ചുറ്റുപാടിന്‍റെ മാനിഫെസ്റ്റോ

ഒറ്റമരപ്പെയ്ത്ത്
ദീപാനിശാന്ത്
ഡി സി ബുക്സ്
പേജ്: 135. വില: 150

നുഭവങ്ങളുടെ വന്യതയിൽ അപൂർവമായി മാത്രം ശേഷിക്കുന്നതാണ് ഓർമകൾ. കാലത്തിന്റെ കുസൃതികൾക്കപ്പുറം ഓരോ ഓർമയിലും വൈവിധ്യമായ വായനകളുണ്ട്. ഭൂതകാലത്തിൽ നിന്ന് വർത്തമാനത്തിലേക്കുള്ള വെളിച്ചമുണ്ട്. നടപ്പാതയിൽ പിന്നിലായിപ്പോയ സാധാരണ ജീവിതത്തിലെ ഒരുപിടി നനഞ്ഞ ഓർമകളാണ് ദീപാ നിശാന്തിന്റെ 'ഒറ്റമരപ്പെയ്ത്ത്'. കൊഴിഞ്ഞുവീണ ഭൂതകാലക്കുളിരിൽ ചിലത് കൊതിയോടെ വീണ്ടുമോർക്കുമ്പോൾ മറ്റുചിലത് ചവർപ്പോടെ മറവിയിലേക്കാഴ്ത്തുന്നു. പൊതുവെ ഈ രണ്ട് തലങ്ങളിലേക്ക് ഓർമകളെ ഒതുക്കിവെക്കാറാണ് നമ്മുടെ പതിവ്. അതിനപ്പുറം പെയ്തൊഴിഞ്ഞ മഴയിൽ തളിർത്തതൊന്നും നമ്മൾ ഗൗനിക്കാറില്ല. എന്നാൽ, ഓർമകളിൽ ഓരം ചേർന്നിരിക്കുന്ന പഴമകളിലേക്കുള്ള എത്തിനോട്ടമാണ് ഒറ്റമരപ്പെയ്ത്ത്. അനുഭവങ്ങളിൽ ഉടഞ്ഞുനിൽക്കുന്ന ജീവിതങ്ങളോടൊപ്പം അവകളെ രൂപപ്പെടുത്തിയെടുത്ത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പരിസരത്തെയും കൃതി വിലയിരുത്തുന്നു.

മുഖ്യധാരാ സമൂഹത്തിൽനിന്ന് അടർത്തപ്പെട്ട അനേകായിരം ജീവിതങ്ങൾ നമുക്കുചുറ്റും ഇഴഞ്ഞുനീങ്ങുന്നുണ്ട്. ജനിതക വൈകല്യങ്ങളെ മുൻനിർത്തി മാറ്റിനിർത്തപ്പെടുന്നവർ നിരവധിയാണ്. അത്തരം മനുഷ്യരുടെ പച്ചയായ വൈകാരികതലങ്ങൾ വരച്ചിടുന്നതിലൂടെ വായനക്കാരന്റെ കാഴ്ചപ്പാടുകൾ നവീകരിക്കപ്പെടുന്നു. ഭിന്നശേഷി സമൂഹത്തെ സഹതാപത്തണലിൽ തളച്ചിടുന്ന പൊതുബോധത്തിന്റെ അതിവൈകാരിക വിവേചനത്തെയും കൃതി പൊളിച്ചെഴുതുന്നുണ്ട്. 'ദൈവത്തിന് വിശ്വാസമുള്ള ചിലർ' എന്ന അധ്യായത്തിലൂടെ വികലാംഗ സമൂഹത്തിന്റെ വ്യാകുലതകളും അവർ അർഹിക്കുന്ന മാനുഷിക പരിഗണനയുടെ അനിവാര്യതയും കൃത്യമായി നിരീക്ഷിക്കുന്നു. ലിംഗന്യൂനപക്ഷങ്ങളെ മൂന്നാംസ്ഥാനത്ത് നിർത്തുന്ന മലയാളികളുടെ ജെൻഡർ ജീർണതയെയും കൃതി വിചാരണ ചെയ്യുന്നുണ്ട്.

കേവലമായ അനുഭവമെഴുത്ത് എന്നതിനപ്പുറം ഓരോ അധ്യായവും സാമൂഹിക സാംസ്കാരിക പരിസരത്തെ ദീർഘവീക്ഷണത്തോടെ വിചാരണ ചെയ്യുന്നതാണ്. ഓർമകളിൽ തങ്ങിനിൽക്കുന്ന മനുഷ്യർ പലപ്പോഴും വായനക്കാരിൽ പരിഷ്കർത്താവായാണ് പരിണമിക്കുന്നത്. കഥാപാത്രങ്ങളിലൂടെ ചുറ്റുപാടിലേക്ക് സഞ്ചരിക്കാനും സ്വന്തം ബോധ്യങ്ങളെ പരിഷ്കരിക്കാനും വായനക്കാരന് സാധിക്കുന്നുവെന്നത് കൗതുകമുണർത്തുന്നതാണ്. തികഞ്ഞ പുരോഗമന മനോഭാവം വെച്ചുപുലർത്തുമ്പോഴും മലയാളിയിൽ തളംകെട്ടി നിൽക്കുന്ന സാദാചാര മുൻവിധികളെയും രചയിതാവ് തുറന്നുകാണിക്കുന്നുണ്ട്. പ്രണയത്തെപോലും ദുരഭിമാന വേട്ടയിൽ കൊണ്ടെത്തിക്കുന്ന നമ്മുടെ സാംസ്കാരിക തകർച്ചയെ 'പ്രണയപാപം' എന്ന അധ്യായത്തിലൂടെ അടിവരയിടുന്നു. സാമൂഹിക അതിർവരമ്പുകളെ കവച്ച് സ്നേഹിക്കുന്നവരെ കുരിശേറ്റുന്ന ഓർത്തഡോക്സ് നാട്ടുമൂല്യങ്ങൾ നമുക്കിടയിൽ ഇപ്പോഴുമുണ്ട്. ഇത്തരം സദാചാരവേട്ടയിൽ വീർപ്പുമുട്ടി മരിക്കുന്ന ഇരകളുടെ വിലാപവും ഓർമകളിലൂടെ വായനക്കാരനോട് സംവദിക്കുന്നു. അരക്ഷിത ജീവിതങ്ങളെ വാർത്തെടുക്കുന്നതിൽ വലിയ പങ്കും സ്റ്റീരിയോടൈപ് പൊതുബോധങ്ങൾക്കാണ്. തെരുവുജീവിതങ്ങൾ മുതൽ അഭിമാനം വിൽക്കുന്നവർവരെ ഈ ദുരഭിമാന വ്യവസായത്തിന്റെ ഉൽപന്നങ്ങളുമാണ്. ഇത്തരം വൈകൃത മനോഭാവങ്ങൾക്കെതിരെയുള്ള സാമൂഹിക വിമർശനംകൂടിയാണ് ഈ ഓർമപ്പെയ്ത്ത്.

ഒറ്റമരപ്പെയ്ത്തിൽ പൊഴിയുന്നത് ഓർമകളിൽ പൊതിഞ്ഞ ഒരുകൂട്ടം ആശയങ്ങളാണ്. കേവലം അനുഭവങ്ങളിലൂടെ കടന്നുപോയ അനുഭൂതിയല്ല ഇതിലൂടെ വായനക്കാരിലേക്ക് പകരുന്നത്. ചുറ്റുപാടിനെ തിരുത്താനും സ്വയം നവീകരിക്കാനുമുള്ള പുതിയ ആലോചനകളാണ്. ഓർമകളിലൂടെയുള്ള ഒഴുക്കിൽ വായനക്കാരനും പുതിയ മനുഷ്യനായി പെയ്തിറങ്ങുന്നു.

l

(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)

Tags:    
News Summary - book review Ottamarappeythu by Deepa Nishanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT