്ടിയ വരമാണത്, കുഴിഞ്ഞിടം നികരുമെന്ന്.

ചിലർ കടന്നു പോകുമ്പോഴുണ്ടാകുന്ന കുഴികളെക്കുറിച്ച് ആശങ്കപ്പെടാനൊന്നുമില്ല. അവയൊക്കെ ജീവിതം നിരന്തരം വീണു നികന്നു കൊണ്ടേയിരിക്കും."

ശരിയാണത്.

കുഴികൾ നമ്മുടെ അസ്വസ്ഥതകളാണ്, നിവരുവോളം. നിവർന്നാലോ, ആ കുഴിയേ നമ്മളങ്ങ് ബോധപൂർവം മറക്കും.



രാജശ്രീ ടീച്ചറേ, സമ്മതിച്ചു

ഈ ഭാഷക്ക് - സംഭാഷണഭാഷയിലും ആഖ്യാന ഭാഷയിലും എഴുത്തിൽ കാണിച്ച ആ വൈവിധ്യം ഉണ്ടല്ലോ അഭിനന്ദനാർഹം, പൊളിച്ചെഴുതി ചില പഴഞ്ചൻ ഭാഷാ സങ്കല്പങ്ങൾ.

ഈ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കതയ്ക്ക് -ഇതെങ്ങാനും കോപ്പുകാരന്‍റെയും ആണിക്കാരന്‍റെയും കതയായിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി. നമ്മള് പെണ്ണുങ്ങളുടെ കത വല്ലതും അവർക്കുണ്ടോ എന്ന അടിക്കുറിപ്പ് ചേർത്തേനേ കല്യാണിയും ദാക്ഷായണിയും -

ഈ നട്ടെല്ലുള്ള എഴുത്തിന് -

പെണ്ണെഴുത്തുകാരും ആണെഴുത്തുകാരും കൂടി തലകുത്തി നിന്നിട്ട് നടക്കാത്ത ചിലത് ഞാനീ കതയ്ക്കകത്ത് കണ്ടു.

മനുഷ്യ എഴുത്ത്, എന്തൊരു ഭംഗിയാ ഈ മനുഷ്യ എഴുത്തിന്.

വായിക്കട്ടെ എല്ലാരും.

നന്ദി ടീച്ചറേ,

കല്യാണിയേച്ചിയേയും ദാക്ഷായണിയേച്ചിയേയും അന്വേഷണം അറിയിക്കൂ...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT